- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോക്കട്രി ട്രെയ്ലർ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ; സാക്ഷിയാവാൻ മാധവനൊപ്പം നമ്പി നാരായണനും എത്തി
ന്യൂയോർക്ക്: നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി : ദി നമ്പി ഇഫക്റ്റിന്റെ' ട്രെയ്ലർ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ നാസ്ഡാക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു. മാധവൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ടൈംസ് സ്‌ക്വയറിലെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് പ്രദർശനം കാണുന്ന വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
മാധവനൊപ്പം നമ്പി നാരായണനും വിഡിയോ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിക്കുന്നതു കാണാൻ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നാസ്ഡാക്. നിരവധി പേരാണ് മാധവന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. നമ്പി നാരായണന്റെ കഥാപാത്രമായാണ് ചിത്രത്തിൽ മാധവൻ എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും താരം തന്നെയാണ്.
റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നമ്പി നാരായണനും മാധവനും അമേരിക്കൻ പര്യടനത്തിലാണ്. അതിനിടെ ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് 'ജൂൺ 3' നമ്പി ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങളാണ് ലഭിക്കുന്നത്.
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ഏറെ കൈയടികൾ നേടിയിരുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27വേ ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.