സെപ്റ്റംബർ ഒന്നിന് പുലർച്ചെ രണ്ട് മണിക്ക് മദ്യപിച്ച് കാറോടിച്ചതിന് പൊലീസ് പിടിയിലായ ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ വൈനെ റൂണിക്ക് വിധിച്ച ശിക്ഷയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി സർവീസ് ആരംഭിച്ചു. മാഞ്ചസ്റ്ററിലെ പൊതുസ്ഥലത്തെ ബെഞ്ചിന് പെയിന്റടിച്ച് കൊണ്ടാണ് റൂണി കോടതി ഉത്തരവ് പാലിക്കാൻ തുടങ്ങിയിരിക്കുന്നത്. ആളെക്കൊന്നിട്ടും വിലസി നടക്കുന്ന സൽമാൻ ഖാന്മാർ ഉള്ള നമ്മുടെ നാടിന് മാതൃകയാക്കാവുന്ന നിയമസംവിധാനമാണിത്. അതായത് ആഴ്ചയിൽ ഒന്നര ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്ന ആളായിട്ടും ശിക്ഷ ഏറ്റ് വാങ്ങാൻ റൂണി നിർബന്ധിതനായിരിക്കുകയാണ്.

ഒറ്റരാത്രിക്ക് 6000 പൗണ്ട് വരെ പ്രതിഫലം വാങ്ങുന്ന 29കാരി ലൈംഗിക തൊഴിലാളി ലോറ സിംപ്‌സന്റെ കാറോടിച്ച് അവരെ വീട്ടിലാക്കുന്നതിനുള്ള യാത്രക്കിടയിലായിരുന്നു റൂണി പിടിയിലായിരുന്നത്. മാഞ്ചസ്റ്ററിൽ ഭിന്നശേഷിക്കാർക്കായുള്ള ഗാർഡൻ സെന്ററിലെ ബെഞ്ചിനാണ് റൂണി പെയിന്റടിച്ചത്. തന്റെ ആറ് മില്യൺ പൗണ്ട് വിലയുള്ള ചെഷയറിലെ പ്രെസ്റ്റ്ബറിയിലെ വീട്ടിൽ നിന്നും വെറും മൂന്ന് മൈൽ അകലത്താണീ സെന്റർ സ്ഥിതി ചെയ്യുന്നത്. പ്രതിഫലമില്ലാതെ 100 മണിക്കൂർ ജോലി ചെയ്യാനാണ് ശിക്ഷയുടെ ഭാഗമായി കോടതി വിധിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ 8.40നാണ് റൂണി തന്റെ ഷിഫ്റ്റ് തുടങ്ങിയിരിക്കുന്നത്. ബ്ലൂ ജാക്കറ്റ്, ബ്ലൂ ഹൂഡി, അതിന് യോജിക്കുന്ന ബ്ലൂ ബോട്ടംസ്, ബ്ലാക്ക് നിക്ക് ട്രെയിനേർസ് എന്നിവ ധരിച്ചായിരുന്നു റൂണി ജോലി ആരംഭിച്ചിരുന്നത്. ഈ വർഷം ആദ്യമായിരുന്നു രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ നിന്നും അദ്ദേഹം റിട്ടയർ ചെയ്തിരുന്നത്. സെന്ററിലെ പതിവ് മെയിന്റനൻസ് ജോലികളാണ് ശിക്ഷയുടെ ഭാഗമായി റൂണിയെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. ജോലിക്ക് ശേഷം റൂണി വൈകുന്നേരം 3.04 മണിക്കായിരുന്നു സെന്റർ വിട്ട് പോയിരുന്നത്. അപ്പോഴും തന്റെ വിവാഹമോതിരം അദ്ദേഹത്തിന്റെ കൈകളിൽ കാണാമായിരുന്നു. സിംപ്‌സനുമായുള്ള ബന്ധം പിടിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്റെ ഭാര്യ കോളീൻ പിണങ്ങുകയും തന്റെ വിവാഹമോതിരം അഴിച്ച് വയ്ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുമ്പോഴായിരുന്നു റൂണി പിടിയിലായത്.

വിചാരണയിൽ കുറ്റം സമ്മതിച്ച റൂണിയെ രണ്ട് വർഷം ഡ്രൈവ് ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ടും കോടതി ഉത്തരവിട്ടിരുന്നു. പ്ലഷ് ബബിൾ റൂം ബാറിൽ വച്ചായിരുന്നു ലോറയും റൂണിയും കണ്ട് മുട്ടുകയും പരസ്പരം ആകൃഷ്ടരാവുകയും ചെയ്തത്. തുടർന്ന് ഇവർ ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഡ്രൈവ് ചെയ്യാൻ പ്രയാസപ്പെട്ടിരുന്ന ലോറയെ അവരുടെ വീട്ടിലാക്കുന്നതിന് വേണ്ടിയായിരുന്നു റൂണി കാറോടിച്ച് പോവുകയും പിടിയിലാവുകയും ചെയ്തത്. സീക്കിങ് അറേഞ്ച്‌മെന്റ്‌സ് എന്ന ഡേറ്റിങ് വെബ്‌സൈറ്റുമായി ചേർന്നാണ് ലോറ പ്രവർത്തിക്കുന്നത്. വിവാഹേത ബന്ധങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണിത്. സമ്പന്ന വയോധികരാണ് പ്രധാനമായും ലോറയുടെ കസ്റ്റമർമാർ. ലോറയുടെ വീട്ടിൽ വച്ച് വഴിവിട്ട ബന്ധത്തിലേർപ്പെടാൻ വേണ്ടി പോവുന്നതിനിടയിലാണ് ഇരുവരും പിടിയിലായതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പ്രചരിച്ചിരുന്നു.