മെൽബൺ: ഇടുക്കി എംഎ‍ൽഎ യും കേരളാ കോൺഗ്രസ് (എം) നേതാവുമായ . റോഷി ഓഗസ്റ്റ്യന് ബല്ലാരറ്റിൽ രാഷ്ട്രീയ ഭേദമന്യേ മലയാളി സമൂഹം സ്വീകരണം നൽകി. കനേഡിയൻ ലേക്ക്‌സിൽ നടന്ന സ്വീകരണ യോഗത്തിൽ സിജോ ജോർജ് ഈന്തനാംകുഴി അധ്യക്ഷത വഹിച്ചു. ഫാ. സാജൻ എഴുനൂറ്റിൽ,. സിജോ കാരിക്കൽ മാണി, ജലേഷ് കൊട്ടാരത്തിൽ, നെൽസൺ സേവ്യർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ടോബിൻ അലക്‌സ് ആശംസയും, ബല്ലാരറ്റ് മലയാളി കൂട്ടായ്മയുടെ പ്രസിഡന്റ് മോഹനൻ നായർ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് സംസാരിച്ച റോഷി പൊതുപ്രവർത്തനം കക്ഷിരാഷ്ട്രീയത്തിന് അതീതവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു .ഇടുക്കി മണ്ഡലത്തിൽ കൊണ്ടുവരേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചു യോഗത്തിൽ സംബന്ധിച്ചവരോട് അഭിപ്രായങ്ങൾ ചോദിച്ച അദ്ദേഹം ഭിന്ന ശേഷിയുള്ളവർക്കു വേണ്ടി തന്റെ മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നടത്തിയ മത്സരങ്ങളെ കുറിച്ച് വിശദീകരിച്ചു.

വിദ്യാർത്ഥികളെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ പരിപാലനവും നടത്തുക വഴി ഉത്തരവാദിത്വ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ കഴിയുമെന്നും, തുടർന്നും അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയൻ ആരോഗ്യ,ടൂറിസം മേഖലകളെ മാതൃകയാക്കി ഇടുക്കിയിൽ ആരോഗ്യ മേഖലയിൽ മാറ്റങ്ങൾ വരുത്താനും, ഹിസ്റ്റോറിക്കൽ ടൂറിസം വികസിപ്പിച്ചെടുക്കുവാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഊർജ്ജ സ്വയം പര്യാപ്തതയിലൂടെ മാത്രമേ കാർഷിക മേഖലയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനം സാധ്യമാകൂ എന്നും അതിനായി പാരമ്പര്യേതര ഊർജ്ജ പദ്ധതികളെ കൂടുതൽ ആശ്രയിക്കണമെന്നു അഭിപ്രായപ്പെട്ട റോഷി, തിരക്കുകൾക്കിടയിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ തന്നോടൊപ്പം സമയം ചെലവിടുവാൻ എത്തിയ ബല്ലാരറ്റ് മലയാളികൾക്ക് നന്ദിയും പറഞ്ഞു.