ലണ്ടൻ: ഈ വർഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോളർമാരായി റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെയും ബാർസലോണ താരം ലേക്ക് മാർട്ടിൻസിനെയും തിരഞ്ഞെടുത്തു. സിനദൻ സിദാനെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു.

പുരുഷ വിഭാഗത്തിൽ നിലവിലെ ജേതാവ് കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ബാലൺ ദ്യോർ പുരസ്‌കാരം നിർത്തലാക്കിയതിനുശേഷം തുടങ്ങിയ ഫിഫ ബെസ്റ്റ് ഫുട്‌ബോൾ അവാർഡിന്റെ ആദ്യത്തെ അവാർഡ് 2016ൽ ആണ് ക്രിസ്റ്റ്യാനോ നേടിയത്. ക്രിസ്റ്റ്യാനോ ലോകതാരമായപ്പോൾ, റയലിന് ഇരട്ടിമധുരമായി സിദാനു ലഭിച്ച പുരസ്‌കാരം. ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എ്നിവരെ മറികടന്നാണു സിദാൻ പുരസ്‌കാരജേതാവായത്.

റൊണാൾഡോയെ കൂടാതെ ബാഴ്‌സ സ്‌ട്രൈക്കർ ലയണൽ മെസ്സി, മെസ്സിയുടെ മുൻ സഹതാരവും ഇപ്പോൾ പിഎസ് ജി താരവുമായ നെയ്മർ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. റയലിനായി ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാണ് റൊണോൾഡോയ്ക്ക് ഇത്തവണയും തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്.

ഫ്രഞ്ച് താരം ജിറൂഡുവിനാണ് പുഷ്‌കാസ് ഓഫ് ദ ഇയർ പുരസ്‌കാരം. മികച്ച ഗോൾക്കീപ്പർക്കുള്ള അവാർഡ് ഇറ്റാലിയൻ ഗോൾകീപ്പർ ഗ്യാൻല്യുജി ബൂഫനാണ്.