ഡബ്ലിൻ: കാലിഫോർണിയയിലെ ബെർക്കിലിയിൽ അഞ്ച് ഐറീഷ് വിദ്യാർത്ഥികളടക്കം ആറു പേർ മരിക്കാനിടയായത് ബാൽക്കണി നിർമ്മിച്ച മര ഉരുപ്പടികൾ ദ്രവിച്ചതാണെന്ന് പ്രാഥമിക കണ്ടെത്തൽ. ഒരു വിദ്യാർത്ഥിയുടെ ഇരുപത്തൊന്നാം പിറന്നാളാഘോഷത്തിനിടെയാണ് ബാൽക്കണി തകർന്ന് ആറു പേർ മരിച്ചത്. ഇതിൽ തുടർച്ചയായി വെള്ളം വീണതിനെ തുടർന്ന് ബാൽക്കണി നിർമ്മിച്ചിട്ടുള്ള തടികൾ ദ്രവിക്കുകയും വിദ്യാർത്ഥികൾ കൂട്ടത്തോടെ ബാൽക്കണിയിലെത്തിയപ്പോൾ അതു തകർന്ന് വീഴുകയുമായിരുന്നു. നാലാം നിലയിലെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയായതിനാൽ 50 അടി താഴ്ചയിലുള്ള സ്ട്രീറ്റിലേക്ക് വീണതാണ് ആറുപേരുടെ മരണകാരണം. കെട്ടിടനിർമ്മാണ സമയത്ത് ഈ തടി ബീമുകൾ വേണ്ടത്ര രീതിയിൽ പൊതിയാതിരുന്നതിനാൽ മഴമൂലവും മറ്റും ഈർപ്പം തടികളിൽ തങ്ങി മരഉരുപ്പടികൾ ദ്രവിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ് ഏഴു പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പരിക്കേറ്റ പെൺകുട്ടികളിലൊരാളുടെ പിറന്നാൾ ആഘോഷത്തിനാണ് സംഘം ബെർക്കിലി ലൈബ്രററി ഗാർഡൻസ് അപ്പാർട്ട്‌മെന്റിൽ ഒത്തുകൂടിയത്. ഇരുപത്തൊന്നു വയസുള്ളവരാണ് മരിച്ച ഐറീഷുകാർ. ഒളീവിയ ബർക്ക്, ഐമർ വാൾഷ്, ഇയോഗൻ കള്ളിഗൻ, നിക്കോളായാ ഷൂസ്റ്റർ, ലോർക്കൻ മില്ലർ എന്നിവരും കാലിഫോർണിയയിലെ റോനെർട്ട് പാർക്കിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരിയായ ആഷ്‌ലി ഡോണോഹോയുമാണ് മരിച്ചവർ. സമ്മർ സ്റ്റഡി വിസയായ ജെ- വൺ വിസയിൽ അമേരിക്കയിലെത്തിയ ഐറീഷ് വിദ്യാർത്ഥികളാണ് അഞ്ചുപേരും.

കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിച്ചാണോ അപ്പാർട്ട്‌മെന്റ് ബാൽക്കണികൾ പണിതിരിക്കുന്നതെന്നും ബാൽക്കണിയിൽ പരമാവധി ഭാരത്തിൽ കൂടുതലായി ആൾക്കാർ നിന്നതാണോ അപകടത്തിലേക്ക് വഴിതെളിച്ചതെന്നും അന്വേഷിക്കുമെനനും ബെർക്കിലി മേയർ ടോം ബേറ്റ്‌സ് വ്യക്തമാക്കി. നാല്പതു പേരാണ് ബർത്ത് ഡേ പാർട്ടിക്കായി അപ്പാർട്ട്‌മെന്റിൽ ഒത്തു ചേർന്നത്. അതിൽ 13 പേർ ഒരുമിച്ച് ബാൽക്കണിയിലെത്തിയപ്പോഴാണ് ബാൽക്കണി തകർന്നതും അപകടം സംഭവിക്കുന്നതും.