കോതമംഗലം: ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇന്ന് രാവിലെ 10- മണിയോടെയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ ക്രിക്കറ്റ് പിച്ച് നിർമ്മാണം അടിപിടിയിലേക്ക് നീങ്ങിയത്. വനംവകുപ്പിന്റെ പരാതിയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മൂന്ന് മെമ്പർമാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശ്രമം തുടരുകയാണ്.

പഞ്ചായത്ത് അധികൃതരുടെ വാക്കാലുള്ള ഉറപ്പിൽ നാട്ടുകാരായ ഒരുപറ്റം യുവാക്കൾ ഗ്രൗണ്ട് നവീകരിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇന്നലെ ഇവർ സ്വയം പണം കണ്ടെത്തി ഗ്രൗണ്ടിൽ ക്രിക്കറ്റ് പിച്ച് ഒരുക്കുന്നതിന്റെ ഭാഗമായി കുറച്ചുഭാഗത്തെ മണ്ണ് മാറ്റുകയും വശങ്ങളിൽ കോൺക്രീറ്റ് ഇടുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ 2 മണിക്കുശേഷം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇത് പൊളിച്ചുമാറ്റുകയായിരുന്നെന്നാണ് പഞ്ചായത്ത് അംഗങ്ങളും യുവാക്കളും ആരോപിക്കുന്നത്.ഇത് വകവയ്ക്കാതെ ഇന്ന് രാവിലെ 10 മണിയോടെ ഇന്നലെ നിർമ്മാണ പ്രവർത്തനത്തിനിറങ്ങിയവർ തന്നെ പൊളിച്ച ഭാഗത്ത് വീണ്ടും കോൺക്രീറ്റ് നടത്താൻ നീക്കം ആരംഭിച്ചു.ഇതറിഞ്ഞ് വനംവകുപ്പധികൃതരും പൊലീസും സ്ഥലത്തെത്തി. സ്ഥലം വനംവകുപ്പിന്റെ അധീനതയിലാണെന്നും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്.

സംഭവമറിഞ്ഞ് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എ സിബി, പഞ്ചായത്ത് അംഗങ്ങളായ എൽദോസ് ബേബി, ഇ സി റോയി, സനീപ് സനൽ എന്നിവർ സ്ഥലത്തെത്തി. വനംവകുപ്പ് നടപടി ന്യായീകരിക്കാനാവില്ലന്ന് വ്യക്തമാക്കി. ഇവിടെ യാതൊരുവിധത്തിലുള്ള നിർമ്മാണപ്രവർത്തനവും അനുവദിക്കില്ലെന്ന മുൻനിലപാടിൽ യാതൊരുവിട്ടുവീഴ്ചയ്ക്കും വനംവകുപ്പ് തയ്യാറായില്ല. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം ഒരുവിഭാഗം നാട്ടുകാരും കൂടി സംഘടിച്ചതോടെ സ്ഥിതി കൂടുതൽ സംഘർഷാവസ്ഥയിലേയ്ക്ക് നീങ്ങി.

പിരിഞ്ഞുപോകണമെന്ന ആവശ്യം നിരാകരിച്ചതോടെ എൽദോസ് ബേബി, ഇ സി റോയി, സനീപ് സനൽ എന്നീ മെമ്പർമാരെ കുട്ടംമ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടുമണിക്കൂറോളം നേരം കസ്റ്റഡിയിൽ സൂക്ഷിച്ച ഇവരെ പിന്നീട് രണ്ടുപേരുടെ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു. വനംവകുപ്പ് നിലപാട് പ്രതിഷേധാർഹമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇപ്പോഴും ജനപ്രതിനിധികളഴുടെയും നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെയും നിലപാട്.

പ്രശ്നം ചർച്ചചെയ്യാൻ ഇന്ന് വൈകിട്ട് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എ സിബി അറിയിച്ചു. റവന്യൂവകുപ്പും വനംവകുപ്പും തമ്മിൽ തർക്കത്തിലിരിക്കുന്ന സ്ഥലത്താണ് നിർമ്മാണം നടത്തിയതെന്നും തൽസ്ഥിതി തുടരുന്ന സാഹചര്യം നിൽക്കുകയായിരുന്നും ഇത് ലംഘിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നും തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.

ഒളിമ്പ്യൻ അനിൽഡ തോമസിന്റെ കായിക രംഗത്തെ വളർച്ചയിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നതാണ് പൊയ്ക ഗ്രൗണ്ട്. ഈ രംഗത്തെ വികസനപ്രവർത്തനങ്ങൾക്കായി നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടിവന്നാൽ അത് നടപ്പിലാക്കുക എന്നതാണ് പഞ്ചായത്ത് ഭരണസമിതി നിലപാടെ്. ഇതിന് നാട്ടുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അറസ്റ്റിലായ പഞ്ചായത്തംഗങ്ങൾ പ്രതികരിച്ചു.