കോഴിക്കോട്: കേരളത്തിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഭാവത്തിൽ കേന്ദ്രമന്ത്രിയും മുങ്ങിപ്പോയോ? രാഹുൽ ഗാന്ധി വന്നതിനാൽ കേന്ദ്രമന്ത്രിക്കു കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുറി അനുവദിച്ചില്ലെന്ന് ബിജെപി തന്നെയാണ് ആരോപിക്കുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് ഗസ്റ്റ് ഹൗസിൽ മുറി അനുവദിക്കാതിരുന്നതാണ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്. സംഭവം ഗുരുതര സുരക്ഷാവീഴ്ചയാണെന്നും പ്രോട്ടോകോൾ ലംഘനമാണെന്നും ബിജെപി ആരോപിച്ചു.

മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ ഒരു വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയാണ് ജാവദേക്കർ കോഴിക്കോട്ട് എത്തിയത്. അപ്പോഴാണു വിവാദ സംഭവം ഉണ്ടായത്.

ജാവദേക്കറിനു മുറി ആവശ്യപ്പെട്ട് ഗസ്റ്റ് ഹൗസിൽ ബന്ധപ്പെട്ടപ്പോൾ മുറി ഒഴിവില്ലെന്നാണ് അറിയിച്ചതെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മുറികളെല്ലാം നേരത്തേതന്നെ ബുക്ക് ചെയ്തിരുന്നു. ഇതെത്തുടർന്നാണത്രെ കേന്ദ്രമന്ത്രിക്കു മുറി നൽകാത്തത്. പിന്നീട് കളക്ടർ ഇടപെട്ടാണു കേന്ദ്രമന്ത്രിക്കു മുറി അനുവദിച്ചത്. എന്നാൽ, മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നവർക്കു മുറി ലഭിച്ചുമില്ല. ഇതെല്ലാം കേന്ദ്രമന്ത്രിയെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.