റോം: റോമിലെ പകുതിയോളം റെസ്റ്റോറന്റുകളും ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്നതായി ഇറ്റലിയിലെ ഹെൽത്ത് പൊലീസ്. ഒരു വർഷം നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് റോമിലെ റെസ്റ്റോറന്റുകളുടെ മോശാവസ്ഥയെ കുറിച്ച് ഹെൽത്ത് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. നാലിൽ ഒരു റെസ്റ്റോറന്റ് എന്ന നിലയിൽ ഇവയുടെ അവസ്ഥ വളരെ മോശമാണെന്നും ഇത്തരത്തിലുള്ളവ അടച്ചു പൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണെന്നും ഹെൽത്ത് പൊലീസ് വെളിപ്പെടുത്തി.

ഇറ്റലിയുടെ തലസ്ഥാനമെന്ന നിലയിൽ റോമിലെ ലോക്കൽ റെസ്റ്റോറന്റുകൾ ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കാറുണ്ട്. പ്രത്യേകിച്ച് പിസാ പ്രേമികളായ ടൂറിസ്റ്റുകൾ റോമിലെ ലോക്കൽ റെസ്റ്റോറന്റുകളിൽ ഒട്ടുമിക്കവയിലും സന്ദർശനം നടത്തുക പതിവാണ്. എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിലും മറ്റും നിലവാരം കാത്തുസൂക്ഷിക്കുന്നവയല്ല ഇവിടെയുള്ള പകുയിലേറെ റെസ്റ്റോറന്റുകൾ. കാലാവധി കഴിഞ്ഞ ഭക്ഷണം നൽകുക, കേടാകുന്ന ആഹാരപദാർഥങ്ങൾ വേണ്ടതു പോലെ സൂക്ഷിക്കാതിരിക്കുക, ആഹാരപദാർഥങ്ങൾക്കു സമീപം ക്ലീനിങ് വസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഹെൽത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2015 നവംബറിനും ഈ വർഷം ഒക്ടോബറിനും മധ്യേയാണ് റോമിലെ ചരിത്രപ്രധാനമായ പല ഭാഗങ്ങളിലുമുള്ള റെസ്റ്റോറന്റുകളിൽ ഇറ്റാലിയൻ ഹെൽത്ത് പൊലീസ് പരിശോധന നടത്തിയത്. കത്തോലിക്ക ജൂബിലി വർഷം പ്രമാണിച്ച് ഈ വർഷം 18 മില്യണിലേറെ തീർത്ഥാടകരാണ് റോമിൽ എത്തിയത്. തീർത്ഥാടകരുടെ ആധിക്യത്തെതുടർന്ന് 727 റെസ്റ്റോറന്റുകളിൽ ഹെൽത്ത് പൊലീസ് പരിശോധന നടത്തി. തൊഴിലിടങ്ങളിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തതിന്റെ പേരിൽ 33 പേർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കൂടാതെ 300 റെസ്റ്റോറന്റ് ഉടമകൾക്ക് ലോക്കൽ ഹെൽത്ത് അഥോറിറ്റിയുടെ പക്കൽ നിന്നും നോട്ടീസും നൽകിയിട്ടുണ്ട്.

ശുചിത്വ നിലവാരം കാത്തുസൂക്ഷിക്കാത്തതിന്റെ പേരിൽ 521 റെസ്റ്റോറന്റുകൾക്ക് മൊത്തം 658,000 യൂറോയുടെ പിഴയും ഈടാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് 2300 കിലോ മാംസ വും 2300 കിലോ മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്.