- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ്സുകൾ വിചാരണ കോടതികൾ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം; സുപ്രീം കോടതിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ്സുകൾ വിചാരണ കോടതികൾ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസ്സുകൾ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളം നിലപാടറിയിച്ചത്. സുപ്രീം കോടതിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നത് വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മക്ഡൊണാൾഡ്, കെ എഫ് സി വിൽപ്പന കേന്ദ്രങ്ങൾ ആക്രമിച്ച കേസിൽ രൂപേഷിനെതിരെ ചുമത്തിയിരുന്ന യുഎപിഎ കുറ്റം പാലക്കാട്ടെ കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വളയം, കുറ്റ്യാടി കേസ്സുകളിൽ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ ആ വിധിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരേ രജിസ്റ്റർ ചെയ്ത യുഎപിഎ കേസ്സുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിളിലും ഹർജി നൽകിയിട്ടുണ്ട്.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ൽ വളയം പൊലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് കേരള ഹൈക്കോടതി രൂപേഷിന്റെ വിടുതൽ ഹർജി അംഗീകരിച്ചത്. രാജ്യദ്രോഹ കേസിൽ പ്രോസിക്യുഷൻ അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
യു.എ.പി.എ നിയമം അനുസരിച്ച് പ്രോസിക്യുഷൻ അനുമതി സമയ ബന്ധിതമായി ലഭിക്കണം എന്നത് നിർദ്ദേശക സ്വഭാവം ഉള്ള വ്യവസ്ഥയാണെന്നും, അത് നിർബന്ധമല്ലെന്നുമാണ് കേരളത്തിന്റെ വാദം.