കുട്ടികളുമൊത്തുള്ള അവധിയാഘോഷമെന്നാൽ ഇപ്പോൾ തീം പാർക്കുകളിലേക്കുള്ള യാത്രയായി മാറിക്കഴിഞ്ഞു. അവിടെയെത്തി റൈഡുകളിൽക്കയറി ഉല്ലസിക്കാൻ കുട്ടികൾക്കും ഇഷ്ടം തന്നെ. എന്നാൽ, വളരെ അപൂർവം പേർക്ക് റൈഡുകൾ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് തെളിയിക്കുകയാണ് ഈ വാർത്ത. കുട്ടികളിൽ, പ്രത്യേകിച്ച് പത്തുവയസ്സിൽത്താഴെ പ്രായമുള്ള കുട്ടികൾക്ക് റൈഡുകളുടെ അമിത വേഗവും തല വേഗത്തിൽ ഇളകുന്നതും ദോഷകരമായി ബാധിക്കും.

അമേരിക്കയിലെ തീം പാർക്കിൽ തുടർച്ചയായി രണ്ടുതവണ റോള്ൾ കോസ്റ്ററിൽ യാത്ര ചെയ്ത നാലുവയസ്സുകാരന്റെ തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പ്രായമുള്ളവർക്ക് ഇത്തരം അപകടങ്ങളുണ്ടാകുന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കുട്ടികളിൽ അപൂർവമായാണ് റൈഡുകൾ അപകടമുണ്ടാക്കുന്നത്.

റൈഡുകൾ അതിവേഗത്തിൽ മുകളിലേക്കുയരുമ്പോൾ രക്തസമ്മർദത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് അപകടത്തിന് കാരണമായതന്ന് കുട്ടിയെ ചികിത്സിക്കുന്ന ഷിക്കാഗോയിലെ ലയോള മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജോസ് ബില്ലർ പറയുന്നു. തീം പാർക്കിലെ രണ്ട് റൈഡുകളിലും കയറി ഉല്ലസിച്ച കുട്ടിക്ക് അന്ന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പിറ്റേന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് വിമാനത്തിൽ ഇരിക്കവെയാണ് ഛർദ്ദിച്ചതും മുഖം ഒരുവശത്തേയ്ക്ക് കോടിയതും.

വിമാനത്താവളത്തിലിറങ്ങുമ്പോഴേക്കും കുട്ടിക്ക് നടക്കാൻ പോലുമാകാത്ത വിധം ശരീരം തളർന്നുപോയിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിയ കുട്ടിയെ സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് സ്‌ട്രോക്ക് വന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായത്. ആറുമാസം മുമ്പാണ് ഈ സംഭവം നടന്നത്. ഇപ്പോഴും കുട്ടിക്ക് ശരിയായ വിധത്തിൽ നടക്കാനായിട്ടില്ല. പീഡിയാട്രിക് ന്യൂറോളജി ജേണലിലെ ലേഖനതതിലാണ് ബില്ലർ ഈ സംഭവം വിവരിച്ചിട്ടുള്ളത്.

റൈഡുകളിൽ ഇരിക്കുമ്പോൾ തലയ്ക്കുണ്ടാകുന്ന പെട്ടെന്നുള്ള ഇളക്കങ്ങളാണ് അപകടത്തിന് കാരണമാകുന്നതെന്ന് ബില്ലർ പറയുന്നു. ഇത് ആർട്ടെറിഭിത്തിയിൽ ക്ഷതമുണ്ടാക്കുകയും രക്തം കട്ടപിടിക്കുന്നതിന് കാരണമാവുകയും ചെയ്തു. അത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും.