- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വി.ഐ.പി വിമാനത്തിൽ കയറിയ ഗവർണറോട് പൈലറ്റ് പറഞ്ഞത് യാത്രക്ക് അനുമതി ലഭിച്ചില്ലെന്ന്; സംസ്ഥാന സർക്കാരിന്റെ അനുമതി തേടി ഭഗത് സിങ് കോഷിയാരി കാത്തിരുന്നത് രണ്ട് മണിക്കൂറിലേറെ; ഒടുവിൽ സ്വകാര്യ വിമാനത്തിൽ യാത്രയും; മഹാരാഷ്ട്രയിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കനക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നു. ഉത്തരാഖണ്ഡിലെ മിന്നൽപ്രളയ മേഖല സന്ദർശിക്കുന്നതിന് ഗവർണർക്ക് സർക്കാർ വിമാനം നിഷേധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംത്തെത്തിയതോടെ മഹാരാഷ്ട്ര സർക്കാരും ഗവർണർ ഭഗത് സിങ് കോഷിയാരിയും തമ്മിലുള്ള തർക്കം രൂക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഉത്തരാഖണ്ഡിലെ മിന്നൽപ്രളയ മേഖല സന്ദർശിക്കുന്നതിനാണ് ഗവർണർ സർക്കാർ വിമാനം ആവശ്യപ്പെട്ടത്. എന്നാൽ മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചു. തുടർന്ന് ഗവർണർ യാത്രാവിമാനത്തിൽ ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്നു. പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തിൽ കാത്തിരുന്ന ഗവർണർ ഒടുവിൽ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ സർക്കാരിന്റെ പ്രത്യേക വി.ഐ.പി വിമാനത്തിൽ ദേഹ്റാദൂണിലേക്ക് യാത്ര പുറപ്പെടാനാണ് ഗവർണർ തീരുമാനിച്ചത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. യാത്രയ്ക്കായി വിമാനത്തിൽ കയറിയ ഗവർണർ അവസാന നിമിഷവും സർക്കാർ അനുമതി ലഭിക്കാതിരുന്നതോടെ തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ വിമാനത്തിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷവും അനുമതി ലഭിച്ചില്ല. സാധാരണയായി ഗവർണർമാർ അനുമതിക്കായി കാത്തിരിക്കാറില്ല. വിമാനത്തിൽ കയറിയ ശേഷം ഇതുവരെ യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞുവെന്നും ഗവർണറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സർക്കാർ അനുമതിക്കായി രണ്ട് മണിക്കൂറിലേറെ വിമാനത്താവളത്തിൽ കാത്തിരുന്ന ഗവർണർ 12.15ഓടെയാണ് ഗവർണറുടെ ഓഫീസ് സജ്ജമാക്കിയ സ്വകാര്യ വിമാനത്തിൽ ദേഹ്റാദൂണിലേക്ക് പോയത്.
സർക്കാർ നടപടി ഗവർണറെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. സർക്കാർ ബോധപൂർവമാണ് അനുമതി നിഷേധിച്ചതെങ്കിൽ സംഭവം സംസ്ഥാന സർക്കാരിന്റെ പ്രശസ്തിക്ക് കളങ്കമാണ്. നടപടി ബോധപൂർവമല്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് മുന്മന്ത്രിയും ബിജെപി നേതാവുമായ സുധീർ മുങ്കന്തിവാർ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് ഉദ്ധവ് സർക്കാർ നാമനിർദ്ദേശം ചെയ്ത 12 പേരുടെ പട്ടിക ഗവർണർ ഒപ്പുവയ്ക്കാത്തതിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണം ശിവസേന നേതാവ് സജ്ഞയ് റൗത്ത് നിഷേധിച്ചു. പ്രതികാര രാഷ്ട്രീയം ഞങ്ങൾക്കില്ലെന്നും കൗൺസിലിലേക്ക് നിർദ്ദേശിച്ച 12 പേരുടെ പട്ടികയിൽ ഒപ്പിടാത്തതിന്റെ പേരിൽ ഗവർണറുടെ വിമാനയാത്ര തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ