എം.ബി.ബി.എസ് നേടിയശേഷം 24-ാം വയസ്സിൽ ഐ.എ.എസ്സും നേടിയാൽ ആരാണ് വലിയ വലിയ സ്വപ്‌നങ്ങൾ കാണാതിരിക്കുക? അസിസ്റ്റന്റ് ഡിസ്ട്രിക്ട് കളക്ടറായി ജോലി ചെയ്യുമ്പോഴും പക്ഷേ, റമൺ സെയ്‌നി കണ്ട സ്വപ്‌നങ്ങൾ അധികാരത്തിന്റെ വലിയ പടവുകളായിരുന്നില്ല. തന്നെ കാത്തിരിക്കുന്ന വലിയ വലിയ ഉദ്യോഗങ്ങൾ വേണ്ടെന്നുവച്ച് സെയ്‌നി ഐഎഎസ് രാജിവച്ചു.

ജബൽപ്പുരിലെ അസിസ്റ്റന്റ് കളക്ടർ പദവിയിൽ രണ്ടുവർഷം ജോലി ചെയ്തശേഷമാണ് സെയ്‌നി ഉദ്യോഗം രാജിവച്ചത്. പരീക്ഷയെന്ന കടമ്പയ്ക്ക് മുന്നിൽ ഇടറിപ്പോകുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. അതും തീർത്തും സൗജന്യമായിത്തന്നെ.

വിവിധ വിഷയങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ യു ട്യൂബിൽ പോസ്റ്റ് ചെയ്താണ് സെയ്‌നി വിദ്യാർത്ഥികളെ തുണയ്കുന്നത്. ഡോക്ടർമാരാകാനും സിവിൽ സർവീസുകാരാകാനും കമ്പ്യൂട്ടർ പ്രോഗ്രാമർമാരുമാകാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാണ് അൺഅക്കാദമി എന്ന പേരിൽ നടത്തുന്ന ഈ പ്രഭാഷണങ്ങൾ.

സെയ്‌നിയുടെ പ്രഭാഷണങ്ങൾ ഇതിനകം ഒരുകോടിയിലേറെപ്പേർ കണ്ടുകഴിഞ്ഞു. യു ട്യൂബിൽ സെയ്‌നിയെ ഫോളോ ചെയ്യുന്നവരിൽ പത്തുപേർക്ക് സിവിൽ സർവീസ് വിജയിക്കാനായി. ട്വിറ്ററിൽ 20,000 പേർ അൺഅക്കാദമിയെ ഫോളോ ചെയ്യുന്നു. ഫേസ്‌ബുക്കിൽ അറുപതിനായിരത്തിലേറെ ലൈക്കുമുണ്ട്.

സ്‌കൂൾ ഒരുമിച്ച് പഠിച്ചിരുന്ന ഗൗരവ് മുഞ്ജാൽ എന്ന സുഹൃത്തിന്റെ നിർബന്ധത്തിലാണ് സെയ്‌നി ഈ വഴിയിലേക്ക് തിരിഞ്ഞത്. എയിംസിൽ എംബിബിഎസ് രണ്ടാം വർഷം പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മുഞ്ജാൽ യെ്‌നിയെ സമീപിച്ച് ഇത്തരമൊരു ആശയം പങ്കുവെക്കുന്നത്. ബെംഗളൂരുവിലെ തന്റെ സ്റ്റാർട്ട് അപ്പ് ഒഴിവാക്കിയാണ് മുഞ്ജാൽ ഇത്തരമൊരു പദ്ധതിയുമായി ഇറങ്ങിയത്.