കൊച്ചി: തോമസ് ചാക്കോ ആട് തോമയായപ്പോൾ സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. സ്ഥടികത്തിലെ മോഹൻലാലിന്റെ മുണ്ടുപറിച്ചുള്ള അടിയാണ് രൂപേഷ് പീതാംബരൻ അംഗരാജ്യത്തിലെ ജിമ്മന്മാർ എന്ന സിനിമയുടെ ആദ്യ ടീസറിൽ കാണിച്ചിരിക്കുന്നത്. സ്ഫടികത്തിൽ ആട് തോമയുടെ കുട്ടിക്കാലം അഭിനയിച്ചത് രൂപേഷായിരുന്നു.

'സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം'- എന്നാണ് ടീസർ പോസ്റ്റ് ചെയ്തുകൊണ്ട് രൂപേഷ് വ്യക്തമാക്കിയത്.

നവാഗതനായ പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അംഗരാജ്യത്തിലെ ജിമ്മന്മാർ'. സുദേവ് നായർ, റോണി ഡേവിഡ് രാജ്, രാജീവ് പിള്ള, ശങ്കർ ഇന്ദുചൂഢൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.