കോഴിക്കോട്: കാൽപ്പന്തുകളിയുടെ ലഹരി നുരയുന്ന മലബാറിന്റെ മണ്ണിലേക്ക് ഫുട്‌ബോൾ വിസ്മയം റൊണാൾഡീന്യോ എത്തി. രാവിലെ മുതൽ ഇതിഹാസ ഫുട്‌ബോൾ താരത്തിന്റെ വരവും കാത്തിരുന്ന ഫുട്‌ബോൾ പ്രേമികൾ അദ്ദേഹത്തെ നിറഞ്ഞ ആവേശത്തോടെ വരവേറ്റു. ആവേശം നിറഞ്ഞു തുളുമ്പിയതോടെ റൊണാൾഡീന്യോയെ വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കാൻ സംഘാടകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിക്കിനും തിരക്കിനുമിടയിൽ ഏറെ പണിപ്പെടേണ്ടിവന്നു. തിരക്കുകാരണം അരമണിക്കൂറോളം റൊണാൾഡീന്യോയെ പുറത്തേക്കെത്തിക്കാനാകാതെ സംഘാടകർ ബുദ്ധിമുട്ടി. തുടർന്ന് കെ.ഡി.എഫ്.എ പ്രസിഡന്റ് സിദ്ദിഖ് അഹമ്മദും എ.പ്രദീപ്കുമാർ എംഎ!ൽഎയും കൂടി അദ്ദേഹത്തെ എയർപോർട്ടിലെ വി.ഐ.പി റൂമിലേക്ക് മാറ്റി. അരമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തെ പുറത്തേക്ക് എത്തിക്കാനായത്

21 വർഷങ്ങൾക്കു മുമ്പ് നിലച്ച സേട്ട് നാഗ്ജി ഫുട്ബാളിനെ പുനരുജ്ജീവിക്കുക ഏന്ന ലക്ഷ്യത്തോടെയാണ് റൊണാൾഡിന്യോ കോഴിക്കോട്ടെത്തിയത്. ഫുട്ബാളിന്റെ പഴയകാല ഓർമകൾക്കു നിറംപകർന്നുള്ള നാഗ്ജി അന്തർദേശീയ ക്ലബ്ബ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിന് അടുത്തമാസം അഞ്ചിനാണ് കിക്കോഫ്.

ടൂർണമെന്റിന്റെ ട്രോഫി സേട്ട് നാഗ്ജി കുടംബത്തിൽ നിന്ന് ഏറ്റുവാങ്ങി കെ.ഡി.എഫ്.എ.ക്ക് കൈമാറാനാണ് നാഗ്ജി ഫുട്‌ബോൾ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ റൊണാൾഡീന്യോ എത്തിയത്.

രാവിലെ എട്ട് മണിക്ക് കൊച്ചിയിൽ വിമാനമിറങ്ങിയ റൊണാൾഡീന്യോ പ്രത്യേകം ചാർട്ടർചെയ്ത വിമാനത്തിലാണ് 10 മണിയോടെ കോഴിക്കോട്ടെത്തിയത്. കെ.ഡി.എഫ്.എ.യുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അഞ്ഞൂറോളം ബൈക്കുകളുടെ അകമ്പടിയോടെ കടവ് റിസോർട്ടിലേക്ക് ആനയിച്ചു.

വൈകിട്ട് വരെ അവിടെ വിശ്രമിച്ച റൊണാൾഡീന്യോ ആറുമണിയോടെ കോഴിക്കോട് ബീച്ചിലെത്തി. ഓപ്പൺ എയർ ഓഡിറ്റോയത്തിൽ നടക്കുന്ന ചടങ്ങിലാണ് നാഗ്ജി ട്രോഫി കൈമാറിയത്. കെഡി.എഫ്.എ.ക്ക് കൈമാറുന്ന ട്രോഫി നാഗ്ജി ട്രോഫിയുടെ മുഖ്യ സംഘാടകരായ മോൺണ്ടിയാൽ സ്പോർട്സ് മാനേജ്‌മെന്റിന് റോഡ് ഷോക്കായി നൽകും.

റൊണാൾഡീന്യോ തിങ്കളാഴ്ച നടക്കാവ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുമായി സംവദിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിനുശേഷം അദ്ദേഹം പ്രത്യേക ചാർട്ടർചെയ്ത വിമാനത്തിൽ കൊച്ചിയിലേക്ക് മടങ്ങും. റൊണാൾഡീന്യോക്ക് കനത്ത് സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ പ്രത്യേകം പാസ്സുള്ളവർക്ക് മാത്രമായിരിക്കും വേദിക്കരികിലേക്ക് പ്രവേശനം നൽകുക.

മലബാറിലെത്തുന്ന മൂന്നാമത്തെ ലോകകപ്പ് താരമാണ് റൊണാൾഡീന്യോ. ഡിഗോ മാറഡോണ രണ്ടുവർഷംമുമ്പ് കണ്ണൂരിലും കഴിഞ്ഞവർഷം ഇംഗ്ലണ്ടിന്റെ പീറ്റർ ഷിൽട്ടൺ കോഴിക്കോട്ടും വന്നിരുന്നു. സംസ്ഥാനത്തിന്റെ അതിഥിയായിട്ടാണ് റൊണാൾഡീന്യോയുടെ വരവ്. ലോകത്തെ പ്രശസ്തമായ ഏഴു ക്ലബ്ബുകൾക്കു പുറമെ ഒരു ഇന്ത്യൻ ടീം അടക്കം എട്ടു ടീമുകൾ ഇരുഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് വേദിയാവുക.