കൊച്ചി: ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുവാനും കൗരവർക്കെതിരെ പാണ്ഡവർ ആയുധമെടുത്തതുപോലെ ഹിന്ദുക്കൾ ആയുധമെടുക്കണമെന്ന ആർഎസ്എസ് പ്രഭാഷകൻ ഡോ. എൻ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന് യുവതി നൽകിയ മറുപടി സോഷ്യൽ മീഡിയായിൽ വൈറലാകുന്നു. ഹൈന്ദവ കുടുംബത്തിൽ ജനിച്ചു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദേവി മേനോൻ (റോസ് മരിയ) എന്ന യുവതി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയായിൽ വൈറലാകുന്നത്.

-- ''ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ''. ഇത് ഗോപാലകൃഷ്ണൻ എന്ന വ്യക്തിക്കുള്ള ഉത്തരങ്ങൾ ആണ്. താങ്കളുടെ ഒരു പ്രഭാഷണഭാഗം അടുത്തിടെ കേൾക്കാനിടയായി. നല്ല ചിന്താഗതിയുള്ള ഒരു മനുഷ്യനിൽ വർഗീയത വളർന്നു വന്നാൽ ചിന്തകൾ എത്രമാത്രം വികലമാവും എന്നുള്ളതിന് ഉത്തമോദാഹരണമാണ് അങ്ങയുടെ ചില പ്രഭാഷണങ്ങൾ. ഞാൻ വിശ്വസിക്കുന്ന, എന്റെ ജീവിതത്തിന്റെ വെളിച്ചമായ വി.ബൈബിളിനെയും ഈശോയെയും ആക്ഷേപിച്ച താങ്കളുടെടെ ചില അപക്വമായ പ്രസ്താവനകൾക്ക് എന്റെ ചെറിയ അറിവിൽ ഒരു മറുപടി.

താങ്കൾ പറയുന്നുണ്ട്, 'ഹിന്ദുധർമ്മത്തെ സംരക്ഷിക്കാൻ ബൈബിളിലെ സത്യങ്ങൾ പച്ചയ്ക്ക് വിളിച്ചു പറയണ'മെന്ന് ഇത് ശരിയാണോന്നു എനിക്കറിയില്ല, എന്നാൽ ഒരുകാര്യം ഉറപ്പാണ്, ലോകധർമ്മത്തെ സംരക്ഷിക്കാൻ വി.ബൈബിളിലെ സത്യങ്ങൾ വിളിച്ചു പറയണം. ബൈബിളിൽ ഇല്ലാത്തത് എന്തെങ്കിലും അങ്ങ് പറഞ്ഞു എന്ന് തെളിയിച്ചാൽ, ഒരാളെങ്കിലും പറഞ്ഞാൽ 'എന്ത് ശിക്ഷയും അങ്ങ് ഏറ്റുവാങ്ങാൻ തയ്യാറാണെന്ന്' ശിക്ഷ ഏറ്റുവാങ്ങേണ്ട, ഒരു നന്മ ചെയ്താൽ മതി വി.ബൈബിളിനും ഈശോയ്ക്കും എതിരെയുള്ള ഈ അപവാദപ്രചാരണങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും പറ്റുമെങ്കിൽ ഒന്ന്‌നിർത്തുക. താങ്കൾ തുടർന്നാലും സാരമില്ല, ഈശോയുടെ യഥാർത്ഥ വിശ്വാസികളുടെ മനസ്സിൽ നൂലിഴയുടെ ചലനം പോലും സൃഷ്ടിക്കാൻ താങ്കളുടെ ദുഷ്പ്രചരണങ്ങൾക്ക് സാധിക്കില്ല.

താങ്കൾ പറഞ്ഞു 'സർപ്പത്തിന്റെ വിഷവും, മാടപ്രാവിന്റെ നിഷ്‌കളങ്കതയും' ബൈബിളിൽ എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
മത്തായി 10:16ൽ പറഞ്ഞിരിക്കുന്നത് ''നിങ്ങൾ സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്‌കളങ്കരുമായിരിക്കുവിൻ'' എന്നാണ്. വിവേകം എന്ന വാക്കിനു ബുദ്ധി എന്നാണ് എന്റെ അദ്ധ്യാപകർ പഠിപ്പിച്ചിരിക്കുന്നത്. വിവേകം താങ്കൾ വിഷമാക്കി ഇത്രയും വിഷം കലർത്താൻ താങ്കളെപോലെയുള്ള വ്യക്തിത്വത്തിന് എങ്ങനെ സാധിച്ചു?

താങ്കളെ ഒന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ, പുത്തൻകുരിശിലെ, പുത്തൻകാവിലെ, ചാലപറമ്പിലെ മഹാദേവിയുടെ മുന്നിൽ ഇരുന്നു അങ്ങ് പറയാൻ ആഗ്രഹിക്കേണ്ടത് എന്റെ ഈശോയുടെ വളച്ചൊടിച്ച തിരുവചന വ്യാഖ്യാനങ്ങൾ അല്ല. താങ്കൾക്ക് അവിടെ പറയാൻ ശ്രീമഹാഭാഗവതമുണ്ട്, ദേവിമാഹാത്മ്യമുണ്ട്, വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും ഒക്കെയുണ്ട്. താങ്കൾ വി.ബൈബിളിനെയും ഈശോയെയും ഇങ്ങനെ ഭയക്കുന്നത് എന്തിനാണ്? ക്രിസ്തുവിനെ സ്‌നേഹിച്ചുപോയാൽ ക്രിസ്ത്യാനി ആവുമോന്ന് താങ്കൾ ഭയക്കേണ്ട, ഈശോയെ സ്‌നേഹിച്ചാൽ നന്മ നിറഞ്ഞ ജന്മം ആവാൻ സാധിക്കും.

ഇനി, താങ്കൾ ചൂണ്ടികാട്ടിയ തിരുവചനങ്ങളിലേക്ക് വി.മത്തായി ശ്ലീഹ എഴുതിയ സുവിശേഷത്തിലെ 10ആം അദ്ധ്യായത്തിലെ തിരുവചനങ്ങൾ ആണത് അതിലെ ഉള്ളടക്കം; അപ്പോസ്തൽന്മാരെ അയക്കുന്നു, പീഡകളുടെ കാലം, നിർഭയം സാക്ഷ്യം നൽകുക, സമാധാനമല്ല ഭിന്നതകൾ, പ്രതിഫല വാഗ്ദാനം എന്നിവയാണ്. ക്രിസ്തുശിഷ്യർ നേരിടേണ്ടി വരുന്ന വിഷമഘട്ടങ്ങളിൽ ഒന്ന് മാത്രമാണ് അത്. ജടികമായ ബന്ധങ്ങളെയെല്ലാം പൊട്ടിച്ചെറിഞ്ഞാലെ ആത്മീയമായി പൂർണ്ണസ്വാതന്ത്ര്യം നമുക്ക് കിട്ടുകയോള്ളൂ എന്ന് ഈശോ നമുക്ക് പറഞ്ഞുതരുന്നു. ഇവിടുത്തെ 'ഭിന്നിപ്പിക്കൽ' മാനുഷികബന്ധങ്ങളും ആത്മീയഉണർവ്വും തമ്മിലുള്ളതാണ്. സത്യവും അസത്യവും തമ്മിലുള്ള അകൽച്ചയാണ്.

ഈശോയെ വഴിയും സത്യവും ജീവനുമായി സ്വീകരിക്കുമ്പോൾ, ചില സാഹചര്യങ്ങളിൽ, നമ്മുടെ പ്രിയപ്പെട്ടവർക്ക് അതുൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല. അന്ന് ക്രിസ്തുശിഷ്യരും, ഇന്ന് പല അനുയായികളും നേരിടുന്ന ഒരു കാര്യം തന്നെയാണ് അത്. നമ്മുടെ എല്ലാ ബന്ധങ്ങൾക്കും അപ്പുറമായിരിക്കണം ദൈവത്തോട് നമുക്കുള്ള സ്‌നേഹവും, വിശ്വാസവും, വിധേയത്വും. അത് മടികൂടാതെ വ്യക്തമായി പറഞ്ഞു തന്ന ഗുരുവാണ് ''ഈശോ മിശിഹ''. മത്തായി 10:10 ഓർത്താൽ മതി ആത്മീയതയിൽ ബലം നേടാൻ. ഇവിടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്, നമ്മുടെ വിശ്വാസത്തിനു എതിരെ നിൽക്കുന്നവരെ ഒക്കെ കൊന്നൊടുക്കാനല്ല ഈശോ പറഞ്ഞത്.

സ്വന്തം കുരിശെടുത്ത് തന്നെ അനുഗമിക്കാനാണ് പറഞ്ഞു തന്നത്. വ്യക്തികൾ തമ്മിലുള്ള ഒരു യുദ്ധവും ഈശോ പറഞ്ഞുതന്നിട്ടില്ല, ആത്മീയവും ഭൗതികവുമായ തലം ഏറ്റുമുട്ടുമ്പോൾ ആത്മീയവിജയം കൈവരിക്കാൻ വേണ്ടുന്ന കാര്യങ്ങളാണ് പറഞ്ഞുതന്നിട്ടുള്ളത്. മേൽപ്പറഞ്ഞ വചനഭാഗങ്ങൾ വ്യക്തമാകാൻ അധികം പ്രയാസപ്പെടേണ്ട, ഒരാവർത്തി ആ അദ്ധ്യായം ഒന്ന് പൂർണമായി വായിച്ചാൽ മാത്രം മതി.

തന്നെ ചതിയിലൂടെ കീഴ്‌പ്പെടുത്തിയ പടയാളികളെ ആക്രമിച്ച ശിഷ്യനോട്, ''വാളെടുത്തവൻ വാളാൽ'' എന്ന് പറഞ്ഞു (ന്യായമായ) പ്രത്യാക്രമണം പോലും തടഞ്ഞ ദൈവപുത്രനാണ് ഈശോമിശിഹ. നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം എന്ന് പറഞ്ഞു തന്ന കർത്താവ്. ഒരു കരണത്തടിച്ചാൽ മറുകരണം കൂടി കാണിച്ചു കൊടുക്കണമെന്ന് ഈ ലോകത്തിനു ആദ്യമായും അവസാനമായും പറഞ്ഞുതന്ന ദൈവം.

താങ്കൾക്ക് ഈശോയുടെ ഉപദേശം അറിയാൻ ശരിയായ താത്പര്യം ഉണ്ടെങ്കിൽ വി.ബൈബിളിലെ 2 ഭാഗങ്ങൾ വെറുതെ ഒന്ന് വായിച്ചു നോക്കൂ. മത്തായി 5:38-48, ലൂക്ക 6:27-36. വചനഭാഗം ''തിന്മയെ നന്മ കൊണ്ട് ജയിക്കുക''. ഈ ലോകത്ത് ഒരു മതഗ്രന്ഥത്തിലും നന്മ എന്താണെന്ന് ഇത്രയും ഉത്തമമായി, സുന്ദരമായി വർണ്ണിച്ചു തന്നിട്ടില്ല. അങ്ങയോടു ഒരു ചോദ്യം ശത്രുക്കളെ സ്‌നേഹിക്കാനും, അധിക്ഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും വി.ബൈബിളിൽ അല്ലാതെ എവിടെയാണ് അങ്ങ് കണ്ടിരിക്കുന്നത്.

സ്രഷ്ടാവ് ശിഷ്ടരുടെയും, ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നത് പോലെ ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ സ്‌നേഹിക്കാൻ ഈശോ അല്ലാതെ മറ്റാരാണ് ഈ ലോകത്ത് പഠിപ്പിച്ചത്? സർ, ബൈബിൾ വചനങ്ങൾ എടുത്തു താങ്കൾ യുദ്ധത്തിനു ഇറങ്ങാൻ പഠിപ്പിക്കേണ്ട, അത് അർദ്ധരാത്രി സൂര്യനെ തപ്പാൻ ഇറങ്ങുന്ന പോലെയാവും.

വി.ബൈബിളിലൂടെ ആരും ആക്രമണകാരികളോ, തീവ്രവാദികളോ ആവില്ല. എന്നാൽ ദൈവസ്‌നേഹത്തിന്റെ തീക്ഷ്ണവാദികൾ ആവും. നഷ്ടങ്ങളുടെയും, വേദനകളുടെയും കൂരിരുട്ടിൽ ജീവിതം നിൽക്കുമ്പോൾ ഉദയസൂര്യന്റെ പ്രകാശം കാണാൻ അഹം എന്ന ബോധത്തിൽ നിന്ന് മാറി ഹൃദയം കൊണ്ട് ബൈബിൾ വായിച്ചാൽ മതി. ഈശോയുടെ തിരുവചനങ്ങൾ ധ്യാനിച്ചാൽ കിട്ടുന്ന സമാധാനം വാക്കുകൾക്കും ചിന്തയ്ക്കും അതീതമാണ്. ബൈബിൾ ഒരു വലിയ രഹസ്യമാണ്, അറിയുന്തോറും നമ്മളെ ലഹരിപിടിപ്പിക്കുന്ന, ഈശോമിശിഹ എന്ന ദിവ്യസ്‌നേഹത്തെ നമുക്ക് കാണിച്ചുതരുന്ന ദൈവത്തിന്റെ വരദാനം.

അടുത്തതായി, കർത്താവിന്റെ ദിനത്തെപറ്റിയുള്ള പഴയ നിയമത്തിലെ ചില തിരുലിഖിതങ്ങൾ താങ്കൾ ഉദ്ധരിച്ചു കേട്ടു. അതിന് ഉത്തരം തരുന്നതിനു മുൻപ് പുതിയ നിയമത്തെയും പഴയ നിയമത്തെയും കുറിച്ച് ഒരു വാക്ക് വിശുദ്ധ ബൈബിൾലെ ആദ്യഭാഗമായ പഴയ നിയമത്തിൽ ഇസ്രയേലിനെയും യഹൂദന്മാരെയുംക്കുറിച്ച് പറയുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടി മുതൽക്രിസ്തുവിനു മുന്പ് വരെ ഉള്ള ദൈവത്തിന്റെ ഇടപെടലുകളേയും, ദൈവത്തിൽ നിന്ന് വഴിമാറിയാൽ ഉള്ള ശിക്ഷകളെയും, ദൈവവിശ്വാസികളുടെ രക്ഷയെയും അറിയിക്കുന്നു.

പുതിയ നിയമത്തിൽ യേശുവിന്റെ ജനനം മുതൽ പുനരുത്ഥാനം വരെ വിശദീകരിക്കുന്നതിനോടോപ്പം ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രവും ധാർമ്മികോപദേശങ്ങൾ, ആരാധനരീതികൾ, നിത്യരക്ഷ എന്നിവയും പറയുന്നു (ഖീവി1:17). പഴയ നിയമത്തിൽ പുതിയ നിയമം ഉൾക്കൊളുന്നു. പുതിയ നിയമം പഴയ നിയമത്തെ വെളിപെടുത്തുന്നു. പഴയ നിയമത്തിൽ മിശിഹായെ പ്രവചിക്കുന്നു(കമെശമവ53). പുതിയ നിയമത്തിൽ ആ മിശിഹ ആരാണെന്നു അറിയിക്കുന്നു(ഖീവി4:2526). പഴയ നിയമം ഒരു പരിചയപെടുതലാണ്, അത് ഒരു പ്രത്യേക കാലഘട്ടത്തിലെയും പരിമിതവുമാണ്. എന്നാൽപുതിയ നിയമം പൂർണ്ണവും അനന്തവും അനശ്വരവും സാർവത്രികവും ആണ്.

പുതിയ നിയമത്തിൽ പഴയ നിയമത്തെപറ്റി പരാമർശിക്കുന്നു. (1ഇീൃശിവേശമി1െ0:11, ഞീാമി1െ5:4). അതെ പോലെ പഴയ നിയമത്തിൽപുതിയ നിയമത്തിന്റെ വരവിനെ സുചിപ്പിക്കുന്നു. (ഖലൃലാശമവ31:31, കമെശമവ2:24). ഇനി ശ്രദ്ധിക്കേണ്ട ഒരു വസ്തുത പഴയ നിയമം നിയമങ്ങളെ ആധാരമായും പുതിയ നിയമം വിശ്വാസത്തെ ആധാരമായും ഉള്ളതാന്നെന്നാണ്. പഴയ നിയമത്തിൽചെറിയ ഒരു കൃപ ഉൾകൊണ്ട്ഉള്ള പാപങ്ങളോട് ദൈവത്തിനുള്ള അമർഷവും രോഷവും ആണ് പറയുന്നത്. പുതിയ നിയമത്തിൽചെറിയ ഒരു കോപം ഉണ്ടെങ്കിലും പാപികളോട് ഉള്ള ദൈവത്തിന്റെ

വലിയ കൃപയാണ് പറയുന്നത്. ഒന്ന് കർക്കശക്കാരനായ ദൈവം, ഒന്ന് ക്ഷമാശീലനും കാരുണ്യവാനുമായ ദൈവം. ഇത് പല പ്രഭാഷണങ്ങളിലെയും വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള അബദ്ധപരാമർശങ്ങൾക്കുള്ള ഉത്തരമാണ്.

ഇനി, കർത്താവിന്റെ ദിനത്തെപറ്റിയുള്ള വചനങ്ങളെപറ്റി പഴയനിയമത്തിലെ സെഫാനിയ 1ആം അദ്ധ്യായത്തിലെ അവസാനഭാഗമാണ് അങ്ങ് പറഞ്ഞത്. 2ആം അദ്ധ്യായവും 4ആം അദ്ധ്യായവും കൂടി വായിച്ചാലേ 1ഉം 3ഉം അദ്ധ്യായങ്ങൾ എന്താണെന്ന് മനസ്സിലാകൂ... കൂടാതെ അതിനു 6 പുസ്തകം മുൻപുള്ള ജോയേൽ പുസ്തകത്തിലെ 2ആം അദ്ധ്യായം കൂടി വായിക്കേണ്ടിയിരിക്കുന്നു. തന്റെ വിശുദ്ധനഗരിയിൽ ബാധിച്ചിരിക്കുന്ന തിന്മകളെ, അവിശുദ്ധിയെ ശുദ്ധീകരിക്കുന്നതിനെ പറ്റിയാണ് ആ വചനഭാഗം. കർത്താവിന്റെ ദിനത്തിന് കാത്തിരുന്നിട്ട് മാത്രം കാര്യമില്ല, കർത്താവിന് അനുയോജ്യമായ വിധത്തിൽ ജീവിച്ച് ഹൃദയവിശുദ്ധിയോടെ ആത്മാവോടെ കാത്തിരിക്കണം.

അല്ലാത്തവർക്ക് കർത്താവിന്റെ ദിനം അന്ധകാരം തന്നെയാണ്. മറ്റൊന്നുകൂടി പറഞ്ഞോട്ടെ, താങ്കൾ പറഞ്ഞ സെഫാനിയ പുസ്തകത്തിലെ അവസാനഭാഗം ഒന്ന് വായിക്കണം, ദൈവം ശിക്ഷിക്കുന്നത് രക്ഷിക്കാനാണ്, ശുദ്ധീകരിച്ച നമ്മളെ ഓർത്തു ദൈവം സന്തോഷിക്കുന്ന ഭാഗത്ത് മറ്റെങ്ങും കാണാൻ സാധിക്കാത്ത ദൈവസ്‌നേഹത്തിന്റെ വലിയൊരു ഭാവം നമുക്ക് കാണാം. ദൈവത്തെ സ്തുതിക്കുന്നത് മാത്രമല്ലെ അങ്ങ് കേട്ടിരിക്കുന്നത്. എന്നാൽ നമ്മളെ ഓർത്തു ആനന്ദഗീതമുതിർക്കുന്ന ഒരു ദൈവത്തെ ബൈബിൾ നമുക്ക് പരിചയപ്പെടുത്തിതരും.

എന്തിനാണ് താങ്കൾ സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ അസത്യത്തിൽ പൊതിഞ്ഞു നിത്യസത്യത്തെ പ്രകടിപ്പിക്കുന്നത്? താങ്കളുടെടെ മറ്റൊരു പ്രഭാഷണഭാഗം കൂടി ഓർത്തുപോവുകയാണ്. അങ്ങ് എവിടുന്നോ കേട്ട അറിവിൽ ഒരു ഭാഗം എടുത്തു ഘോരഘോരം പറഞ്ഞു, 'ബൈബിളിൽ പറയുന്നു ദൈവം ഒരു പെൺകുട്ടിയുടെ നഗ്‌നത പരസ്യമായി കാണിക്കുമെന്നും, അവളെ ചെളി വാരിയെരിയുമെന്നും ഒക്കെ, ഒരു ദൈവത്തിനു ഇങ്ങനെയൊക്കെ സാധിക്കുമോ, എന്തൊരു ദൈവമാണ് അത് എന്നൊക്കെ' കുറെ നിന്ദാകരമായ പ്രസ്താവനകൾ താങ്കൾ നടത്തി.

വെറും 3 അദ്ധ്യായം മാത്രമുള്ള ആ പുസ്തകം ഒരു പ്രാവശ്യം വായിച്ചാൽ അങ്ങ് ഇത്രയും ചെറുതാവില്ലായിരുന്നു. വളരെ വ്യക്തമായി- പ്രത്യക്ഷമായി എഴുതിയിട്ടുണ്ട്, മുന്പും ശേഷവും ഉള്ള വചനങ്ങളിൽ. അസ്സീറിയയുടെ തലസ്ഥാനമായ പാപത്തിൽ മുങ്ങികിടക്കുന്ന നിനവേ എന്ന രാജ്യത്തെക്കുറിച്ചാണ് നാഹും പ്രവാചകൻ പറഞ്ഞിരിക്കുന്നത്.

താങ്കൾ സെന്റ് ജോർജ് പുണ്യാളനെയും സെന്റ് ഫ്രാൻസിസ് സേവ്യറെയും ആക്ഷേപിച്ചു കേട്ടു. സെന്റ് ജോർജ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു റോമൻ പടയാളി ആയിരുന്നു. അദ്ധ്യേഹം 60000 യഹൂദന്മാരെ കൊന്നൊടുക്കിയ ചരിത്രം ഞാൻ ഇതുവരെ കേട്ടിട്ടില്ല. പിന്നെ ഇടപ്പള്ളി പെരുന്നാളിന് 60000 കോഴികളെ കൊല്ലുന്ന കണക്കും ഞാൻ കേട്ടിട്ടില്ല. ഈ വിലകുറഞ്ഞ കള്ളആക്ഷേപങ്ങൾ എന്തിനാണ്? കള്ളും കോഴിമുട്ടയും കോഴിയും ബലികൊടുക്കുന്ന, നേർച്ചകൊടുക്കുന്ന അമ്പലങ്ങൾ അങ്ങ് കണ്ടിട്ടില്ലേ? (പഞ്ചമകാരങ്ങൾ വളച്ചൊടിക്കുന്ന ചിലരെയും ഓർക്കുക).

ഫ്രാൻസിസ് സേവ്യർ സ്‌പൈനില് ഒരു പ്രഭുകുടുംബത്തിൽ ജനിച്ച് പിന്നീട് റോമൻ മിഷനറി ആയി. ദൗത്യത്തിന്റെ ഒരു ഭാഗമായി അദ്ധ്യേഹം പല രാജ്യങ്ങളിൽ എന്ന പോലെ ഇന്ത്യയിലും എത്തി. 2 പുസ്തകം മാത്രമായി ഗോവയിൽ കപ്പലിറങ്ങിയ അദ്ധ്യേഹം അവിടുത്തുകാരിൽ നടത്തിയ മതപരിവർത്തനം മാത്രമേ അങ്ങ് കണ്ടോള്ളൂ. വാളും എടുത്തല്ല അദ്ധ്യേഹം തെരുവിലേക്ക് ഇറങ്ങിയത്, ഒരു മണിയും കുലുക്കി തെരുവിലൂടെ നടന്നു ആത്മസ്പർശതോടെ ക്രിസ്തുസന്ദേശം പറഞ്ഞും, കഷ്ടതകളിൽ ആശ്വാസം നല്കിയുമാണ് അദ്ധ്യേഹം ദൗത്യം നടത്തിയത്.

ചില വിശ്വാസങ്ങളുമായി പൊരുത്തപ്പെടാൻ പറ്റാതിരുന്ന അസഹിഷ്ണു ആയിരുന്നു എന്ന് സമിതിക്കാം. അല്ലാതെ വികാരവിക്ഷോഭത്താൽ അതിക്രൂരനായ ഒരു തീവ്രവാദിയായി അവതരിപ്പിച്ചത് താങ്കളിലെ വർഗീയത മാത്രമാണ്. മധ്യകാലഘട്ടം പല തിന്മകളും രാജ്യം ഏറ്റുവാങ്ങിയ സമയമാണ്. പോർച്ചുഗൽ കോളനി ആയിരുന്നു ഗോവ. അവിടെ വന്ന നാവികരോ, പട്ടാളക്കാരോ, വ്യാപാരികളോ മിഷനറി പ്രവര്തനതിനല്ല വന്നതെന്ന് താങ്കൾ മറക്കരുത്. വർണ്ണവ്യവസ്ഥിതിയും, നാട്ടുരാജാക്കന്മാരും, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് കോളനി സംസ്‌കാരവും ഇന്ത്യയിൽ നടമാടിയ ക്രൂരതകൾ താങ്കൾ ഒരു വ്യക്തിയിൽ ആരോപിച്ചു. തലകുനിച്ചു നിൽക്കേണ്ടുന്ന പല സമയവും പല വിഭാഗങ്ങളിലും ഉണ്ടായതായി ചരിത്രം തെളിയിക്കുന്നുണ്ട്. ശാസ്ത്രമായാലും, ചരിത്രമായാലും, വിശ്വാസമായാലും സമാധാനം സ്ഥാപിക്കാൻ ഉപയോഗിക്കാം.

ഇനി ബൈബിളുമായി ബന്ധപ്പെട്ട താങ്കളുടെ ചില സംശയങ്ങൾ ---

താങ്കൾ ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളെ വെലുവിളിച്ച ചോദ്യത്തിനുള്ള ഉത്തരം കായേന്റെ ഭാര്യ ആര്? ആര് സൃഷ്ടിച്ചു? ബൈബിള്ളിൽ പറഞ്ഞിട്ടില്ല??.... ആദി മാതാപിതാക്കൾ ആദമും ഹവ്വയും തന്നെയാണ് കായേന്റെ ഭാര്യയുടെയും മാതാപിതാക്കൾ.ആബേലും കായേനും മാത്രമല്ല ഒരുപാട് പുത്രി പുത്രന്മാരേ അവർ സൃഷ്ടിച്ചിടുണ്ട്.മോശയുടെ കാലം വരെ സഹോദരിയെ കല്യാണം കഴിക്കുന്നതിനു എതിരെ നിയമം ഉണ്ടായിരുന്നില്ല.ആദ്യ കാലങ്ങളിൽ ഇത് എല്ലാ വിശ്വാസങ്ങളിലും നടന്നിട്ടുള്ളതാണ്. ഉൽപ്പത്തി 4:14 ലെ പരാമർശവും കായേന്റെ സഹോദരങ്ങളെകുറിച്ച് തന്നെയാണ്.

എന്റെ സംശയങ്ങൾ തീർക്കാൻ ബൈബിൾ മാത്രം മതി. താങ്കൾക്ക് വേണമെങ്കിൽ യഹൂദമതലേഖനങ്ങൾ ആയ ബുക്ക് ഓഫ് ജുബിലീസ് 4 ആം അദ്ധ്യായം കൂടി നോക്കാം, കായേൻന്റെ ഭാര്യയുടെ പേര് വരെ കിട്ടും.

പിന്നെ താങ്കൾ ഒന്ന് ശ്രദ്ധിച്ച് genesis4:1617 വായിക്കൂ... നോദിൽ നിന്ന് കായേൻ വിവാഹം കഴിച്ചു എന്ന് പറഞ്ഞിട്ടില്ല.അതിനു മുൻപേ കല്യാണം കഴിച്ചിരുന്നു.ഭാര്യുമായി ചേർന്നു എന്നാണ്പറഞ്ഞിരിക്കുന്നത്.ആ വാചകം എങ്ങനെ വേറെ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന് മനസിലാക്കികും എന്ന് അറിയുന്നില്ല.

ഇനി കാനായിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയത്-- താങ്കൾ ഒരു കാര്യം പ്രിത്യേകം ഓർമിക്കുക, ഈ സംഭവത്തെ ബൈബിൽ എടുത്തു പറയുന്നുണ്ട്. ഈശോ കാണിച്ച ആദ്യത്തെ അത്ഭുതം. വിശ്വാസം വേറെ യുക്തി വേറെ. മതപരമായ എല്ലാ കാര്യങ്ങൾക്കും ശാസ്ത്രിയ വിശകലനം വേണം എന്ന് പറഞ്ഞാൽ അത് മൂഡത്തരമായെ പറയാൻ പറ്റു. h2o c2h5ohആയി മാറുന്നതിന്റെ രാസപ്രവർത്തനം അറിയാൻ ആഗ്രഹിക്കുന്നവർ ബൈബിൾ അല്ല നോക്കേണ്ടത്. ഞാൻ കുടിക്കുന്ന ജ്യൂസിലെ മധുരം എനിക്ക് കാണാൻ കഴിയാത്തതുകൊണ്ട് അതില്ല എന്ന് പറയുന്നത് എന്റെ അറിവില്ലായ്മയാണ്.

ചില കാര്യങ്ങൾ നമ്മൾ അനുഭവിച്ച് മനസ്സിലാകേണ്ടതാണ്. നമ്മുടെ ശരീരത്തിൽ തന്നെ നമ്മുക്ക് നിയന്ത്രിക്കാൻ പറ്റുന്നതും പറ്റാത്തതും ആയ പല പ്രവർത്തനങ്ങളും ഉണ്ട്. നമ്മുടെ കൺപോള്ളകളുടെ ചലനം കാലുകളുടെയും കെകള്ളുടെയും ചലനം തുടങ്ങിയവ നമ്മുക്ക് സാധിക്കും. എന്നാൽ ഹൃദയമിടിപ്പ് ദഹനപ്രക്രിയകൾ അങ്ങനെ പലതും നമ്മുടെ നിയന്ത്രണത്തിൽ അല്ല.അതെ പോലെ ഹൃദയം നമുക്ക് എവിടെ എന്ന് അറിയാം, എന്നാൽ മനസ്സിന്റെ സ്ഥാനം നമുക്ക് പറയാൻ സാധിക്കില്ല. അങ്ങനെ പലതും ഈ പ്രപഞ്ചത്തിൽ നമ്മുക്ക് അപ്രാപ്യമായ പലതും ഉണ്ട്. സുര്യൻ കിഴക്ക് ഉദിക്കുന്നു എന്നും സുര്യൻ ഉദിക്കുന്നതുകൊണ്ട് നമ്മൾ ആ ദിശയെ കിഴക്ക് എന്ന് കരുതുന്നു എന്നും പറയാം.പല കാര്യങ്ങളിലും ശാസ്ത്രം ഉത്തരം അറിയാതെ നിന്ന് പോയിട്ടുണ്ട്.

യുക്തിക്ക് കാരണങ്ങളും വിശ്വാസത്തിനു അനുഭവും ആണ് വേണ്ടത്.ഒന്ന് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തിയും,മറ്റൊന്ന് പ്രവർത്തിയിൽ നിന്നുള്ള തത്ത്വങ്ങളുടെ കണ്ടെത്തലും ആണെന്ന് പറയാം.ബുദ്ധിക്കും ചിന്തക്കും അതീതമാണലൊ സർവശക്തനും സർവവ്യാപിയും സർവജ്ഞാനിയുമായ ദൈവം. 'സംശയാത്മാ വിനശ്യതി' എന്ന് അങ്ങും കേട്ടിട്ടില്ലേ?

 ഒന്ന് ഓർമ്മിപ്പിക്കുകയാണ്,ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ഈശോയുടെ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും വില മനസ്സിലാക്കി,അനുഭവിച്ചു തിരുവചനങ്ങളെ അനുസരിച്ചുള്ള ജീവിതമാണ്. അവിടെ സങ്കല്പങ്ങൾ അല്ല,സത്യങ്ങൾ മാത്രമേ ഉള്ളൂ.

പിന്നെ, മറ്റൊരു കാര്യംകൂടിയുണ്ട് യഹൂദനിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട 2 സമയമാണിത്. 12 വയസ്സ് ഗോത്രത്തിലെ അംഗമായി കണക്കെടുക്കുന്നതും, 30 പൗരോഹിത്യസ്വീകരണത്തിന്റെയും... ആരുടെയെങ്കിലും തോന്നലും ഭാവനയും സങ്കല്പവും കൂട്ടികുഴച്ചു പുതിയ കണ്ടെത്തലുകൾ നടത്തുന്നത് ഉത്തരം അർഹിക്കുന്നതായി തോന്നുന്നില്ല എന്നാലും... ഇസ്രയേൽ നിന്നും കാശ്മീർ എത്താനുള്ള വഴി ഉണ്ടായിരുന്നു എന്നത് ശരി തന്നെ.അതിന്റെ പേര് silk rootആണെന്ന് എവിടെയോ വായിച്ച ഒരോർമ്മ,പക്ഷെ ബാക്കിയുള്ള കാര്യങ്ങൾ--- നാഥയോഗികൾ 7, ഉദ്രകൻ,ചേതൻനാഥ് ഒക്കെ സമ്മതിച്ചു. യോഗവിദ്യയും സ്പർശനചികിൽസയും ഉള്ളത് തന്നെ.

പക്ഷെ ഒരു സംശയം എന്റെ ചെറിയ അറിവിൽ പതഞ്ജലി മഹർഷിയാണ് hatayoga കണ്ടുപിടിച്ചത്,hatayogayiൽ എവിടെയാണ് വെള്ളത്തിനു മീതെ നടക്കുന്ന പ്രയോഗം?

ശരീരത്തിന്റെ ലഘുകരണ അവസ്ഥയെ വ്യക്തമാക്കാൻ പറയുന്നതല്ലാതെ പ്രത്യേക പഠനരീതി പറയുന്നതായി അറിവില്ല.അതെ പോലെ സ്പർശന ചികിത്സയിൽ അന്ധന് കാഴ്ച കൊടുക്കാൻ സാധിക്കുന്ന രീതി,മരിച്ചവന് ജീവൻ കൊടുക്കുന്ന രീതി എവിടെയാണ് ഉള്ളത്?പിന്നെ ബൈബിളിൽ ഈശോയുടെ വസ്ത്രത്തിൽ വിശ്വാസത്തോടെ തൊട്ടപ്പോൾ അസുഖം മാറിയ ഒരനുഭവം സാക്ഷ്യപെടുത്തുന്നുണ്ട്.

ഇത് ഏതു സ്പർശന ചികിത്സയിൽപ്പെടുത്തണം? ഇതൊന്നും വേണ്ട, വി.ബൈബിളിൽ നിന്നു തന്നെ ഒരു ഭാഗം ശ്രദ്ധിച്ചാൽ മതി ഈ വാദഗതികൾഒക്കെ പൊളിയാൻ -ലൂക്ക 2ആം അദ്ധ്യായത്തിൽ 12 വയസുള്ള ബാലനായ ഈശോ വേദശാസ്ത്രികളുമായി തർക്കത്തിൽ ഏർപ്പെടുന്ന ഭാഗമുണ്ട്. അവരെ അത്ഭുതപ്പെടുത്താൻ പോന്ന അറിവ് ഈശോ ഏതു സർവകലാശാലയിൽ പോയാണോ പഠിച്ചത്?

 ഒരു നുണ 2000 വർഷം അതിജീവിച്ചു എന്നല്ല 2000 വർഷം ശ്രമിച്ചിട്ടും ഒരു സത്യത്തെ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ് സത്യം. എത്ര ശ്രമിച്ചാലും സാധിക്കാത്ത ഒരു സ്വപ്നം മാത്രമാണ് അത്.താങ്കളെ പോലെയുള്ളവർ ലോകത്തിനു വെളിച്ചം കൊടുക്കേണ്ടതിനു പകരം വർഗീയതയുടെ ഇരുട്ടിൽ ജനതയെ മൂടരുതേ... ധർമ്മത്തെ രക്ഷിച്ചോളൂ, എന്നാൽ അത് അധർമ്മത്തിൽ കൂടി ആയാൽ നിഷ്ഫലമായി പോവുകയേ ഒള്ളൂ... സമാധാനകാംക്ഷികളായ യഥാർത്ഥ ഹൈന്ദവരെ വഴിതെറ്റിച്ചു തിന്മയിൽ എത്തിക്കരുതെ...

താങ്കളെ പോലെയുള്ളവരുടെ ഇത്തരത്തിലുള്ള പ്രഭാഷണംകേട്ടു പക്വതയില്ലാത്തതും, പരിഹാസചുവയുള്ളതും, വേദനാജനകവുമായ അഭിപ്രായ പ്രകടിതരോട് ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിർത്തുന്നു. മനസ്സിൽ നന്മയുള്ള ഹൈന്ദവരേ ഞാനിതിൽ ഉൾക്കൊളിച്ചിട്ടില്ല, മുപ്പത്തിമൂന്നര വർഷം ഞാൻ വിശ്വസിച്ചവയെയും ആചാരങ്ങളെയും ഞാൻ ആക്ഷേപിക്കില്ല. ഹിന്ദു സഹോദരങ്ങളെയും വിശ്വാസങ്ങളെയും, ആചാരങ്ങളെയും ഇന്നും ബഹുമാനിക്കാൻ പോന്ന ആത്മീയ-മാനസിക പക്വത തന്ന ഈശോയെ ഓർത്തു ഞാൻ സന്തോഷിക്കുന്നു- അഭിമാനിക്കുന്നു. ചിലർക്ക് ചിലത് മനസ്സിലാക്കാൻ ചിലതൊക്കെ ചോദിക്കാതെ നിവർത്തിയില്ലാത്തത്‌കൊണ്ട് മാത്രം ചോദിച്ചു പോവുകയാണ് ---

താങ്കളെപ്പോലെയുള്ള ചിലർക്ക് നമ്മുടെ ശത്രുവിന്(തിന്മയ്ക്കു) എതിരെയുള്ള ദൈവത്തിന്റെ ചില വചനങ്ങൾ ഇത്രയ്ക്കും അലോസരമുണ്ടാക്കിയോ? ചില കാര്യങ്ങൾ ചോദിച്ചു പോവുകയാണ് -- ഈ ലോകത്ത് പല മതങ്ങൾ ഉണ്ടെങ്കിലും ശത്രുസംഹാരപൂജ ചെയ്യുന്നത് ഹൈന്ദവക്ഷേത്രങ്ങളിൽ മാത്രമാണ്, സംഹാരമൂർത്തിയായ പരമശിവൻ ഒരു പ്രധാന ആരാധനാമൂർത്തിയാണ്, വധം നടത്താത്ത എത്ര മൂർത്തികളെ കാണിച്ചുതരാൻ സാധിക്കും?

പ്രധാനപ്പെട്ട പ്രാർത്ഥനകളിലൊക്കെ ശത്രുരക്ഷ മന്ത്രങ്ങൾ ഉണ്ട്. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ പലതും വധത്തിനായിരുന്നു എന്ന് പറഞ്ഞാൽ എതിർക്കാൻ സാധിക്കുമോ? ജഗദംബയുടെ ഭാവമായ മഹിഷാസുരമർദ്ദിനിയോ? ശ്രീലളിതാംബിക സർവസ്‌നേഹസ്വരൂപിണിയാണ്. പൂർണ സ്‌നേഹാദരങ്ങളോടെ ബ്രഹ്മാണ്ടപുരാണത്തിലെ ശ്രീലളിതസഹസ്രനാമത്തിലെ ആദ്യത്തെ 6 വരികൾ ഉദ്ധരിക്കുന്നു.... ''ശ്രീമാതാ ശ്രീമഹാരാജ്ഞി ....... ക്രോധാകാരഅന്ഗുഷോജ്വലാ'' ഇതിനർത്ഥം എന്താണെന്ന് താങ്കൾ പറയാമോ?

ഞാനീ പറഞ്ഞതിനെല്ലാം സ്വാതികവശങ്ങൾ ഉണ്ടെന്ന് അതിനെപറ്റിയൊക്കെ പഠിച്ചാൽ അറിയാം. ഹിരണ്യകശ്യപു എന്ന അസുരനെ വധിക്കുന്നതിനെക്കാൾ പ്രഹ്ലാദൻ എന്ന ഭക്തനോടുള്ള സ്‌നേഹമാണ് നരസിംഹാവതാരം എന്നറിയാം. അവിടെ ഭിന്നിപ്പിക്കലിന്റെ മറ്റൊരു വശം കാണാൻ സാധിച്ചില്ലേ? ശത്രു അസുരതയാണ്, സ്വാർഥതയാണ്... എല്ലാ മതങ്ങളുടെയും കാര്യം ഇങ്ങനെയാണ്. പഠിക്കാതെ, അറിയാതെ വിളിച്ചു പറയരുത്.

അറിവ് ഉപയോഗിക്കേണ്ടത് വിദ്വേഷം വളർത്താനല്ല, സമാധാനം വളർത്താനാണ്. താങ്കൾക്ക് പറയാനും പ്രചരിപ്പിക്കാനും ഹൈന്ദവധര്മങ്ങളും വിശ്വാസങ്ങളും ഉണ്ട്. ശ്രീകൃഷ്ണൻ ഓടക്കുഴൽ എടുത്തത് എന്തുകൊണ്ടാണെന്ന് താങ്കൾക്ക് അറിയാമല്ലോ, വിശ്വാസങ്ങളെക്കുറിച്ച് പറയുമ്പോൾ അങ്ങ് അത് മറന്നു പോകരുതേ. ചില ഹൈന്ദവദൈവങ്ങളുടെ വർണ്ണം നീല ആയതു എന്തുകൊണ്ടാണെന്ന് അറിയാമല്ലോ, സമുദ്രം ആകാശം അനന്തവും അപ്രാപ്യവും ആയ ബന്ധം... ശബരിമലയിൽ സ്ത്രീപ്രവേശനം നിഷേധിക്കാനുള്ള കാരണം മൂർത്തിഭാവവും പൂജാവിധിയും അടിസ്ഥാനകാരണങ്ങളും... ഇതൊക്കെ അങ്ങ് വിളിച്ചുപറയൂ...

ആസ്തിക-നാസ്തിക-സ്വാസ്തിക അധിഷ്ഠിതമായ ന്യായത്തിൽ തുടങ്ങി ഉത്തരമീമാംസ വരെയുള്ള ഷട്ദർശനങ്ങൾ എല്ലാ ഹൈന്ദവരും അറിയട്ടെ... അച്യുതൻ എന്ന വാക്കിനു ച്യുതി ഇല്ലാത്തവൻ എന്ന അർത്ഥം ഉണ്ടല്ലോ, ഹിന്ദുധർമ്മത്തിന് ച്യുതി വരാതിരിക്കാൻ താങ്കൾ ബൈബിൾ വളച്ചൊടിക്കേണ്ട, ചിലർ വളച്ചൊടിക്കുന്ന ഹിന്ദുധർമ്മത്തെ മനസ്സിലാക്കിച്ചു കൊടുത്താൽ മതി...

ഉദാഹരണത്തിനു, 64കലകളും (ഗീത-വാദ്യ-നൃത്യ-നാട്യ-ആലേഖ്യ...ലരേ), 14വിദ്യകളും (4വേദങ്ങളും, 4ഉപവേദങ്ങളും, 6വേദാന്ഗംങ്ങൾ) എന്താണെന്ന് ഒക്കെ പറഞ്ഞു കൊടുക്കണം. കാമകലകൾ കുണ്ടലിനിധ്യാനമാണെന്നും, എണ്ണം 64 ആവാൻ കാരണം സഹസ്രാരത്തിലെ 1036 (592പ്ലസ് വൺ44+300) ബീജമന്ത്രങ്ങളെ 16സ്വരകലകളുമായി ഭാഗിക്കുമ്പോൾ കിട്ടുന്നതാണെന്നും പറഞ്ഞുകൊടുക്കണം അങ്ങ്. കാരണം, പലരും മേൽപ്പറഞ്ഞ 2 കലകളെയും ഒരു ബന്ധവും ഇല്ലാത്ത വാത്സയനമഹർഷിയുടെ 2ഗ്രന്ഥങ്ങളിൽ എല്ലാ കാലങ്ങളിലും പ്രസിദ്ധിയാർജിച്ച ഗ്രന്ഥമായ കാമശാസ്ത്രത്തിലെ 64കലകളായി കൂട്ടിക്കുഴച്ച് ശ്രീകൃഷ്ണനെയും, തന്ത്രത്തെയും വേറെ രീതിയിൽ പരിചയപ്പെടുത്തുന്നുണ്ട്. യോഗിയെ ഭോഗിയാക്കുന്ന രീതി. അങ്ങ് ഇതിനെതിരെയൊക്കെ പ്രതികരിക്കൂ...

ഒരു ചെറിയകാര്യം കൂടി, താങ്കൾ കത്തോലിക്കാതിരുസഭയുടെ സന്യാസത്തെ ആക്ഷേപിക്കാൻ വേണ്ടി ബ്രഹ്മചര്യം അസാധ്യം എന്ന് പറയുന്നുണ്ട്. ആധികാരികമായി പറയുന്നില്ല, വളരെ ലളിതമായി പറയാൻ ശ്രമിക്കുന്നു. ദൈവസ്‌നേഹത്തെ ശരിയായ രീതിയിൽ അറിഞ്ഞാൽ നിസ്സാരമാണ് ബ്രഹ്മചര്യാപാലനം. ഇന്നത്തെ തലമുറയ്ക്ക് വരെ അറിയാം. സ്‌നേഹത്തിനു അസാധ്യമായി ഒന്നുമില്ലാന്ന്. മോയ്തിനെ ഓർത്തു കാഞ്ചനമാലയ്ക്കു ആ വൃതം അനുഷ്ടിക്കാം, ആർക്കും സംശയമില്ല. അവിടെയും ഒരു കാര്യം ഓർക്കണം, അത് ജടികപ്രണയമല്ല, (വിപുലമായി പറയുന്നില്ല, പ്ലേറ്റോ എന്ന തത്വചിന്തകൻ പറഞ്ഞുതന്ന സ്‌നേഹത്തിന്റെ ഒരു ഉദാത്തഭാവം) ആണ്.

ആത്മാവിൽ സ്‌നേഹം അറിഞ്ഞാൽ എന്തും സാധ്യം. ഇങ്ങനെ പലരും കഥകളിലും ജീവിതത്തിലും ഉണ്ട്, സ്‌നേഹം വ്യക്തിയോടാവാം, തൊഴിലിനോടാവാം, സ്ഥാനതോടാവാം, സ്വത്തിനോടാവാം, രാഷ്ട്രത്തോടാവാം, സേവനത്തോടാവാം നമുക്ക് എതിർപ്പില്ല. ദൈവവുമായി ബന്ധപ്പെടുമ്പോൾ അസാധ്യം. എങ്ങനെയുള്ളവർ ആണ് അസാധ്യമെന്നു പറയുന്നത് ദൈവത്തെ സങ്കൽപ്പമായി മാത്രം കാണാൻ സാധിക്കുന്നവർ, ആ അനന്തശക്തിയെ, ദിവ്യസ്‌നേഹത്തെ തിരിച്ചറിഞ്ഞാൽ എല്ലാം സാധ്യം. 'ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ' അത്രയേ ഒള്ളൂ. ശരീരത്തിന്റെ 4 ആഗ്രഹങ്ങളിൽ നമുക്ക് പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്ന ഒന്ന് കാമം മാത്രമാണ്. സൃഷ്ടികൾക്ക് വേണ്ടി തന്നെ സൂക്ഷിക്കാമെങ്കിൽ, സൃഷ്ടാവിന് വേണ്ടിയാണോ തന്നെ പൂർണമായി സമർപ്പിക്കാൻ സാധിക്കാത്തത്? ഇനി ഇങ്ങനെയൊന്നും പറയരുതേ..!

വിഗ്രഹാരാധനയെ എതിർക്കുന്നത് വി.ബൈബിൾ മാത്രമാണെന്ന് പറയരുതേ? യജുർവേദത്തിലെ 32ആം അദ്ധ്യായത്തിലെ 'ന തസ്യ പ്രതിമാ അസ്തി യസ്യ നാമ മഹദ്യശ:' യുടെ പ്രത്യക്ഷഅർത്ഥം എന്താണ്? 40ആമ് അദ്ധ്യായം 9ഉം ഓർക്കൂ. ശ്രീമദ്ഭഗവത്ഗീതയിലെ 7ആം അദ്ധ്യായമായ ജ്ഞാനവിജ്ഞാനയോഗത്തിലെ 24ആം വരികൾ നോക്കൂ. പ്രത്യക്ഷഅർത്ഥം നോക്കിയാൽ പല മൂർത്തിഭാവങ്ങളും വ്യർത്ഥമാണെന്ന് തോന്നും. വിശേഷമായി വഹിക്കേണ്ടത് വിവാഹം, വിശേഷമായി ഗ്രഹിക്കേണ്ടത്/ മനസ്സിലാക്കുന്നത് വിഗ്രഹം. 'വിശേഷാൽ ഗ്രാഹ്യതെ ഇതി വിഗ്രഹ:' എന്നാണല്ലോ. ഈ ലോകത്തിൽ സവിശേഷമായി മനസ്സിൽ വയ്‌ക്കേണ്ടത് ദൈവത്തെ മാത്രമാണ്. മനസ്സിൽ വ്യക്തികളോ, ആഗ്രഹങ്ങലോ, സ്വാർഥതയോ സ്ഥാനം പിടിക്കുമ്പോൾ ആ വിഗ്രഹങ്ങളെ തച്ചുടച്ചാലെ ആത്മീയമായി ഉയരൂ. സൃഷ്ടവസ്തുകളിലേക്കും ലൗകികമായതിലെക്കുമുള്ള ശ്രദ്ധയാണ് വിഗ്രഹാരാധന.

താങ്കളെ പോലെയുള്ള ഒരാൾ ബൈബിളിനെ വളച്ചൊടിച്ചു ആക്ഷേപിക്കുമ്പോൾ ആയിരകണക്കിന് റോസ് മരിയമാർ ചങ്ക്പറിച്ചു കൊടുത്തു ഈശോയെ സ്‌നേഹിക്കാൻ ഉണർന്നെഴുന്നേൽക്കും. അതിനു അവസാനം ഉണ്ടാവില്ല, കാരണം ഈശോയുടെ സ്‌നേഹം അങ്ങനെയാണ്, അനുഭവിച്ചറിഞ്ഞാൽ ഹൃദയത്തിലെ പ്രാണന്റെ ചൂട് പോയി ശവമായാലും, ഒന്നിനും ആർക്കും ആ സ്‌നേഹത്തിൽ നിന്ന് അകറ്റാൻ സാധിക്കില്ല.

മരണം വരെ ഹിന്ദു ആയിരിക്കുമെന്നു വെല്ലുവിളിച്ചിരുന്ന- ആദ്യമായി വിമർശിക്കാൻ വേണ്ടി ബൈബിൾ കൈയിലെടുത്ത ദേവി മേനോൻ, ജീവിക്കുന്നെങ്കിൽ ഒരു ദിവസമെങ്കിലും എന്റെ ഈശോയുടെതായി ജീവിക്കണം എന്ന് നെഞ്ചുപൊട്ടി കരഞ്ഞു പ്രാർത്ഥിച്ച- ജീവിച്ചാലും മരിച്ചാലും ഈശോയ്ക്കു വേണ്ടി എന്ന് പ്രാർത്ഥിക്കുന്ന റോസ് മരിയ ആയി മാറിയ എന്റെ ജീവിതസാക്ഷ്യമാണ് അതിനുള്ള തെളിവ്.

തുടർ വാഗ്വാദങ്ങൾക്കോ, ചർച്ചയ്‌ക്കോ ഞാനില്ല. എന്റെ ഈശോയെ സ്‌നേഹിക്കാൻ എനിക്ക് സമയം തികയുന്നില്ല, സ്‌നേഹിച്ചും ആ സ്‌നേഹം അനുഭവിച്ചു കൊതിതീരുന്നില്ല, തർക്കത്തിന് എന്റെ പക്കൽ സമയമില്ല. അതിനാൽ ഇതോടെ നിർത്തുകയാണ്. താങ്കളെയോ, ആരെയെങ്കിലുമോ വേദനിപ്പിച്ചെങ്കിൽ ക്രൂശിതനായ എന്റെ നാഥനെ ഓർത്തു മാപ്പ് ചോദിക്കുന്നു. ഈശോയുടെ സമാധാനം ഏവർക്കും ആശംസിച്ചുകൊണ്ട് ഈശോയുടെ റോസ് മരിയ.