പാലാ: സ്വിറ്റ്സർലാന്റിലെയും വത്തിക്കാനിലെയും ഇന്ത്യയുടെ ചുമതല ഇനി വഹിക്കുന്നത് പാലായുടെ മകനും മരുമകളും. ഇവിടങ്ങളിലെ അംബാസിഡറായി പാലാ സ്വദേശി സിബി ജോർജ് പൊടിമറ്റം ഈ മാസം സ്ഥാനമേറ്റിരുന്നു. സിബിയുടെ കീഴിൽ രണ്ടാം സെക്രട്ടറിയായി ചുമതല ഏൽക്കുന്നത് പാലായുടെ മരുമകളായ റോഷിണി തോംസനാണ്.

മത്സ്യഫെഡിൽ ഉദ്യോഗ സ്ഥനായ നോർത്ത് പറവൂർ പുത്തൻവേലിക്കര പാലാട്ടി വീട്ടിൽ തോംസൺ ഡേവിസിന്റെ മകളായ റോഷിണിയെ റിട്ടയേർഡ് ഡി.വൈ.എസ്‌പി. കവീക്കുന്ന് മുണ്ടന്താനത്ത് എം.എം.ജോസഫിന്റെ മകൻ കംപ്യൂട്ടർ ഗെയിം ഡിസൈനറായ അഭിലാഷ് ജോസ് വിവാഹം ചെയ്തതാണ് പാലായുടെ മരുമകളാക്കിയത്. പുത്തൻവേലിക്കരയിലെ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പ്ലസ് ടുവിന് ശേഷം എഞ്ചിനിയറിംഗിന് ചേർന്നു. കോതമംഗലത്തെ എംഎ കോളേജിലായിരുന്നു പഠനം. അതിന് ശേഷം കാമ്പസ് റിക്രൂട്ട്‌മെന്റിലൊന്നും പങ്കെടുത്തില്ല. സിവിൽ സർവ്വീസായിരുന്നു ലക്ഷ്യം.

അദ്യ തവണ മുന്നേറാനായില്ല. എന്നാൽ രണ്ടാം തവണ 98-ാം റാങ്കുമായി നേട്ടമുണ്ടാക്കി. ഐഎഎസ് കഴിഞ്ഞാൽ ഫോറിൻ സർവ്വീസിനോടായിരുന്നു താൽപ്പര്യം. ഐപിഎസ് ഓപ്ഷൻ സെലക്ട് ചെയ്തു പോലുമില്ല. അതുകൊണ്ട് 98-ാം റാങ്കുകാരിയായപ്പോൾ ഒരു മടിയും കൂടാതെ ഐഎഫ്എസ് തെരഞ്ഞെടുത്തു. റോഷിണിയുടെ രണ്ടാമത്തെ നിയമനമാണ് ഇപ്പോഴത്തേത്. മുമ്പ് പാരീസിൽ ഇന്ത്യൻ എംബസിയിൽ ഒന്നര വർഷം ജോലി നോക്കിയിരുന്നു. ഇതിനിടെ യുനസ്‌കോയിൽ മൂന്നു മാസം ഇന്ത്യയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്.

മസൂരി, ഡൽഹി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷമാണ് പാരീസിൽ നിയമനം ലഭിച്ചത്. പാരീസിലെ സോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്നും റോഷിണി ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടിയത് ഇവിടുത്തെ നിയമനത്തിനു ഗുണകരമാകും. നാളെ ബേണിലെ ഇന്ത്യൻ എംബസിയിൽ എത്തി റോഷിണി ചുമതലയേൽക്കും.

റോഷിണിയുടെ നിയമനം പാലാക്കാർക്ക് അഭിമാനം നൽകുകയാണെന്നു ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഇന്ത്യയുടെ യശസ് ഉയർത്താൻ റോഷിണിക്ക് കഴിയട്ടെ എന്നും ബിഷപ്പ് ആശംസിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ഉപഹാരം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ റോഷിണിക്ക് സമ്മാനിച്ചു. ചെയർമാൻ എബി ജെ.ജോസ്, സാംജി പഴേപറമ്പിൽ, അഭിലാഷ് ജോസ് എന്നിവർ പങ്കെടുത്തു.

കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ സിബി ജോർജ് 1993ലാണ് ഇന്ത്യൻ വിദേശ സർവിസിന്റെ ഭാഗമായത്. കെയ്റോ, ദോഹ, വാഷിങ്ടൺ, ടെഹ്റാൻ, കറാച്ചി, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് വത്തിക്കാൻ സ്ഥാനപതിയാകുന്നത്.