- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം... അത് പേരിൽ മാത്രമേയുള്ളു' ; ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും പിണറായി; വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ലീഗ്; ന്യൂനപക്ഷക്ഷേമവകുപ്പ് തിരിച്ചെടുത്ത് വി.അബ്ദുറഹിമാനെ അപമാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ വിശദീകരണം വന്നെങ്കിലും വിവാദത്തിന് ശമനമില്ല. ന്യൂനപക്ഷക്ഷേമവകുപ്പ് തിരിച്ചെടുത്ത് വി.അബ്ദുറഹിമാനെ അപമാനിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇത് സമുദായത്തെത്തന്നെ അപമാനിക്കുന്ന നടപടിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മറുപടി. ചില സമുദായങ്ങൾ ഒരുവകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ല എന്ന നിലപാട് തെറ്റ്. വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്നുപറഞ്ഞിട്ട് കാര്യമില്ലെന്നും ലീഗ് നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, ന്യൂനപക്ഷക്ഷേമവകുപ്പ് ഏറ്റെടുത്തതിൽ ഇന്ന് മുഖ്യമന്ത്രി വിശദീകരണം നൽകി. മുസ്‌ലിം ജനവിഭാഗങ്ങൾക്ക് തന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വിമർശനത്തിന് അടിസ്ഥാനമില്ല; ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണ്. അവർക്ക് എന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരിൽ മാത്രമേയുള്ളു' - മുഖ്യമന്ത്രി പറഞ്ഞു.
പൊതുവായ ആലോചനക്കിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി വലിയ പരാതിയൊന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. മുൻ മന്ത്രി കെ.ടി. ജലീൽ വകുപ്പ് നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നതാണ്. കെ.ടി ജലീൽ കാര്യങ്ങൾ ഫലപ്രദമായി നീക്കിയിരുന്നു. പരാതി ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെ.സി.ബി.സിയും കത്തോലിക്കാ കോൺഗ്രസും നേരത്തെ രംഗത്തെതിയിരുന്നു. ഏറെ നാളത്തെ ആവശ്യം അംഗീകരിച്ചതിന് സർക്കാരിനോട് നന്ദി പറയുന്നതായി കെ.സി.ബി.സി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. തീരുമാനം സ്വാഗതാർഹമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദീർഘകാലമായുള്ള ആവശ്യത്തിന്റെ ഫലമാണിതെന്നും കത്തോലിക്കാ മെത്രാൻ സമിതി പറയുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. താനൂരിൽ നിന്ന് ജയിച്ച വി അബ്ദുൾറഹിമാന് വകുപ്പ് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സിറോ മലബാർ സഭയടക്കമുള്ള ക്രൈസ്തവ സഭകൾ അടുത്തകാലത്തായി പരസ്യമായി ഉന്നയിച്ച ആക്ഷേപം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് സൂചന. ഒന്നാം പിണറായി മന്ത്രിസഭയിൽ കെ ടി ജലീൽ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ