- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു മന്ത്രി സ്ഥാനം മാത്രം കിട്ടിയാൽ രണ്ടില പാർട്ടിയിൽ നിന്ന് കാബിനറ്റിൽ അംഗമാവുക റോഷി അഗസ്റ്റിൻ തന്നെ; നിയസഭാ കക്ഷിയിൽ ഇടുക്കി എംഎൽഎയ്ക്ക് ഒന്നാം സ്ഥാനം നൽകി ജോസ് കെ മാണി; ജയരാജ് ഡെപ്യൂട്ടി ലീഡർ; പാർട്ടിക്കു കിട്ടുന്ന രണ്ടാം പദവി കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കും; കേരളാ കോൺഗ്രസിൽ എല്ലാം പ്രതീക്ഷിച്ചതു പോലെ
തിരുവനന്തപുരം: കേരളാ കോൺഗ്രസിന് ഏക മന്ത്രിയാണുള്ളതെങ്കിൽ അത് റോഷി അഗസ്റ്റിൻ തന്നെ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കേരളാ കോൺഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനേയും, ഡെപ്യൂട്ടി ലീഡറായി ഡോ. എൻ ജയരാജിനെയും, പാർട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാർലമെന്ററി പാർട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും തിരഞ്ഞെടുത്തു. ഫലത്തിൽ നിയമസഭയിലെ ഒന്നാമനായി റോഷി അഗസ്റ്റിൻ മാറുകയാണ്. ജയരാജ് രണ്ടാമനും. ഇതോടെ ജോസ് കെ മാണിയുടെ തോൽവിയുടെ ഗുണം റോഷിക്ക് കിട്ടുമെന്നും ഉറപ്പായി. തോമസ് ചാഴികാടൻ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ. എ എന്നിവർ യോഗത്തിൽ പങ്കെടുത്തു
ഇടതുമന്ത്രിസഭയിൽ കേരള കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടത് രണ്ടുസീറ്റുകളാണ്. മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി സിപിഎം നേതാക്കൾ ഇന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ജോസ് കെ.മാണി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഒന്നു മാത്രമേ നൽകൂവെന്നാണ് സൂചന. രണ്ടുമന്ത്രിസ്ഥാനം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകുന്നതിൽ സിപിഎമ്മിന് താല്പര്യക്കുറവുണ്ടെന്നാണ് വിവരം. ഒരു മന്ത്രിപദവിയും ചീവ് വിപ്പ് സ്ഥാനവും ഘടകക്ഷിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ നാളെ വ്യക്തത വരും. ഏതായാലും റോഷി മന്ത്രിയാകുമെന്ന് ഉറപ്പായി. ഏവരും പ്രതീക്ഷിച്ച തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.
ഇടുക്കിയുടെ എംഎൽഎയാണ് റോഷി. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജയരാജും ജയിച്ചു. റാന്നിയിൽ അട്ടിമറി വിജയം നേടിയ പ്രമോദ് നാരായണനും നിയമസഭാ കക്ഷിയിൽ സ്ഥാനം കിട്ടി. പൂഞ്ഞാറിൽ പിസി ജോർജിനെ അട്ടിമറിച്ചാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ എത്തുന്നത്. രണ്ടാം മന്ത്രിയിൽ ജോസ് കെ മാണിക്കും കേരള കോൺഗ്രസ് എമ്മിനും നിരാശരാവേണ്ടി വരും എന്നാണ് സൂചന. അതേസമയം നാല് കക്ഷികൾക്ക് തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്കാണ് ഈ ടേം വ്യവസ്ഥ വെക്കുന്നത്. ജോസിന് പക്ഷേ നിർണായക വകുപ്പ് തന്നെ ലഭിക്കുമെന്നാണ് സൂചന.
ഗണേശ് കുമാറും, അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ഒപ്പം കോൺഗ്രസ് എസ്സുമാണ് മന്ത്രിസ്ഥാനം പങ്കിടുക. ഇവർ രണ്ടര വർഷം വീതം വകുപ്പുകൾ പങ്കിടും, ഇടതുമുന്നണിയിൽ ഒടുവിൽ ഉണ്ടായിരിക്കുന്ന ഫോർമുലയാണിത്. ഈ നാല് പാർട്ടികളും ഒറ്റ സീറ്റ് മാത്രമുള്ള പാർട്ടികലാണ്. അതേസമയം അപ്രതീക്ഷിതമായിട്ടാണ് ഈ നാല് പേരിലേക്ക് കടന്നപ്പള്ളി രാമചന്ദ്രൻ എത്തുന്നത്. അതേസമയം ഫുൾ ടേം പ്രതീക്ഷിച്ച ഗണേശ് കുമാറിന് വലിയ നിരാശയാണ് സംഭവിച്ചിരിക്കുന്നത്.
രണ്ടാം മന്ത്രിസ്ഥാനത്തിനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ജോസ് കെ മാണിക്ക് കാര്യമായ നേട്ടമുണ്ടായില്ല. സിപിഎം വീണ്ടും മന്ത്രിസ്ഥാനം കൂടുതലായി നൽകാനാവില്ലെന്ന് അറിയിച്ചു. നിലവിലുള്ള പ്രധാന വകുപ്പുകൾ വിട്ടു നൽകില്ലെന്നും സിപിഐ, സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ് സ്വീകരിക്കുമോ എന്നും അറിയില്ല. നിർണായക വകുപ്പിനായി അവർ സമ്മർദം തുടരുകയാണ്. അത് ലഭിക്കാനുള്ള മാർഗം സിപിഎം ഒരുക്കും.
സിപിഎമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാർ ഉണ്ടാവും. ഒപ്പം സ്പീക്കർ പദവിയും ഉണ്ടാവും. അതേസമയം നാല് മന്ത്രിമാരും ഒപ്പം ഡെപ്യൂട്ടി സ്പീക്കർ പദവിയും സിപിഐക്ക് ലഭിക്കും. കേരള കോൺഗ്രസ് എം, എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. അതേസമയം മന്ത്രിസ്ഥാനം പങ്കുവെക്കുന്നവരിൽ ആദ്യ ടേമിൽ ആരൊക്കെയെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുക. ആദ്യ ടേമിൽ തന്നെ ഗണേശ് കുമാർ മന്ത്രിയാവാൻ സാധ്യതയുണ്ട്.
ജോസിന് നിർണായക വകുപ്പ് തന്നെ ലഭിക്കുമെന്നാണ് സൂചന. റവന്യൂ, കൃഷി വകുപ്പുകൾ കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഐ തരില്ലെന്ന് പറഞ്ഞു. വനംവകുപ്പ് വിട്ടുനൽകും. ഈ വകുപ്പായിരിക്കും ജോസ് പക്ഷത്തിന് ലഭിക്കുക. വനംവകുപ്പിനോട് ജോസ് പക്ഷത്തിന് എതിർപ്പുമില്ല. അതേസമയം മന്ത്രിയെ പതിനെട്ടിനാണ് എൻസിപിയും ജെഡിഎസ്സും പ്രഖ്യാപിക്കുക.
ജെഡിഎസ്സിനെയും എൽജെഡിയെയും ഒറ്റ പാർട്ടിയായിട്ടാണ് പരിഗണിക്കുന്നതെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. ഇതിൽ എൽജെഡി കടുത്ത അതൃപ്തിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ