നെടുമ്പാശേരി: ശബരിമലയിലെ ചരക്കു നീക്കത്തിനായുള്ള റോപ്‌വേ അടുത്ത മണ്ഡലകാലത്തോടെ യാഥാർത്ഥ്യമാകുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എംപി. ഗോവിന്ദൻനായർ പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിലെ നിർണ്ണായക ശുപാർശയാണ് ഇത്.

കൊൽക്കത്തയിലെ ദാമോദർ റോപ്‌വേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 30 വർഷത്തെ ബി.ഒ.ടി അടിസ്ഥാനത്തിൽ 22 കോടി രൂപയ്ക്ക് നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. സ്വകാര്യവ്യക്തികളുടെയും ചരക്കുകൾ നിശ്ചിത ഫീസ് നൽകി റോപ്‌വേയിലൂടെ കൊണ്ടുപോകാം. മരം മുറിക്കൽ പോലുള്ള സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ് നിർമ്മാണം വൈകുന്നത്. കോടതി അനുമതിയോടെ ഇത് എത്രയും വേഗം നിർമ്മാണം തുടങ്ങാനാണ് ആലോചന.

ശബരിമലയിൽ അന്നദാനം നടത്താൻ ചില തട്ടിപ്പ് സംഘങ്ങളെത്തുന്നതായി വിജിലൻസ് റിപ്പോർട്ടുണ്ടെന്നും ദേവസം ബോർഡ് പ്രസിഡന്റ് പറഞ്ഞു. അതുകൊണ്ടാണ് അപേക്ഷ നൽകിയ എല്ലാവർക്കും അന്നദാനത്തിന് അനുമതി നൽകാത്തത്. അന്നദാനത്തിനെന്ന പേരിൽ ചിലർ പണപ്പിരിവു നടത്തുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

വിശ്വാസികളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. അപേക്ഷകരെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമേ അനുമതി നൽകൂ എന്നും ദേവസം ബോർഡ് പ്രസിഡന്റ് അറിയിച്ചു.