ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന് കൂടുതൽ തിളക്കം പകരുന്ന പുതിയ വാർത്ത വരുന്നത് ബ്രസീലിൽ നിന്ന്. വാർത്തകൾ സത്യമായാൽ രണ്ട് ഇതിഹാസ താരങ്ങൾ ഐഎസ്എല്ലിൽ ഭാഗഭാക്കാകും. ഒരാൾ കളം അടക്കി വാഴുമ്പോൾ മറ്റെയാൾ കുമ്മായവരയ്ക്കപ്പുറത്തു നിന്ന് നിർദേശങ്ങളുമായി കളി മുന്നോട്ടു നയിക്കും.

ബ്രസീലിന്റെ ജനപ്രിയ താരങ്ങളിലൊരാളായ റൊണാൾഡിന്യോയും 'വെളുത്ത പെലെ' എന്ന വിശേഷണമുള്ള സീക്കോയുമാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ടൈറ്റൻസാണ് റൊണാൾഡിന്യോയുമായി ചർച്ച നടത്തുന്നത്. എഫ്‌സി ഗോവയാണ് സീക്കോയെ പരിശീലക സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മൂന്ന് ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ബ്രസീൽ താരമാണ് സീക്കോ. 2006 ലെ ലോകകപ്പിൽ ജപ്പാനുവേണ്ടിയാണ് സീക്കോ ആദ്യമായി പരിശീലകന്റെ കുപ്പായം അണിയുന്നത്. 2008 യുവേഫ ചാമ്പ്യൻസ് ലീഗിൽ തുർക്കി ക്ലബായ ഫനർബഷെ ക്വാർട്ടറിലെത്തിയപ്പോഴും സീക്കോയായിരുന്നു പരിശീലകൻ. സീക്കോ പരിശീലകനാകാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലെത്തിയെന്ന് എഫ്‌സി ഗോവ അധികൃതർ അറിയിച്ചു.

ചെന്നൈ ടൈറ്റൻസ് ടീം അധികൃതർ രണ്ട് തവണ റൊണാൾഡിന്യോയുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഫലം അനുകൂലമെങ്കിൽ രണ്ട് തവണ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയിട്ടുള്ള റൊണാൾഡീന്യോ ചെന്നൈ ടൈറ്റൻസിന്റെ ജേഴ്‌സിയിൽ ഇന്ത്യയിലെ മൈതാനങ്ങളിൽ പന്തുതട്ടും. റൊണാൾഡീന്യോയുമായി രണ്ട് വർഷത്തെ കരാറിനാണ് ടീം അധികൃതർ ശ്രമിക്കുന്നത്. ഐഎസ്എല്ലിൽ കളിക്കുമ്പോൾ തന്നെ അമേരിക്കൻ ഫുട്‌ബോൾ ലീഗിലും കളിക്കാൻ റൊണാൾഡീന്യോക്കാവും എന്നതും അദ്ദേഹം ഇന്ത്യയിലെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.

ലോകഫുട്‌ബോളിലെ തന്നെ പ്രതിഭാധനരായ കളിക്കാരിൽ ഒരാളാണ് റൊണാൾഡീന്യോ. 34കാരനായ അദ്ദേഹം 97 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ബ്രസീലിനായി 33 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്‌സലോണയുടേയും എസി മിലാന്റേയും കുപ്പായത്തിലും റൊണാൾഡിന്യോ തിളങ്ങിയിട്ടുണ്ട്.

നേരത്തെ, ഇറ്റലിയുടെ മുൻ അന്താരാഷ്ട്ര താരം ഡെൽപിയറോ ഡൽഹി ഡൈനാമോസിൽ കളിക്കാൻ കരാറൊപ്പിട്ടിരുന്നു. റൊണാൾഡിന്യോ എത്തുന്നതോടെ ഐഎസ്എൽ സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഒരാൾകൂടി ഇടം പിടിക്കും.