അമരാവതി : കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ ചുവടുപിടിച്ച് ഹൈദരാബാദിൽ ഒരു വ്യക്തി ഒറ്റയ്ക്ക് 10,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയിൽ വിവാദം തുടരുന്നു. പ്രതിപക്ഷനേതാവും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗന്മോഹൻ റെഡ്ഡിയെ ഉദ്ദേശിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതിപ്രകാരം രാജ്യത്ത് 65,000 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തപ്പെട്ടുവെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. ഇതിൽ 13,000 കോടി രൂപയും ഹൈദരാബാദിൽനിന്നാണെന്നും അതിൽത്തന്നെ 10,000 കോടി രൂപ ഒറ്റ വ്യക്തിയാണ് വെളിപ്പെടുത്തിയതെന്നുമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന. നിയമമനുസരിച്ച് അതാരാണെന്ന് നമുക്കറിയില്ല. വൻകിട വ്യവസായികൾക്ക് മാത്രമേ ഇത്രയും വലിയ തുകയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടാകാനിടയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് ചർച്ചകൾ തുടങ്ങിയത്. രാഷ്ട്രീയ എതിരാളിയായ ജഗന്മോഹൻ റെഡ്ഡിയെ ഉദ്ദേശിച്ചാണെന്ന വിലയിരുത്തലുകൾ വന്നു.

ഇതോടെയാണ് വിഷയം മോദിയുടെ മുന്നിലേക്ക് എത്തിയത്. കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതേസമയം, മുഖ്യമന്ത്രി പറഞ്ഞത് വാസ്തവമാണോയെന്ന് അറിയാൻ കള്ളപ്പണം വെളിപ്പെടുത്തിയവരുടെ സമ്പൂർണ പട്ടിക പുറത്തുവിടണമെന്നാണ് ജഗന്റെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കള്ളപ്പണത്തിലെ പ്രസ്താവന ജഗന്മോഹൻ റെഡ്ഡിയെ ഉദ്ദേശിച്ചാണെന്നായിരുന്നു പൊതുവെയുള്ള വ്യാഖ്യാനം. ജഗ്‌മോഹനെത്തന്നെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി ചില തെലുങ്കുദേശം മന്ത്രിമാരും എംഎൽഎമാരും രംഗത്തെത്തുകയും ചെയ്തു. അതേസമയം, വൈഎസ്ആർ കോൺഗ്രസ് ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ രഹസ്യമാക്കി വയ്ക്കുമെന്ന് ഉറപ്പുനൽകിയ പട്ടിക ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്ക് എങ്ങനെ ലഭിച്ചെന്നായിരുന്നു

പ്രധാനമന്ത്രിക്കുള്ള കത്തിൽ ജഗന്മോഹൻ റെഡ്ഡിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണെങ്കിൽ 10,000 കോടിയുടെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയ വ്യക്തി അദ്ദേഹത്തിന്റെ ബെനാമിയായിരിക്കുമെന്നും ജഗന്മോഹൻ കത്തിൽ ആരോപിച്ചു.