- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിഎസ് സി അംഗത്വത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന വിവാദത്തെ ചൊല്ലി ഐഎൻഎല്ലിൽ കോളിളക്കം; കാസിം ഇരിക്കൂറിന്റെ സ്വത്ത് സമ്പാദനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് മുൻ സംസ്ഥാന നേതാക്കൾ; ആഡംബര സത്കാരത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെയും ആക്ഷേപം
കോഴിക്കോട്: ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും തമ്മിലുള്ള തർക്കം തുടരുകയും കോഴ വിവാദം ഉൾപ്പെടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമ്പോൾ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനും മന്ത്രി അഹമ്മദ് ദേവർകോവിലിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ സംസ്ഥാന നേതാക്കളും രംഗത്ത്.
കോഴ വിവാദത്തിൽ ഉൾപ്പെട്ട ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ അടക്കമുള്ള സ്വത്ത് സമ്പാദനത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ ഐ എൻ എൽ സംസ്ഥാന നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഐ എൻ എൽ മുൻ സംസ്ഥാന സെക്രട്ടറിമാരായ കെ പി ഇസ്മയിൽ, സെക്രട്ടറിയേറ്റ് മെമ്പർ എം കോം നജീബ്, ജലീൽ പുനലൂർ എന്നവരാണ് രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയത്.
ഒരു ദിനപത്രത്തിലെ സാധാരണ ജീവനക്കാരനായി വിരമിച്ച കാസിം ഇരിക്കൂർ ഐ എൻ എല്ലിന് ലഭിച്ച മന്ത്രി സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നത് എൽഡിഎഫ് നേതൃത്വം ഗൗരവമായി കാണണം. സർക്കാർ അധികാരമേറ്റടുത്ത് ദിവസങ്ങൾക്കുള്ളിൽ അദാനിയുടെ റീജ്യണൽ ഓഫീസിൽ കാസിം സന്ദർശനം നടത്തിയത് സർക്കാരിനും മുന്നണിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനവും കച്ചവടവത്ക്കരിച്ചിരിക്കുന്നു. ഇരുന്നൂറിൽ പരം ആളുകൾക്കാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബോർഡ് ചെയർമാൻ, ഡയരക്ടർ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ വാഗ്ദാനവുമായി വൻ സ്രാവുകളെയാണ് വല വീശിയിരിക്കുന്നത്. കാസിം തിങ്കളാഴ്ചകളിൽ കണ്ണൂരിൽ നിന്ന് തലസ്ഥാനത്ത് എത്തുന്നതും വെള്ളിയാഴ്ചയിലെ മടക്കവും വിമാനത്തിലാണ്. ദിവസം പതിനായിരങ്ങൾ വാടകയുള്ള മസ്ക്കത്ത് ഹോട്ടലിലാണ് താമസം. ഐ എൻ എല്ലിന്റെ ജനറൽ സെക്രട്ടറിക്ക് ഇതിനുള്ള സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷണമാക്കേണ്ടതാണെന്നും മുൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തുറമുഖ വകുപ്പിൽ ഉദ്യോഗാർത്ഥികൾക്കായി ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്. എല്ലാ പ്രോട്ടോക്കോളുകളും കാറ്റിൽ പറത്തി മന്ത്രിക്കൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന കാസിം ഇരിക്കൂർ മന്ത്രിയേയും ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കി പലപ്പോഴും സൂപ്പർ മന്ത്രി ചമയുകയാണ്. വിവാദമായ പി എസ് സി കോഴയും കാസിമിന്റെ അപ്രമാദിത്വത്തിന്റെ സംഭാവനയാണ്. 15 ഓളം പേരെ ഇന്റർവ്യൂ ചെയ്തെന്ന വാദം ഏറെ ഗൗരവമായ വിഷയമാണ്. ആര്, എവിടെ എപ്പോൾ ആരെയാണ് ഇന്റർവ്യൂ ചെയ്തതെന്ന് വ്യക്തമാക്കാൻ കാസിമിനെ വെല്ലുവിളിക്കുന്നതായും ഇവർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് കണക്കോ രേഖയോ ഇല്ല. കോടികളാണ് ഇലക്ഷൻ ഫണ്ടെന്ന പേരിൽ കാസിമും സംഘവും പിരിച്ചെടുത്തിരിക്കുന്നത്. ആദ്യമായി ജനപ്രതിനിധിയായ മന്ത്രിയുടെ നടപടികൾ എൽഡിഎഫിന് ബാധ്യതയായി മാറുന്നു. ടി പി രാമകൃഷ്ണനെതിരെ പേരാമ്പ്രയിൽ മത്സരിച്ച ലീഗ് സ്ഥാനാർത്ഥിക്കൊപ്പമുള്ള മന്ത്രിയുടെ താമരശ്ശേരി രൂപതാ സന്ദർശനം എൽ ഡി എഫ് -സി പി എം പ്രവർത്തകരിൽ നിന്ന് മറച്ചുവെച്ചത് ശുദ്ധ ധിക്കാരവും നന്ദികേടുമാണ്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നരിക്കുനിയിലും തിക്കോടിയിലും ലീഗ് പ്രവർത്തകരുടെ ആഡംബര സത്ക്കാരത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി മാപ്പർഹിക്കാത്തതാണ്. മന്ത്രിക്കും ലീഗിനും ഇടയിലെ അന്തർധാര ഇപ്പോഴും സജീവമാണെന്ന് ഇത് തെളിയിക്കുന്നു. ദശാബ്ദങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു നിന്ന കാസിം ഇരിക്കൂറിന്റെ മൂന്നു വർഷം മുമ്പുള്ള മടങ്ങി വരവാണ് ആദർശ രാഷ്ട്രീയത്തിന്റെ നിറകുടമായിരുന്ന പാർട്ടിയെ ഇന്നത്തെ ദുർഗതിയിൽ എത്തിച്ചത്. പ്രതിസന്ധിയുടെ നൂൽപ്പാലത്തിലൂടെ കടന്നുപോയ കാൽ നൂറ്റാണ്ട് പാർട്ടിക്ക് ത്യാഗോജ്ജ്വല നേതൃത്വം നൽകിയ ഡസനിലധികം നേതാക്കളെയാണ് കാസിം-ദേവർകോവിൽ ടീം പുറത്താക്കിയത്.
വ്യവസ്ഥാപിതമായി നിലവിലില്ലാത്തതും സ്വയം പ്രഖ്യാപിതനുമായ മുഹമ്മദ് സുലൈമാൻ എന്ന ദേശീയ പ്രസിഡന്റിനെ ഇവർ ഇതിന് സമർത്ഥമായി ഉപയോഗിക്കുന്നു. പോപ്പുലർ ഫ്രണ്ടുകാരനായ ഇദ്ദേഹം ഇടത് മതേതര ചേരിക്ക് ബാധ്യതയാണ്. പേപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ റിഹാബ് ഫൗണ്ടേഷൻ ദേശീയ ഉപാധ്യക്ഷനായ ഇദ്ദേഹം കേരളത്തിന് പുറത്ത് ഐ എൻ എൽ പതാക പിടിക്കാറില്ല. ഐ എൻ എല്ലിൽ നിരന്തര വിഭാഗീയത സൃഷ്ടിച്ച് എൽ ഡി എഫിന്റെ ശക്തി കെടുത്തുവാനുള്ള എസ് ഡി പി ഐ അജണ്ടയാണ് ഇദ്ദേഹം നടത്തുന്നത്.
നിയമവിരുദ്ധമായി സംഘടനാ വിഷയങ്ങളിൽ ഇടപെട്ടതിന് ഇദ്ദേഹത്തിനും മന്ത്രിക്കും കാസിമിനും എതിരെ ഈരാറ്റുപേട്ട കോടതിയിൽ കേസ് നിലനിൽക്കുകയാണ്. ഇടതുപക്ഷ സർക്കാറിന്റെ ശോഭ കെടുത്തുന്ന നടപടികളുമായി നീങ്ങുന്ന കാസിൽ-ദേവർ കോവിൽ അച്ചുതണ്ടിനെ നിയന്ത്രിക്കേണ്ടത് എൽ ഡി എഫിന്റെ പൊതു ബാധ്യതയാണെന്നും മുൻ നേതാക്കൾ വ്യക്തമാക്കി.
പി എസ് സി അംഗപദവി നാൽപത് ലക്ഷം രൂപയ്ക്ക് വിറ്റതായാണ് പാർട്ടിക്കെതിരെ ആരോപണം ഉയർന്നത്. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദാണ് നേതൃത്വം കോഴ വാങ്ങിയതായി ആരോപണമുന്നയിച്ചത്. 40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്സി അംഗത്വം വിറ്റതെന്ന് ഇ സി മുഹമ്മദ് ആരോപിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നാണ് ആക്ഷേപം. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ സി മുഹമ്മദ് പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഇ സി മുഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.