- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിൻസ് ഫിലിപ്പിന്റെ മരണവും മെഗ്സിറ്റും കഴിഞ്ഞതോടെ ഇനി എന്താണ് രാജകുടുംബത്തിന്റെ ഭാവി? ഭാവി ഭരണാധികാരികളായ ചാൾസും വില്യമും രാജകുടുംബാംഗങ്ങളുടെ യോഗം വിളിക്കുന്നു
ലണ്ടൻ: വളർന്ന് പടർന്ന് പന്തലിച്ച ഒരു വടവൃക്ഷം കടപുഴകി വീഴുമ്പോൾ, അതിന്റെ ചുറ്റുമായി ഉള്ള പരിസ്ഥിതിയേയും അത് ബാധിക്കും. ഏഴു പതിറ്റാണ്ടിലധികമായി ബ്രിട്ടീഷ് രാജകുടുംബത്തിനകത്ത് വളർന്ന് പടർന്ന് പന്തലിച്ച ഒരു വടവൃക്ഷമായിരുന്നു ഫിലിപ്പ് രാജകുമാരൻ. ഭർത്താവായും, അച്ഛനായും മുത്തച്ഛനായും, മുതുമുത്തച്ഛനായുമൊക്കെ, തനിക്ക് ചുറ്റും സ്നേഹത്തിന്റെ തണൽ വിരിച്ച് തലയുയർത്തിനിന്ന ഒരു വടവൃക്ഷം. അത് ഇന്നില്ല. നികത്താൻ ആകാത്ത വിടവാണ് ആ മരണം രാജകുടുംബത്തിന് സമാനിച്ചത്.
ആ യുഗപുരുഷന്റെ ഭാവിക്ക് ശേഷമുള്ള രാജകുടുംബത്തിന്റെ കാര്യങ്ങൾ ആലോചിക്കുവാൻ, ഭാവി ഭരണകർത്താക്കളായ ചാൾസ് രാജകുമാരനും വില്യം രാജകുമാരനും കുടുംബാംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ, ഏൽപിച്ചിരിക്കുന്ന ചുമതലകൾ നിറവേറ്റുന്ന അംഗങ്ങളായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ഭാവിയിൽ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ ഇതിൽ വിശദമായി ചർച്ച ചെയ്യും. രാജ്ഞിയുമൊത്ത് ആലോചിച്ചതിനു ശേഷമാണ് ഇവർ ഇത്തരത്തിലൊരു യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
ഫിലിപ്പ് രാജകുമാരൻ നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇനി ഈ സ്ഥാനം അടുത്ത അവകാശിയിലേക്ക് കൈമാറണം. ആരൊക്കെയായിരിക്കണം ഇക്കാര്യത്തിൽ ഫിലിപ്പ് രാജകുമാരന്റെ അവകാശികൾ എന്ന് തീരുമാനിക്കേണ്ടതുണ്ട്. ഹാരിയും മേഗനും രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ ഒഴിഞ്ഞതോടെ ഇത്തരം ചുമതലകൾ ഏൽപ്പിക്കാവുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണത്തിലും കുറവുവന്നു. രാജകുടുംബാംഗങ്ങളുടെ ഔദ്യോഗിക ചുമതലകളും വ്യക്തിപരമായ ചുമതലകളും ഇഴചേർന്ന് കിടക്കുന്നതിനാൽ അവയെ വേർതിരിച്ച് കാണാനാവില്ല.
അധികം താമസിയാതെ രാജാവായി ചുമതല ഏറ്റെടുക്കും എന്ന് വിശ്വസിക്കപ്പെടുന്ന ചാൾസ് തന്നെയായിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. കാരണം, ഇപ്പോൾ വരുന്ന മാറ്റങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തെ ബാധിക്കും. ചാൾസ് രാജകുമാരന് പ്രധാന നയരൂപീകരണങ്ങളിലെല്ലാം അടുത്ത അവകാശി വില്യമും പങ്കെടുക്കണമെന്ന് നിരബന്ധമുണ്ട്. അതേസമയം ഹാരിയും മേഗനും ഒഴിച്ചിട്ട ഒഴിവിലേക്ക് എഡ്വേർഡ് രാജകുമാരനു സോഫിയും എത്തുമെന്നും വിശ്വസിക്കപ്പെടുന്നു. ഇനിമുതൽ അവർ ധാരാളം ചുമതലകൾ അധികമായി വഹിക്കും എന്നാണ് കരുതപ്പെടുന്നത്.
അതുപോലെ ബാലപീഡകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുമാറി നിൽക്കുന്ന ആൻഡ്രൂ രാജകുമാരനും തിരിച്ചെത്തിയേക്കും. ആയിരക്കണക്കിന് രക്ഷാധികാരി സ്ഥാനങ്ങളും സൈനിക പദവികളുമാണ് ഫിലിപ്പ് രാജകുമാരനും ആൻഡ്രൂ രാജകുമാരനും ഹാരിക്കും കൂടിയുള്ളത്. ഇക്കാര്യങ്ങളിലെല്ലാം പിൻഗാമികളെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ചാൾസും വില്യമും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തേക്കും.
മറുനാടന് ഡെസ്ക്