- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
3500 കോടിയുടെ ബിസിനസ് പ്രൊജക്ടുമായി കിറ്റക്സ് സാബു ആഡംബര ഫ്ളൈറ്റിൽ പറന്നു പോയി; തെലുങ്കാന സർക്കാറുമായി ഡീൽ സംസാരിക്കുക കിറ്റക്സ് സംഘത്തിലെ ആറുപേർ; വിമാനത്തിനകത്തുള്ള എക്സ്ക്ലൂസീവ് ചിത്രങ്ങൾ മറുനാടന്; രാഷ്ട്രീയവേട്ടയിൽ പ്രമുഖ സ്ഥാപനം നാടുവിടുന്നത് അന്തർദേശീയ തലത്തിൽ കേരളത്തിന് നാണക്കേട്
കൊച്ചി: വരവേൽപ്പ് എന്ന മോഹൻലാൽ സിനിമയുടെ കഥ ഒരിക്കലും മലയാളി മറന്നിട്ടുണ്ടാകില്ല. കേരളത്തിൽ എന്തുകൊണ്ട് വ്യവസായം വളരുന്നില്ലെന്ന് ഇത്രയും സരസമായി അവതരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാരുടെ താൽപ്പര്യത്താൽ നിക്ഷേപമിറക്കിയ വ്യവസായം പൊട്ടിപ്പാളീസായി കുത്തുപാള എടുക്കുന്ന നായകന്റെ കഥയാണ് ഈ ചിത്രത്തിൽ. ആ കാലത്തിൽ നിന്നും കേരളം ഇനിയും മാറിയിട്ടില്ലെന്ന തെളിവുകളാണ് ഇപ്പോഴും പുറത്തുവരുന്നത്. കേരളത്തിന്റെ യശസ്സ് ആഗോള തലത്തിൽ ഉയർത്തിയ ഒരു മലയാളിയുടെ സ്ഥാപനം ഇവിടെ നിന്നും ഗതികെട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് കിറ്റ്ക്സിന്റെ ദുരനുഭവത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് ആഗോള തലത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
ഇന്ന രാവിലെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും തെലുങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ കിറ്റക്സ് സംഘം തെലുങ്കാനയിലേക്ക് 3500 കോടി രൂപയുടെ ബിസിനസ് പ്രൊജക്ടുമായി പറന്നു പൊങ്ങിയത്. വ്യവസായ സൗഹൃദ പട്ടികയിൽ രാജ്യത്ത് ഒന്നാമതുള്ള തെലുങ്കാനയിലേക്കാണ് കിറ്റക്സ് പറന്നു പൊങ്ങിയത്. ആറംഗ സംഘമാണ് തെലുങ്കാന വ്യവസായ വകുപ്പുമായി ചർച്ചകൾ നടത്തുക.
കിറ്റക്സിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമായി സാബു ജേക്കബ്, ഡയറക്ടർ ബോർഡ് അംഗമായ ബെന്നി ജോസഫ്, കെ എൽവി നാരായണൻ, ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഹർക്കിഷൻ സോധി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് കൊച്ചിയിൽ നിന്നും സ്വകാര്യ ജെറ്റിൽ യാത്ര തിരിച്ചത്. ഒരു വ്യവസായിയോട് എങ്ങനെയാണ് തെലുങ്കാന സർക്കാർ പെരുമാറുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥൻ നേരിട്ട് വിമാനത്തിൽ എത്തിയാണ് സാബുവിനെ സ്വീകരിച്ചു വിമാനത്തിൽ കയറ്റിയത്.
അതേസമയം കേരളത്തിൽ ആകട്ടെ കിറ്റക്സിനെതിരെ വെല്ലുവിളിയും ഭീഷണിയും തുടരുകയും ചെയ്യുന്നു. വിമാനത്തിന് ഉള്ളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മറുനാടന് ലഭിച്ചിട്ടുണ്ട്. വളരെ കൂളായി കാപ്പി കുടിക്കുന്ന സാബു കുര്യനെയും സംഘത്തെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. തെലുങ്കാനയിൽ നിക്ഷേപം നടത്തിയാൽ അതിൽ 40 ശതമാനം സർക്കാർ സബ്സിഡി പോലും ലഭിക്കും. അതായത് 3500 കോടിയുടെ നിക്ഷേപത്തിൽ പദ്ധതി പൂർത്തിയായാൽ 1500 കോടി കിറ്റക്സിന് സർക്കാർ തിരിച്ചു കൊടുക്കും എന്നതാണ് പ്രത്യേകത. അത്രയും പ്രോത്സാഹനമാണ് ഈ സർക്കാർ നൽകുന്നത്.
വാടക നിരക്കിൽ ഭൂമിയെങ്കിൽ അതിനും സബ്സിഡി നൽകുന്നുണ്ട്. വൈദ്യുതിയും വെള്ളവുമെല്ലാം കിട്ടും. ഇതിനും സബ്ഡിസിയുണ്ട്. എല്ലാ അനുമതിക്കും ഉദ്യോഗസ്ഥരും സർക്കാറും ഒപ്പം നിൽക്കും. മാലിന്യപ്ലാന്റ് പോലും സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ എല്ലാ വിധത്തിലുള്ള സൗകര്യവും കിറ്റക്സ് സാബുവിന് ലഭിക്കും. ഏതാണ്ട് ഇതേപോലൊരു ഓഫർ തന്നെയാണ് തമിഴ്നാടും മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ സൗകര്യം എന്തുകിട്ടും എന്നതാകും ഈ സാഹചര്യത്തിൽ തെലുങ്കാന സർക്കാറുമായുള്ള ചർച്ചാ വിഷയമാക്കുക.
സംസ്ഥാന സർക്കാറിന് കടുത്ത വിമർശനം ഉയർത്തി കൊണ്ടാണ് കൊച്ചിയിൽ നിന്നും സാബു പറന്നു പൊങ്ങിയത്. കേരള സർക്കാറുമായി ഇനി ചർച്ചകൾക്കില്ലെന്നും സാബു വ്യക്തമാക്കി. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നൽകി.
'എത്രനാൾ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ സാധിക്കും. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാൻ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവാൻ പാടില്ല. ജീവൻ പണയം വെച്ചും ബിസിനസ് ചെയ്യുന്നവർ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം'
'ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീയുവാക്കളുടെ പ്രശ്നമാണ്. മാറ്റം വന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച്് എന്ന് അറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല.സർക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സർ്ക്കാർ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.'- സാബു എം ജേക്കബ് പറഞ്ഞു.
'മറ്റു സംസ്ഥാനങ്ങൾ ഏറെ മാറിയിട്ടും കേരളം മാറിയിട്ടില്ല. എന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു. മൃഗത്തെ പോലെ വേട്ടയാടുകയും ആട്ടിയോടിക്കുകയും ചെയ്തു. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം. വലിയ അപകടമാണ് പുതിയ തലമുറയുടെ മുന്നിലുള്ളത്.' 'വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി മാത്രം മാറിയിട്ട് കാര്യമില്ല. 45 ദിവസമാണ് തന്റെ കമ്പനിയിൽ കയറിയിറങ്ങിയത്. ഉദ്യോഗസ്ഥർ ചെയ്തത് ശരിയാണ് എന്നാണ് സർക്കാരിന്റെ ന്യായീകരണം. പിന്നീട് ഉത്തരവ് പിൻവലിക്കുന്ന സ്ഥിതിയുണ്ടായി. ഇതുകാണിക്കുന്നത് ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്നാണ്.' ചർച്ചകൾ ഉണ്ടായിട്ട് കാര്യമില്ല. റിസൽട്ട് വേണമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യവസായികളുമായി ചർച്ച നടത്താൻ തീരുമാനിച്ച കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സാബു എം ജേക്കബ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ