ന്ത്യയിലെ സമ്പന്നരെ ചൂണ്ടയിട്ട് പിടിക്കാൻ കാത്തിരിക്കുകയാണ് വിദേശത്തെ ഭീമൻ കാർ നിർമ്മാണ കമ്പനികൾ. അതിനനുസരിച്ച് വിലയിലും ആഡംബരത്തിലും മുന്നിൽ നിൽക്കുന്ന കാറുകളിറക്കാനും അവർ ബദ്ധശ്രദ്ധ പുലർത്തുന്നുണ്ടെന്ന് കാണാം. ഇതിന്റെ ഭാഗമായാണ് റോൾസ് റോയ്‌സ് നാലരക്കോടി രൂപ വിലവരുന്ന ഗോസ്റ്റ് സീരീസ് 2 എന്ന ആഡംബര കാർ ഇന്ത്യൻ വിപണിയിലിറക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു ഈ ആഡംബരക്കാറിന്റെ ലോഞ്ചിങ്. ഫാന്റം, റെയ്ത്ത് എന്നീ മോഡലുകൾക്ക് ശേഷം കമ്പനി ഇന്ത്യയിലിറക്കുന്ന മൂന്നാമത്തെ മോഡലാണിത്. മുമ്പത്തെ രണ്ട് മോഡലുകളം ഇന്ത്യയിൽ വിൽപനയിലുണ്ട്.2005ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം ഇതുവരെയായി 250 കാറുകൾ റോൾസ്‌റോയ്‌സിന്റെതായി വിറ്റഴിഞ്ഞിട്ടുണ്ട്.

ദി ഗോസ്റ്റ് സീരീസിന് 2 ന് 6.6 ലിറ്റർ ട്വിൻടർബോ എൻജിനാണ് കരുത്ത് പകരുന്നത്. ഉപഗ്രഹത്താൽ വഴികാട്ടുന്ന എട്ട് സ്പീഡ് ട്രാന്മിഷനും ഇതിലുണ്ട്. ഗോസ്റ്റ് ലെഗസിയെന്ന മുൻ മോഡലിനെ റീഡിസൈൻ ചെയ്താണിത് പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാലത്തിനനുസൃതമായി നൂതനമായ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. റെഡ്വൺ എൽഇഡി ഹെഡ്‌ലാംപുകൾ അതിലൊന്നാണ്. ഇതിന് ചുറ്റുമായി ഡേ ടൈം റണ്ണിങ് ലൈറ്റുകളുമുണ്ട്.ബംപറുകളിലും പരിഷ്‌കാരങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഫ്രന്റ് എയർ ഇൻടേക്കിൽ ഫ്രഷ് ക്രോമുകൾ ഇൻസേർട്ട് ചെയ്തിട്ടുമുണ്ട്.

കാറിന്റെ ഉൾഭാഗത്ത് വൈഫൈ, അപ്‌ഡേറ്റ് ചെയ്യപ്പെട്ട നാവിഗേഷൻ സംവിധാനം,ബെസ്‌പോക്ക് ഓഡിയോ തുടങ്ങിയവയും ഇതിലുണ്ട്.ഇന്ത്യയുടെ മെഗാനഗരങ്ങളിലും ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വളർന്ന് വരുന്ന പുത്തൻപണക്കാരെ ലക്ഷ്യമിട്ട് വിദേശ കാർനിർമ്മാതാക്കൾ ഇവിടുത്തെ പ്രവർത്തനം വ്യാപിപ്പിക്കുന്ന പ്രവണതയാണിന്നുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോഷോയിൽ വിദേശ കാർ കമ്പനികളുടെ സ്വാധീനം ശ്രദ്ധേയമായിരുന്നു. കാർ ഫാക്ടറികൾക്കായും പ്രൊഡക്ട് ഡെവലപ്‌മെന്റിനായും അവർ ഇന്ത്യയിൽ ബില്യൺ കണക്കിന് ഡോളറുകളാണ് മുടക്കുന്നത്. ഇന്ത്യയുടെ യാത്രാവാഹന വിപണയിൽ വിദേശകാർ നിർമ്മാതാക്കളുടെ പങ്കാളിത്തം ആറ് ശതമാനത്തിലുമധികമാണ്.

ജപ്പാനിലെ ഹോണ്ട കമ്പനി ഇന്ത്യയിൽ രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പാണിവിടെ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം ഹോണ്ട സെഡാൻ ലോഞ്ച് ചെയ്തിരുന്നു. 520,000 രൂപ മുതലാണിതിന്റെ വില തുടങ്ങുന്നത്. ഇതിലൂടെ ഹോണ്ടയുടെ ഇവിടുത്തെ മാർക്കറ്റ് ഷെയറിൽ 4.7 ശതമാനം വർധനവുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതുപോലെ നിരവധി ഫോറിൻ കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ മുന്നേറുന്ന കാഴ്ചയാണിന്നുള്ളത്.