ബ്രിട്ടൻ വിസ പുതുക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാശിയിൽ ഇസ്രയേൽ പൗരത്വമെടുത്ത് ടെൽ അവീവിലേക്ക് താമസം മാറ്റിയ റഷ്യൻ ബില്യണയർ റോമൻ അബ്രമോവിച്ചിനെതിരെ കടുത്ത സമീപനങ്ങൾ സ്വീകരിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഇനിയൊരിക്കലും അബ്രമോവിച്ചിന് ബ്രിട്ടീഷ് വിസ നൽകേണ്ടെന്നാണ് ഹോം ഓഫീസ് കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. പകരം ഇസ്രയേൽ പാസ്പോർട്ട് ഉപയോഗിച്ച് അദ്ദേഹത്തിന് ആറ് മാസം വരെ ബ്രിട്ടനിൽ കഴിയാൻ വിസിറ്റിങ് വിസ മാത്രം അനുവദിച്ചേക്കും. 

എന്നാൽ ലണ്ടനിൽ എത്തുമ്പോൾ സ്വന്തം ഓഫീസിൽ പോയി ആളെ കാണാൻ പോലും അബ്രമോവിച്ചിനെ അനുവദിച്ചേക്കില്ല. ഇത്തരത്തിൽ ഹോം ഓഫീസ് ഏർപ്പെടുത്താനൊരുങ്ങുന്ന കർശന നിയന്ത്രണത്തിൽ വലഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ 12ാമത്തെ സമ്പന്നനും ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായി അബ്രമോവിച്ച്. അബ്രമോവിച്ചിന്റെ ബ്രിട്ടീഷ് ഇൻവെസ്റ്റർ വിസയുടെ കാലാവധി കഴിഞ്ഞ മാസമായിരുന്നു അവസാനിച്ചിരുന്നത്. തുടർന്ന്ഇത് പുതുക്കാൻ അപേക്ഷിച്ചുവെങ്കിലും ഹോം ഓഫീസ് അത് പുതുക്കാതെ നീട്ടി നീട്ടി കൊണ്ട് പോവുകയായിരുന്നു.

ഇതിൽ ക്ഷുഭിതനായിട്ടാണ് അദ്ദേഹം തിങ്കളാഴ്ച ഇസ്രയേലിലേക്ക് കൂടുമാറിയിരിക്കുന്നത്. ലണ്ടനിലെ കെൻസിങ്ടണിൽ 125 മില്യൺപൗണ്ട് വിലയുള്ള ആഡംബര സൗധമടക്കം നിരവധി പ്രോപ്പർട്ടികൾ അദ്ദേഹത്തിന് ബ്രിട്ടനിലുണ്ട്. 51കാരനായ ടൈക്കൂണിന്റെ വിവാദ കേസിനെ കുറിച്ച് പ്രതികരിക്കാൻ ഡൗണിങ് സ്ട്രീറ്റ് തയ്യാറായിട്ടില്ല. എന്നാൽ ഇസ്രയേലി പാസ്പോർട്ട് ഉടമയെന്ന നിലയിൽ അദ്ദേഹത്തിന് വൈവർ സ്‌കീം അനുസരിച്ച് ആറ് മാസം വരെ ബ്രിട്ടനിൽ വിസിറ്റിങ് വിസയിൽ കഴിയാമെന്ന് പ്രധാനമന്ത്രി തെരേസയുടെ വക്താവ് സ്ഥിരീകരിച്ചിരുന്നു.

നിലവിലുള്ള നിയമം അനുസരിച്ച് ഇസ്രയേലി വിസിറ്റർമാർക്ക് ബ്രിട്ടനിൽ സ്ഥിരമായി ജീവിക്കാനോ ജോലി ചെയ്യാനോ അനുവാദമില്ല.അതിനാൽ ലണ്ടനിലെത്തുന്ന അബ്രമോവിച്ച് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ജോലി ചെയ്താലോ അല്ലെങ്കിൽ ചെൽസി ടീമുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൽലാ ഏർപ്പെട്ടാൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഓഫീസർമാർക്ക് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാൻ സാധിക്കും. തിങ്കളാഴ്ച അബ്രമോവിച്ച് ടെൽ അവീവിലേക്ക് പറന്നുവെന്നും അവിടെ വച്ച് ലോ ഓഫ് റിട്ടേൺ പ്രകാരം ഇസ്രയേലി ഐഡന്റിറ്റി കാർഡ് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തുവെന്നും സ്ഥിരീകരിച്ചിരുന്നു. യഹൂദന്മാർക്ക് ഇസ്രയേൽ പൗരത്വം എളുപ്പം പ്രദാനം ചെയ്യുന്നതിനുള്ള നിയമമാണിത്.

മാർച്ചിൽ സാലിസ് ബറിയിൽ വച്ച് മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യുലിയക്കും വിഷബാധയേറ്റ പ്രശ്‌നത്തിൽ ബ്രിട്ടനും റഷ്യയും തമ്മിലുണ്ടായ ബന്ധം വഷളായിരുന്നു. റഷ്യയാണ് ഈ വിഷബാധയ്ക്ക് ഉത്തരവാദിയെന്ന ബ്രിട്ടന്റെ ആരോപണം റഷ്യയെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് യുകെയിലെ റഷ്യൻ പ്രഭുക്കളെ നിയന്ത്രിക്കാൻ ഹോം ഓഫീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു അബ്രമോവിച്ചിന് വിസ നിഷേധിക്കലും അരങ്ങേറിയത്.