പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെ അടുത്ത സീസണിൽ റയൽ മാഡ്രിഡ് ജേഴ്സിയിൽ കളിച്ചേക്കുമെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ താരം സ്പാനിഷ് ക്ലബ്ബിലേക്ക് എത്തുന്നത് റെക്കോർഡ് തുകയ്‌ക്കെന്ന് റിപ്പോർട്ട്. പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. ഫ്രീ ട്രാൻസ്ഫറിലാണ് എംബാപ്പെ റയലിലേക്ക് പോവുക.

താരം റയലുമായി കരാർ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണെന്നും 420 കോടിയോളം രൂപയാണ് റയൽ എംബാപ്പെക്ക് വാർഷിക പ്രതിഫലമായി വാഗ്ദാനംചെയ്തിട്ടുള്ളതെന്നുമായിരുന്നു റിപ്പോർട്ട്. ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് റയലിന്റെ മുൻ താരം കൂടിയായിരുന്ന ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ.

എംബാപ്പെ കരുത്തനായ താരമാണെന്നും വേഗവും ശാന്ത പ്രകൃതവും എംബാപ്പെയെ ഒന്നാം നമ്പർ താരമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ''അതെ ഞാൻ ആ വാർത്ത കേട്ടു, എംബാപ്പെ 50 ദശലക്ഷം യൂറോയ്ക്ക് റയലിലേക്ക് പോകുകയാണെന്ന്. ഞങ്ങൾ തെറ്റായ കാലഘട്ടത്തിലായിപ്പോയി കളിച്ചത്. ഫുട്ബോൾ ലോകം വളരെയേറെ വളർന്നു, താരങ്ങൾക്ക് ഇന്ന് കൂടുതൽ കൂടുതൽ പണം ലഭിക്കുകയാണ്.'' - റൊണാൾഡോ ദ സണ്ണിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.

നടപ്പുസീസണിൽ രണ്ടുതവണ റയൽ വൻതുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും എംബാപ്പെയെ വിട്ടുനൽകാൻ പി.എസ്.ജി. തയ്യാറായിരുന്നില്ല. സീസണിൽ 27 കളികളിൽനിന്ന് 19 ഗോളും 15 അസിസ്റ്റുമായി തകർപ്പൻ ഫോമിലാണ് താരം. ടീമിൽ പിടിച്ചുനിർത്താൻ പിഎസ്ജി ശ്രമിച്ചെങ്കിലും താരം തന്റെ ആഗ്രഹത്തിൽ ഉറച്ചനിൽക്കുകയായിരുന്നു. ജർമൻ മാധ്യമമായ ബിൽഡാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എംബാപ്പെ റയൽ അധികൃതരോട് സമ്മതം മൂളിയിട്ടുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 41.5 മില്യൺ പൗണ്ടാണ് റയൽ മാഡ്രിഡ് കരാർ വഴി ഒരു സീസണിൽ ഏംബാപ്പക്ക് പ്രതിഫലമായി ലഭിക്കുക. ഫ്രീ ഏജന്റായി റയലിലെത്തുന്നതിനാൽ സൈനിങ് ബോണസും ഇതിനു പുറമെ 23 കാരന് ലഭിക്കും.

എംബാപ്പെ ആരാധിക്കുന്ന ക്ലബാണ് റയൽ മാഡ്രിഡ്. ക്ലബിന് വേണ്ടി കളിക്കുകയാണ് സ്വപ്നമെന്ന് മുമ്പും താരം പറഞ്ഞിട്ടുണ്ട്. റയലാവട്ടെ താരത്തിന് പിന്നാലെയുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമം റയൽ നടത്തിയെങ്കിലും പിഎസ്ജി ചെവികൊണ്ടില്ല. രണ്ട് തവണയും ഓഫർ നിരസിച്ചു.

ഈ സീസണിൽ കരാർ പുതുക്കാമെന്ന പ്രതീക്ഷ പിഎസ്ജിക്കുണ്ടായിരുന്നു. എന്നാൽ എംബാപ്പെയുടെ മനസിൽ മറ്റൊരു പദ്ധതിയായിരുന്നു. ഫെബ്രുവരി 15നു റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരുന്നുണ്ട്. ഇതിനിടെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.