ഭാര്യ ഗർഭിണിയായിരിക്കവെ 29കാരി വേശ്യയ്‌ക്കൊപ്പം ഹോട്ടൽ റൂമിലേക്ക് മദ്യപിച്ച് കാറോടിച്ച് പോകവെ പിടിയിലായ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ വൈനെ റൂണിയെ രണ്ട് വർഷം ഡ്രൈവ് ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത് വന്നു. ഇതിന് പുറമെ ശിക്ഷയുടെ ഭാഗമായി തെരുവ് വൃത്തിയാക്കുന്നതിനുള്ള ചുമതലയും കോടതി ലോക പ്രശസ്തനായ ഈ ബ്രിട്ടീഷ് ഫുട്ബോളർക്ക് നൽകിയിരിക്കുകയാണ്. കേരളത്തിൽ പെൺകേസിൽ അകത്തായ നടൻ ദിലീപിനെ ജയിലിൽ നിന്നിറക്കാൻ ബഹളം വയ്ക്കുന്നവർ റൂണിയുടെ ഈ കഥ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും...

സെപ്റ്റംബർ ഒന്നിന് പുലർച്ചെ രണ്ട് മണിക്കായിരുന്നു റൂണി വേശ്യയ്ക്കൊപ്പം ഡ്രൈവ് ചെയ്ത് പോകുമ്പോൾ അറസ്റ്റിലായിരുന്നത്. ഇന്നലെ പുറത്ത് വന്ന കോടതി വിധി അനുസരിച്ച് 100 മണിക്കൂർ കമ്മ്യൂണിറ്റി സർവീസ് ചെയ്യാനാണ് റൂണിയോട് ഉത്തരവിട്ടിരിക്കുന്നത്. ഒറ്റരാത്രിക്ക് 6000 പൗണ്ട് വരെ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളിയായ 29 കാരി ലോറ സിംപ്‌സനൊപ്പം അവരുടെ കാറോടിച്ച് പോകുന്നതിനിടയിലായിരുന്നു റൂണി അറസ്റ്റിലായത്. ചെഷയറിലെ വിംസ്ലോയിൽ ആഘോഷപൂർണമായ ഒരു നൈറ്റ് ഔട്ടിന് ശേഷം ലോറയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു റൂണി പൊലീസിന്റെ വലയിൽ വീണിരുന്നത്. വണ്ടിയോടിക്കുമ്പോൾ കഴിക്കാൻ നിയമപരമായി അനുവദിച്ചിരുന്ന മദ്യത്തിന്റെ അളവിനേക്കാൾ മൂന്നിരട്ടി കഴിച്ചിട്ടാണ് അദ്ദേഹം ഡ്രൈവ് ചെയ്തതെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്നലെ സ്റ്റോക്ക്പോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് റൂണിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ ചെലവായ 85 പൗണ്ടും വിക്ടിം സർചാർജും അടയ്ക്കാൻ ഫുട്ബോളറോട് ഉത്തരവിട്ടിട്ടുണ്ട്. തനിക്ക് പറ്റിയ തെറ്റിൽ റൂണി കോടതിവിധിക്ക് ശേഷം പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു.അതായത് നിയമപരിധി കഴിഞ്ഞ് മദ്യപിച്ച് വണ്ടിയോടിച്ച തന്റെ നടപടി തെറ്റായിരുന്നുവെന്നാണ് ജനത്തിനോട് അദ്ദേഹം തന്റെ പ്രസ്താവനയിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്.

വിവാഹമോതിരമണിഞ്ഞാണ് ഇദ്ദേഹം വിചാരണക്ക് എത്തിയിരുന്നതെങ്കിലും ഭാര്യ കോളീൻ കൂടെ വന്നതിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല.താൻ ഗർഭിണിയായിരിക്കുമ്പോൾ റൂണിയെ വേശ്യയ്ക്കൊപ്പം പിടികൂടിയതിനെ തുടർന്ന് കോളീൻ റൂണിയുമായുള്ള ബന്ധം ഒഴിവാക്കാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളും സംഭവത്തെ തുടർന്ന് പുറത്ത് വന്നിരുന്നു. പൊലീസ് അറസ്റ്റ്ചെയ്തില്ലായിരുന്നുവെങ്കിൽ താൻ റൂണിയുമായി ആ രാത്രി കിടക്ക പങ്കിടുമായിരുന്നുവെന്നാണ് ലോറ പ്രതികരിച്ചിരുന്നത്. മണിക്കൂറുകൾ നീണ്ട ഒരുമിച്ചുള്ള മദ്യപാനത്തിനിടെ തങ്ങൾ ഏറെ നേരം ചുംബിച്ചിരുന്നുവെന്നും ലോറ വെളിപ്പെടുത്തിയിരുന്നു. ആൽട്രിൻചാം റോഡിൽ വച്ചായിരുന്നു അന്ന് പുലർച്ചെ ചെഷയർ പൊലീസ് റൂണിയെ അറസ്റ്റ് ചെയ്തിരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ തനിക്കൊപ്പം കളിച്ചിരുന്ന വെസ് ബ്രൗണിനെയും ഡിഫെൻഡർ ഫിൽ ബാർഡ്‌സ്ലെയുടെ സഹോദരൻ ബേൺലെയെയും അറസ്റ്റ് നടന്നതിന്റെ തലേദിവസം വൈകുന്നേരം റൂണി കണ്ടതായി വെളിപ്പെട്ടിരുന്നു. തുടർന്ന് ഇവർ വൈകുന്നേരം നാല് മണിക്ക് ആൽഡെർലെ എഡ്ജിലെ പ്രശസ്തമായ ഇറ്റാലിയൻ റസ്റ്റോറന്റായ പിക്കോലിനോയിൽ വച്ച് ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഇവർ പ്ലഷ് ബബിൾ റൂം ബാറിലേക്ക് പോയി രാത്രി പത്ത് മണി വരെ അവിടെ ആഘോഷിക്കുകയും ചെയ്തിരുന്നു. ബബിൾ റൂമിൽ വച്ചായിരുന്നു ലോറയും റൂണിയും കണ്ട് മുട്ടുകയും പരസ്പരം ആകൃഷ്ടരാവുകയും ചെയ്തത്. തുടർന്ന് ഇവർ ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായതിന് ശേഷം റൂണി 12 മണിക്കൂർ സെല്ലിൽ കഴിയുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു. സീക്കിങ് അറേഞ്ച്‌മെന്റ്‌സ് എന്ന ഡേറ്റിങ് വെബ്‌സൈറ്റുമായി ചേർന്നാണ് ലോറ പ്രവർത്തിക്കുന്നത്. വിവാഹേത ബന്ധങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണിത്. സമ്പന്ന വയോധികരാണ് പ്രധാനമായും ലോറയുടെ കസ്റ്റമർമാർ.റൂണി അറസ്റ്റിലായതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിത്തെറിച്ചിരുന്നുവെന്നും വീട്ടിൽ നിന്നും പിണങ്ങിപ്പോകാനൊരുങ്ങിയിരുന്നുവെന്നും ഡിവോഴ്സിന് ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അറസ്റ്റിനെയും ശിക്ഷാവിധിയെയും തുടർന്ന് ഫുട്ബോളറുടെ കുടുംബജീവിതവും പ്രഫഷണൽ ജീവിതവും കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് സൂചന.