ബെംഗളൂരു: ഐപിഎൽ 2022 സീസൺ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി നയിക്കും. ഡുപ്ലെസിയെ പുതിയ ക്യാപ്റ്റനായി ആർസിബി ശനിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്നു ഡുപ്ലെസി.

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഡുപ്ലെസിയെ ആർസിബി മാനേജ്മെന്റ് ചുമതലയേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 132 മത്സരങ്ങളിൽ ടീമിനെ നയിച്ച ശേഷമാണ് കോലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ഇത്തവണത്തെ മെഗാ താരലേലത്തിൽ ഏഴു കോടിക്കാണ് ഡുപ്ലെസിയെ ആർസിബി സ്വന്തമാക്കിയത്. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ ഏഴാമത്തെ ക്യാപ്റ്റനാണ് ഡുപ്ലെസി. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, കെവിൻ പീറ്റേഴ്സൺ, ഷെയ്ൻ വാട്ട്സൺ, ഡാനിയൽ വെറ്റോറി, കോലി എന്നിവരായിരുന്നു മുൻ നായകന്മാർ.