കൊച്ചി: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ എല്ലാം അറിയാവുന്ന പ്രണയിനി പൊതുസമൂഹത്തിനു മുന്നിൽ വന്ന് സത്യം പറയാൻ തയ്യാറാകണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യൂവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കസ്റ്റഡിയിൽ അവൻ കൊല്ലപ്പെട്ടത് ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവൾക്കു വേണ്ടിയാണ്. എന്നെ ചൊല്ലിയാണ് അവൻ മരിച്ചതെന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്ന് അവൾ ഒന്നു പറഞ്ഞിരുന്നെങ്കിൽ.

സ്ത്രീപക്ഷവാദികളും ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരെയും കസബയെകുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചുമെല്ലാം വാ തോരാതെ പറഞ്ഞവരെയെന്നും ശ്രീജിത്തിന്റെ സമരവേദിക്ക് പരിസരത്ത് കണ്ടില്ല. ജാതി വെറിയുടെ പേരിൽ ഭർത്താവ് ശങ്കറിനെ അരിഞ്ഞുതള്ളിയ പിതാവിനെയും കൂട്ടാളികളെയും നിയമത്തിന്റെ് പിടിയിലെത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാച്ചിയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണെന്നും റോയ് മാത്യൂ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പൂർണ്ണരൂപം വായിക്കാം:

'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ

ശ്രീജിവ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത് അവൻ ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. കസ്റ്റഡിയിലെ ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവൾക്ക് വേണ്ടിയാണ്. എന്നെ ചൊല്ലിയാണ് അവൻ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്ന് അവൾ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞ പക്ഷം അവനെ കൊല്ലിക്കാൻ കൂട്ടുനിന്നവർ ആരൊക്കെയെന്ന് അവൾക്ക് അറിയില്ലേ? ഇത്തരമൊരു ചെറുത്ത് നിൽപ് അവളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നോ എന്നാർക്കും അറിയില്ല.

ഉദാത്തമായ പ്രണയത്തിനു വേണ്ടിയായിരു ന്നില്ലേ അവന്റെ ജീവൻ നഷ്ടമായത്.
സ്ത്രീപക്ഷ വാദികളൊന്നും ഇതേക്കുറിച്ച് മിണ്ടുന്നില്ല.. അവൾക്ക് അത്തരമൊരു പിന്തുണ നൽകാൻ ഇവരാരും തയ്യാറായിട്ടില്ല. ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരേയും ശ്രീജിത്തിന്റെ സമര പരിസരത്ത് എങ്ങും കാണുന്നില്ല. കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെ വാ തോരാതെ ന്യായങ്ങൾ തട്ടിവിടുന്നവരൊക്കെ എങ്കയോ മറഞ്ഞു.

അനുജനു നീതി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ശ്രീജിത്തിനേപ്പോലെ തന്നെ തന്റെ പ്രേമ ഭാജനത്തെ കൊല്ലിച്ചിവരെ കണ്ടു പിടിക്കാനുള്ള ഒരുത്തരവാദിത്തം ഈ പ്രണയനിക്കുമില്ലേ? അതോ പോയവൻ പോകട്ടെ - സ്വന്തം കാര്യം സിന്ദാബാദ് എന്നാണോ ?

പ്രണയം വൺവേ ട്രാഫിക് അല്ലല്ലോ ?

തന്റെ ഭർത്താവ് ശങ്കറിനെ ജാതി വെറിയുടെ പേരിൽ വെട്ടിക്കൊന്ന പിതാവിനെയും കുട്ടാളികളേയും നിയമത്തിന്റെ പിടിയിലെ ത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാ ച്ചിയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണ്.

അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഈ കൂടപ്പിറപ്പിന്റെ സമരം ലോകാവസാനം വരെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നില നിൽക്കുമെന്നുറപ്പാണ്.'