കാശത്തെ ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യന് എന്നും വിസ്മയം തീർത്ത വസ്തുതകളാണ്. ഒടുങ്ങാത്ത അഭിനിവേശത്തിന്റെ പരിശ്രമത്തിൽ മനുഷ്യരുടെ കാലാകാലങ്ങളായുള്ള പരീക്ഷണനിരീക്ഷണങ്ങളുടെയും കഠിനപരിശ്രമങ്ങളുടെയും ഒടുവിൽ മനുഷ്യന് ചന്ദ്രനിൽ കാൽ കുത്താനും ചൊവ്വയിലേക്ക് പര്യവേഷണപേടകമയക്കാനും സാധിച്ചു. ഇതിന് പുറമെ നിർണായകമായ പല ബഹിരാകാശ പര്യവേഷണങ്ങളും നടത്താനും മനുഷ്യന് സാധിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം വാൽനക്ഷത്രം മനുഷ്യന് ബാലികേറാ മലയായിരുന്നു. ഒരു വാൽനക്ഷത്രത്തിലേക്കും ബഹിരാകാശ പേടകത്തെ അയക്കാൻ നമുക്ക് സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ ആ നേട്ടവും മാനവരാശിയുടെ കൈപ്പിടിയിലൊതുങ്ങാൻ പോകുകയാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പേടകമായ റോസെറ്റ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഫിലെ ലാൻഡർ റോസെറ്റെ പേടകത്തിൽ നിന്നു വേർപെടുന്നതോടെ ധൂമകേതുവിനെ അടുത്തറിയാനുള്ള മനുഷ്യന്റെ പര്യവേഷണങ്ങളിൽ ഒരു വഴിത്തിരിവുണ്ടാകാൻ പോകുകയാണ്. തുടർന്ന് ഏഴ് മണിക്കൂർ ദൈർഘ്യമുള്ള സങ്കീർണമായ പറന്നിറങ്ങലും നടക്കും. 67പി/ ചുരിയുമോ ഗരസിമങ്കോ എന്ന വാൽനക്ഷത്രത്തിലേക്കാണ് റോസെറ്റ പേടകം പറന്നിറങ്ങി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഒരു വാൽനക്ഷത്രത്തിൽ പറന്നിറങ്ങുന്ന പ്രഥമ ബഹിരാകാശ പേടകമെന്ന റെക്കോർഡ് പിന്നീട് റോസെറ്റയ്ക്ക് സ്വന്തം.

നീണ്ട പത്ത് വർഷത്തെ യാത്രക്കൊടുവിലാണിപ്പോൾ റോസെറ്റ ഈ വാൽനക്ഷത്രത്തിന് ചാരെയെത്തിയിരിക്കുന്നത്. 2004 മാർച്ച് രണ്ടിനായിന്നു ഇത് പ്രയാണമാരംഭിച്ചത്.ഭൂമിയിൽ നിന്നും 480 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ വാൽനക്ഷത്രം നിലകൊള്ളുന്നത്.

2014 ഓഗസ്റ്റിലാണ് റോസെറ്റ ചുരിയുമോയെ പ്രദക്ഷിണം വയ്ക്കാനാരംഭിച്ചത്. രണ്ടു പേടകങ്ങൾ ചേർന്നതാണ് റോസെറ്റെ. ഇതിൽ ഫിലെ ലാൻഡറാണ് ധൂമകേതുവിൽ ഇന്ന് ഇറങ്ങുന്നത്. മറ്റേ പേടകമായ റോസെറ്റെ സ്‌പേസ് പ്രോബ് പ്രസ്തുത വാൽനക്ഷത്രത്തെ ഭ്രമണം ചെയ്യുകയും ചെയ്യും. എന്നാൽ ഈ പറന്നിറക്കം അത്ര എളുപ്പമല്ല കേട്ടോ... സൂര്യന്റെ അന്തർഭാഗത്തേക്ക് മണിക്കൂറിൽ 55,000 കിലോമീറ്റർ സ്പീഡിൽ നീങ്ങുന്ന ചുരിയുമോയിലേക്കാണ് പേടകത്തിന് പറന്നിറങ്ങേണ്ടത്. വാൽനക്ഷത്രത്തിലെ ഏത് സ്ഥാനത്തേക്കാണ് പേടകം ലാൻഡ് ചെയ്യേണ്ടതെന്നതിനെ സംബന്ധിച്ച് സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്നു. ഒരു ബഹിരാകാശ പേടകം വാൽനക്ഷത്രത്തെ ഭ്രമം ചെയ്യുന്നതും അതിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമം നടത്തുന്നതും ബഹിരാകാശ ചരിത്രത്തിൽ നടാടെയാണെന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

വാൽനക്ഷത്രത്തിൽ ഭൂമിയെപ്പോലെ ഗുരുത്വബലം ശക്തമല്ലാത്തതാണ് പറന്നിറങ്ങലിനെ വിഷമകരമാക്കുന്നത്. അതിനാൽ പേടകം ലാൻഡ് ചെയ്ത ഉടൻ അത് പറന്നു പോകാതിരിക്കാൻ അതിന്റെ പാദം സ്‌ക്രൂവിന്റെ സഹായത്തോടെ ഉപരിതലത്തിൽ നിർബന്ധമായും ഉറപ്പിക്കേണ്ടി വരും. ചുരിയുമോയുടെ ഉപരിതലം ഗവേഷകരുടെ കണക്കുകൂട്ടലിനേക്കാൾ പരുക്കനായതു കാരണം ഈ ദൗത്യത്തിലെ സെക്കന്റിന്റെ ഓരോ അംശത്തിനും വില വളരെയേറെയാണ്.

മനുഷ്യരാശിയുടെ ചരിത്രത്തിലെ വിലപ്പെട്ട വിവരങ്ങളാണ് ഈ ദൗത്യത്തിന്റെ വിജയത്തിലൂടെ അനാവരണം ചെയ്യപ്പെടുകയെന്ന് കരുതുന്നു. ധൂമകേതുവിൽ ഇറങ്ങുന്ന ഫിലെ ലാൻഡറിലെ ഉപകരണങ്ങൾ വാൽനക്ഷത്രത്തിന്റെ പ്രതലം ഒമ്പതിഞ്ച് വരെ ആഴത്തിൽ തുരക്കും. തുടർന്ന് അതിലെ ദ്രവ്യത്തിന്റെ ധാതുഘടന വിശദമായ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും. ഗ്രഹങ്ങൾ പിറവി കൊള്ളുന്നതിന് മുമ്പുള്ള സൗരയൂഥത്തിന്റെ ഘടന ഇന്നും ശാസ്ത്രജ്ഞന്മാർക്ക് അജ്ഞാതമാമ്. റോസെറ്റെ നടത്തുന്ന പര്യവേഷണത്തിലൂടെ ഇതു സംബന്ധിച്ച വിലയേറിയ വിവരങ്ങൾ കരഗതമാകുമെന്നാണ് ഗവേഷകർ ശുഭാപ്തി വിശ്വാസം പുലർത്തുന്നത്. റോസെറ്റയിൽ നിന്നും ഭൂമിയിലെ മിഷൻ കൺട്രോളിലേക്ക് സന്ദേശങ്ങളെത്താൻ 28 മിനുറ്റും 20സെക്കൻഡുകളുമെടുക്കും. 510 ദശലക്ഷം കിലോമീറ്ററുകൾ താണ്ടിയായിരിക്കും ഈ സന്ദേശങ്ങൾ ഭൂമിയിലെത്തുന്നത്. അതുപോലെത്തന്നെ ഇവിടെ നിന്നും ഒരു നിയന്ത്രണസന്ദേശമയച്ചാലും അത് അവിടെയെത്തി പ്രാവർത്തിമാകാനും സമയമെടുക്കുന്നത് ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന ഭയാശങ്കയും ശാസ്ത്രജ്ഞർക്കുണ്ട്.