- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഹ്മാനേയും ആഷിഖിനേയും മദ്യത്തിൽ മയക്കി; മോഡലുകളെ ആഫ്റ്റർ പാർട്ടിയിലെത്തിക്കാൻ ശ്രമിച്ചത് ദുരുദ്ദേശത്തോടെ; യുവതികളെ കെണിയിലാക്കി ബ്ലാക് മെയിൽ ചെയ്യാനും സംവിധാനമൊരുക്കി; ആ അപകടത്തിന്റെ ആസൂത്രകൻ സൈജു തങ്കച്ചനെങ്കിൽ യഥാർത്ഥ വില്ലൻ റോയ് വയലാട്ട് തന്നെ; മോഡലുകൾക്ക് നീതി കിട്ടിയേക്കും
കൊച്ചി: നമ്പർ 18 ഹോട്ടലും കുടുങ്ങി. കസ്റ്റഡിയിൽ എടുത്ത് പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ സത്യം പുറത്തു വരൂവെന്ന മറുനാടന്റെ പഴയ റിപ്പോർട്ടുകൾ ശരിയായി. സൈജു തങ്കച്ചൻ മണിമണിയായി സത്യം പറയുകയാണ്. ഇനി ഈ മൊഴികളിൽ ആ വമ്പൻ കുടുങ്ങുമോ എന്നതാണ് നിർണ്ണായകം. കൊച്ചി കമ്മീഷണർ നാഗരാജു നേരിട്ട് കേസ് അന്വേഷണം ഏറ്റെടുത്തതാണ് നിർണ്ണായകമായത്. രാസലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്മെയിൽ ചെയ്യാനായി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളുകളിൽ പ്രത്യേക കോണുകളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊഴി പൊലീസിന് കിട്ടിക്കഴിഞ്ഞു. ഇതോടെ കേസ് നിർണ്ണായക ഘട്ടത്തിൽ എത്തുകയാണ്. കൊല്ലപ്പെട്ട മോഡലുകൾക്ക് നീതി കിട്ടുമെന്ന തരത്തിലാണ് ഇപ്പോൾ കേസ് അന്വേഷണം.
ഇത്തരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണിൽ അന്വേഷണ സംഘം കണ്ടെത്തി. നമ്പർ 18 ഹോട്ടൽ ഉടമ റോയിയും സൈജുവും ചേർന്നു സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത പെൺകുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാർ അറിയാതെ നിശാപാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ഇതാണ് നമ്പർ 18 ഹോട്ടലിൽ നടന്നത്. കേസിൽ ഹോട്ടലുടമ റോയ് വയലാട്ടിനേയും പ്രതിയാക്കേണ്ട സാഹചര്യമുണ്ട്. കൊച്ചിയിലെ ലഹരി മാഫിയയുടെ പ്രധാനിയാണ് ഇയാളെന്ന് വ്യക്തമായി കഴിഞ്ഞു.
കാക്കനാട് സൈജു താമസിക്കുന്ന വാടക ഫ്ളാറ്റിലും ഇത്തരത്തിലുള്ള ലഹരി പാർട്ടികൾ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണു വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ സൈജു നിർബന്ധിച്ചത്. മിസ് കേരള മത്സര ജേതാക്കളായ മോഡലുകളും അവരുടെ 2 സുഹൃത്തുക്കളും സൈജുവിന്റെ ക്ഷണം നിരസിച്ചതാണു കാറിൽ അവരെ പിന്തുടർന്ന് അപകടമുണ്ടാക്കാൻ വഴിയൊരുക്കിയത്. ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു ആ വാഹന ചെയ്സിങ്.
ഹോട്ടലുടമ റോയിയുടെ സഹായത്തോടെ നമ്പർ 18 ഹോട്ടലിനുള്ളിൽ തന്നെ മോഡലുകൾക്കു വേണ്ടി ലഹരിപാർട്ടി നടത്താൻ സൈജു പദ്ധതിയിട്ടിരുന്നു. അതിനു മുന്നോടിയായി മോഡലുകൾക്കൊപ്പമെത്തിയ അബ്ദുൽ റഹ്മാൻ, മുഹമ്മദ് ആഷിഖ് എന്നിവർക്കു സൈജുവും റോയിയും ചേർന്നു ലഹരി കലർത്തിയ മദ്യം അമിതമായി നൽകി. മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സൈജുവിന്റെ താൽപര്യങ്ങൾക്കു വഴങ്ങിയില്ല. ഇതോടെ ഇവർ മടങ്ങുമ്പോൾ പിന്തുടർന്നു കൂട്ടിക്കൊണ്ടുപോകാൻ സൈജു തയ്യാറെടുപ്പു നടത്തിയിരുന്നു. കിഡ്നാപ്പിംഗിനായിരുന്നു ശ്രമം. ഇത് മനസ്സിലാക്കിയാണ് അവർ കാറിൽ കുതിച്ചത്.
ഇതിനായി ഇവരുടെ കാർ പുറത്തേക്കു വരുന്നതു നേരിട്ടു കാണാൻ പാകത്തിൽ സമീപത്തെ ജ്യൂസ് കടയ്ക്കു മുന്നിൽ സൈജു കാത്തുനിന്നു. ഇതിനിടെ ഹോട്ടലുടമ റോയിയുമായി സൈജു ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ലഹരി ഇടപാടുകാരൻ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണച്ച ഒരു യുവതി ഇവർ നടത്തിയ ലഹരി പാർട്ടികളിലെ സ്ഥിരം പങ്കാളിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ചാനൽ ചർച്ചകളിലും അവർ എത്തിയിരുന്നു. മുന്തിയ കാറിലായിരുന്നു ചാനൽ ചർച്ചയ്ക്കുള്ള വരവ്.
സൈജുവിന്റെ ഫോണിൽ ഇവർ പങ്കെടുത്ത ലഹരി പാർട്ടികളുടെ രംഗങ്ങൾ കണ്ടെത്തിയെന്നും യുവതിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ വാഹനത്തിൽ പിന്തുടർന്നതുകൊണ്ടാണ് കൊച്ചിയിലെ മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. പെൺകുട്ടികൾ സഞ്ചരിച്ച വാഹനം സൈജു കാറിൽ പിന്തുടർന്നു. ഇതോടെ ഇവർ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്മാൻ വേഗതകൂട്ടി. തുടർന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതായത്, സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടി അബ്ദുൾ റഹ്മാൻ വാഹനം വേഗതയിൽ ഓടിച്ചെന്നാണ് പൊലീസ് ഭാഷ്യം. സൈജുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതര പരാമർശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ 3 ദിവസം കൂടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട അന്ന് രാത്രി ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേ സമയം, സൈജു തങ്കച്ചൻ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു.
പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. പല ഡിജെ പാർട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.