ലോകഫുടബോളിലെ എക്കാലത്തെയും സൂപ്പർത്താരങ്ങളിലൊരാളാണ് പോർച്ചുഗീസുകാരൻ ക്രിസ്റ്റിയാനോ റൊണാൾഡോ. കരിയറിന്റെ തുടക്കം മുതൽ സ്ത്രീകളുമായി ചേർത്ത് ഗോസിപ്പുകളും ധാരാളം. ഇപ്പോൾ ഏറ്റവുമൊടുവിൽ റൊണാൾഡോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ബലാത്സംഗ ആരോപണമാണ്. 2009-ൽ നെവാദയിലെ പാംസ് ഹോട്ടലിൽവെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി കാതറിൻ മയോർഗയെന്ന യുവതിയാണ് രംഗത്തുവന്നിരിക്കുന്നത്.

കാതറിന്റെ ആരോപണം ക്രിസ്റ്റ്യാനോ നിഷേധിച്ചെങ്കിലും ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം നടന്നുവെന്ന് കാതറിൻ ആരോപിച്ച സംഭവത്തിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോയും കാതറിനും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാതറിനെ പ്രണയപാരവശ്യത്തോടെ ഉമ്മവെയ്ക്കുന്നതും വട്ടം ചുറ്റിപിടിക്കുന്നതും റൊണാൾഡോയെ കാതറിൻ വശീകരിക്കാൻ ശ്രമിക്കുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്.

ഇപ്പോൾ അദ്ധ്യാപികയായി ജോലി ചെയ്യുന്ന കാതറിൻ അന്ന് നൈറ്റ്ക്ലബ് ഡാൻസറായി ജോലി ചെയ്യുകയായിരുന്നു. സംഭവമുണ്ടായ ദിവസം രാത്രി റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കാതറിന്റെ ആരോപണം. ഇരുവരും പരസ്പരം ചെവിയെലെന്തൊക്കെയോ മന്ത്രിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഇരുവരും സ്‌നേഹത്തോടെ പെരുമാറുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, കാതറിന്റെ ആരോപണം ശരിവെക്കുന്ന തെളിവായാണ് ഇത് വിലയിരുത്തുന്നത്.

ഈ സംങവത്തിനുശേഷം പാംസ് കാസിനോ റിസോർട്ടിലെ പെന്ത്ഹൗസ് സ്യൂട്ടിൽവെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കാതറിന്റെ ആരോപണം. എന്നാൽ, താൻ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ബലാത്സംഗത്തെ ഒരു ക്രൂരകൃത്യമായാണ് താൻ കാണുന്നതെന്നും റൊണാൾഡോ വ്യക്തമാക്കി. തന്റെ ചെലവിൽ പ്രശസ്തയാകാൻ ചിലർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നും റൊണാൾഡോ പറയുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നെവാദ കോടതിയിൽ കാതറിൻ കൊടുത്ത പരാതിയനുസരിച്ച് അവർ കരഞ്ഞുപറഞ്ഞിട്ടും ലൈംഗികാതിക്രമം നിർത്താൻ റൊണാൾഡോ തയ്യാറായില്ലെന്നാണ് ആരോപണം. ആരോപണമുയർന്നപ്പോൾത്തന്നെ അത് നിഷേധിച്ചുകൊണ്ട് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വ്യാജവാർത്തയാണിതെന്നും ഇതൊക്കെ പ്രശസ്തിക്കുവേണ്ടി നടത്തുന്ന ശ്രമങ്ങളാണെന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു റൊണാൾഡോയുടെ പ്രതികരണം.