റോം: രാജ്യത്ത് ജലക്ഷാമം രൂക്ഷമായതോടെ ജലവിതരണക്കാർ കർശന നടപടി സ്വീകരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ മുതൽ റോം നഗരത്തിൽ ജലവിതരണം കർശനമായ നിയന്ത്രണത്തിൽ ആയിരിക്കും. ഇതനുസരിച്ച് ഓരോ വീടിനും നൽകുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

സെപ്റ്റംബർ മുതൽ രാത്രി കാലങ്ങളിൽ കിട്ടുന്ന വെള്ളത്തിനു മർദവും കുറവായിരിക്കും. ഒരു മാസത്തേക്കാണ് ഇപ്പോൾ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു ശേഷം ജല ലഭ്യത കണക്കിലെടുത്ത് നീട്ടുന്ന കാര്യം തീരുമാനിക്കും.

മഴയിൽ മുപ്പതു ശതമാനം കുറവു വന്നതാണ് ജലക്ഷാമത്തിനു കാരണമായത്.
വെള്ളത്തിന്റെ മർദം കുറയ്ക്കാനുള്ള തീരുമാനം ഉയർന്ന കെട്ടിടങ്ങളുടെ മുകൾ നിലകളിൽ താമസിക്കുന്നവരെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക. റോമിനെ കൂടാതെ ഇറ്റലിയിലെ മറ്റ് പത്തോളം പ്രൊവിൻസുകളിലും ജലക്ഷാമം രൂക്ഷമാകുന്നുണ്ട്. ഇവിടെ കഴിഞ്ഞ 60 വർഷത്തിനുള്ളിലെ ഏറ്റവും വലിയ സ്മർ ആണ് കടന്നുപോകുന്നതെന്നാണ് സൂചന.