- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ ഉറവിടം അവ്യക്തം; കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച; ചികിത്സ തേടിയത് അഞ്ച് ആശുപത്രികളിൽ, റൂട്ട് മാപ്പ് പുറത്തുവിട്ടു; അമ്മയ്ക്കും രോഗലക്ഷണം; കോഴിക്കോടിന് പുറമേ മലപ്പുറത്തും കൺട്രോൾ റൂം
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് തയ്യാറാക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് പനിവന്ന് ആദ്യമായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കൽ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്
27.08.2021 വെള്ളിയാഴ്ച - വെകുന്നേരം 5 മണി- 5.30 വരെ- പാഴൂരിൽ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു
28.08.2021 ശനിയാഴ്ച - വീട്ടിൽ തന്നെ.
29.08.2021 ഞായറാഴ്ച - രാവിലെ 8.30 മുതൽ 8.45 വരെ - പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു - ഓട്ടോയിലായിരുന്നു യാത്ര.
30.08.2021 തിങ്കളാഴ്ച - വീട്ടിൽ തന്നെ.
31.08.2021 ചൊവ്വാഴ്ച - രാവിലെ 9.58 മുതൽ 10.30 വരെ - ഇഎംഎസ് ആശുപത്രി മുക്കം - യാത്ര ഓട്ടോയിൽ.
31.08.2021 ചൊവ്വാഴ്ച - രാവിലെ 10.30 മുതൽ 12.00 വരെ - ശാന്തി ആശുപത്രി ഓമശ്ശേരി - ഓട്ടോയിൽ യാത്ര.
31.08.2021 - ചൊവ്വാഴ്ച - ഉച്ചയ്ക്ക് 1 മണി - കോഴിക്കോട് മെഡിക്കൽ കോളേജ് - ആംബുലൻസിൽ
01.09.2021 ബുധനാഴ്ച - രാവിലെ 11 മണിക്ക് - മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര
നിപ മൂലം മരിച്ച പന്ത്രണ്ടുകാരൻ ചികിത്സ തേടിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കാൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കൽ കോളേജിലെ ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
അതേ സമയം നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കൺട്രോൾ റൂം തുറന്നു. രോഗലക്ഷണമുള്ളവർ ജില്ലാ കൺട്രോൾ റൂമിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിൽസാ സൗകര്യങ്ങളുമൊരുക്കും. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടാൽ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം
മറുനാടന് മലയാളി ബ്യൂറോ