കൊച്ചി: മൈ സ്‌റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്ക് ലഭിച്ചതിൽ വിഷമം ഉണ്ടെന്നും എന്നാൽ ഡിസ്ലൈക്കുകളെ ഉയർത്തിക്കാണിക്കാനല്ല മറിച്ച് എന്റെ ആദ്യചിത്രത്തിലെ ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 1.6 മില്യൺ ആളുകൾ കണ്ടു എന്നുപറയാനാണ് എനിക്കിഷ്ടമെന്നും മൈസ്‌റ്റോറിയുടെ സംവിധായിക റോഷ്‌നി ദിനകർ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് റോഷ്‌നി മൈസ്‌റ്റോറിയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

സിനിമയുമായി സഹകരിച്ചുപ്രവർത്തിച്ച പലരിലും വിഷമമുണ്ടാക്കിയ സംഭവമാണത്. ഡിസ്ലൈക്കുകളെ ഉയർത്തിക്കാണിക്കാനല്ല മറിച്ച് എന്റെ ആദ്യചിത്രത്തിലെ ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 1.6 മില്യൺ ആളുകൾ കണ്ടു എന്നുപറയാനാണ് എനിക്കിഷ്ടം. വിവാദങ്ങളിൽ ഇടം നേടേണ്ട ഒരു ഗാനമായിരുന്നില്ല അത്. മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരുന്ന ഒരു ഗാനത്തെ കൂട്ടം ചേർന്ന് ചിലർ നശിപ്പിക്കാൻ ശ്രമിച്ചതിൽ വേദനയുണ്ടെന്നും റോഷ്‌നി പറയുന്നു.

സുഹൃത്തിൽനിന്ന് സിനിമയ്ക്കുള്ള ഒരു കഥകേൾക്കുകയും ഹിന്ദിയിൽ അത് നിർമ്മിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ കഥപറഞ്ഞ സുഹൃത്ത് പെട്ടെന്ന് അപകടത്തിൽ പെട്ടു മരിച്ചു. ആ സുഹൃത്ത് പറഞ്ഞ കഥ മനസ്സിലുണ്ടായിരുന്നു. മറന്നുപോകാതിരിക്കാൻ ഞാൻതന്നെ കുത്തിക്കുറിച്ചു. സീനുകളായി എഴുതിത്ത്തുടങ്ങിയപ്പോൾ എനിക്കുതന്നെ അതെഴുതി പൂർത്തിയാക്കാമെന്നൊരു വിശ്വാസമുണ്ടായി. പൃഥ്വിയോട് ആദ്യം പറഞ്ഞ കഥയും അതുതന്നെയായിരുന്നു. എന്നാൽ അതിൽ ഒരുപാട് ഫിലോസഫിയെല്ലാം അടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യ ചിത്രമായി അതുവേണ്ടായെന്ന് പൃഥ്വി നിർദേശിക്കുകയായിരുന്നു.ശങ്കർ രാമകൃഷ്ണന്റെതാണ് മൈസ്റ്റോറിയുടെ രചന.