വംബർ 9 (ഒമ്പത്) : ഇന്ന് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ തുടക്കത്തിന്റെ ദിനമാണ്. മറ്റൊരു 9/11. 

സെപ്റ്റംബർ 11 നായിരുന്നു അമേരിക്കയിൽ ഭീകരാക്രമണം നടന്നത്. ( 9/11)*
അതെ ഭീകരതയെ നേരിടാൻ, മഹാത്മാഗാന്ധിയുടെ നാട്, സമാധാനത്തിന്റെ പാതയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ വരുത്തിയ ദീഘകാല ആസൂത്രണത്തിന്റെ ചൂളയിൽ വിലക്കിയെടുത്ത സർജിക്കൽ സ്‌ട്രൈക്ക്, നടത്തിയ ദിനം എന്ന് ചരിത്രം രേഖപ്പെടുത്തും.

നവംബർ 8 രാത്രി രാത്രി എട്ടു മണിക്ക് നമ്മുടെ പ്രധാനമന്ത്രി തന്നെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട്, സാമ്പത്തിക അടിയന്തരാവസ്ഥ എന്ന് പോലും പറയുന്ന തരത്തിലുള്ള ഒരു വലിയ പ്രഖ്യാപനം നടത്തുമ്പോൾ, പലരും തിടുക്കത്തിൽ എടുത്ത ഒരു തീരുമാനമായി ഇതിനെ പറയുമ്പോൾ, നാം കാണാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ ഉണ്ട്. വരികൾക്കിടയിലൂടെ വായിച്ചെടുക്കാവുന്ന, ഒരു പാട് കാര്യങ്ങൾ ഉണ്ട്. ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ, ഒരു തന്ത്രശാലിയുടെ, ചാണക്യന്റെ സാമ്പത്തിക തത്വശാസ്ത്രം കാണാപ്പാഠമായാക്കിയ ഒരു ഭരണാധികാരിയുടെ മികച്ച നീക്കമായി ഇതിനെ കാണണം. ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധീരമായ, ചടുലമായ ഒരു ആസൂത്രണ മികവ്. 

മൂന്ന് കാര്യങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു

  • ഒന്ന് അത് പ്രഖ്യാപിക്കാൻ തിരഞ്ഞെടുത്ത സമയം ഏതായിരുന്നു ?
  • രണ്ട് ഇത്തരമൊരു തീരുമാനം എടുക്കാൻ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു ?
  • മൂന്ന് പ്രഖ്യാപനത്തിന്റെ ദൂരവ്യാപ്തി

നിലവിൽ ഇന്ത്യയിൽ പ്രചാരത്തിലുള്ളത് ഏകദേശം 18 (പതിനെട്ട്) ലക്ഷം കോടി രൂപയുടെ നോട്ടുകളാണ്. അവയിൽ തന്നെ 16.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ക്രയവിക്രയത്തിന്നായി ഉപയോഗിക്കുന്നത് അവയിൽ ഒരു രൂപ മുതൽ ആയിരം രൂപ വരെയുള്ള നോട്ടുകൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നു. റിസേർവ് ബാങ്ക് കണക്കുകൾ പ്രകാരം വലിയ നോട്ടുകൾ ആയ 1000 രൂപയുടെയും 500 രൂപയുടെയും 14.18 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ക്രയവിക്രയത്തിനായി ജനങളുടെയും, ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും കയ്യിലുണ്ട്.

ഇപ്പോൾ പ്രചാരത്തിലുള്ള 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളുടെ എണ്ണം കണക്കാക്കുകയാണെങ്കിൽ ഏകദേശം 2203 കോടി കറൻസി നോട്ടുകൾ ഉണ്ടാകും. മൊത്തം നോട്ടുകൾ 9026.6 കോടിയും. അതായത് മൊത്തം പ്രചാരത്തിലുള്ള നോട്ടുകളിൽ, ആകെ പ്രചാരത്തിലുള്ള, 16.42 ലക്ഷം കോടി രൂപ മൂല്യമുള്ളവയുടെ 86 % രൂപ മൂല്യമുള്ള നോട്ടുകൾ നവംബർ 9 അർദ്ധരാത്രി 12 മണിയോടെ അസാധുവായി.

പകരമായി പുറത്തിറക്കുന്ന പുതിയ 2000 (രണ്ടായിരം), 500 ( അഞ്ഞൂറ്) രൂപ നോട്ടുകൾ അടിക്കാനായി 12000 കോടി രൂപ ചിലവഴിച്ചതായി കണക്കാക്കുന്നു. ധനമന്ത്രാലയത്തിന് കീഴിലുള്ള മൈസൂരിലെ സെക്യൂരിറ്റി പ്രസ്സിൽ ആണ് 2000 രൂപയുടെ നോട്ടുകൾ തയ്യാറാക്കിയത്. അതും ഏറ്റവും ആധുനിക സാങ്കേതിയ വിദ്യയിൽ തീർത്തത്. ഇതിനു വേണ്ടിയുള്ള പ്രത്യേക തരം പേപ്പർ നിർമ്മിച്ചത് 1968 ൽ മദ്ധ്യപ്രദേശിലെ ഹോഷങ്ങാബാദിൽ സ്ഥാപിച്ച സെക്യൂരിറ്റി പേപ്പർ മില്ലിലും.

മദ്ധ്യപ്രദേശിലെ ദേവാസിൽ 1973ൽ സ്ഥാപിച്ച സ്‌ക്യൂരിറ്റി പ്രസ്സിൽ ആണ് പുതിയ 500 രൂപ നോട്ടുകൾ പ്രിന്റിങ് പൂർത്തിയാക്കിയത്. പുതിയ നോട്ടുകൾ പുറത്തിറക്കുക അത്ര എളുപ്പമല്ല. അതിനു നിരവധി മാസങ്ങളും, ചിലപ്പോൾ വർഷങ്ങളും വേണ്ടി വരും. നോട്ട് ഡിസൈൻ ചെയ്യുന്നതും, കള്ളനോട്ടുകൾ ഉണ്ടാക്കാനാകാത്ത വിധത്തിലുള്ള സുരക്ഷിതവും, സാങ്കേതിക മേന്മയും തികഞ്ഞതായിരിക്കണം അത്.

ഇപ്പോൾ പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടിൽ ഇത് വരെ മറ്റാരും പരീക്ഷിക്കാത്ത സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. തയ്യാറെടുപ്പുകൾ നമ്മുടെ രാജ്യം എത്രയോ മുൻപേ തുടങ്ങിയിരുന്നു എന്ന് ചുരുക്കം. നാലഞ്ചു ദിവസം മുൻപ് മാത്രമാണ് രാജ്യത്തെ ദിനപത്രങ്ങളും, സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്ന പത്രങ്ങളും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നോട്ടുകൾ പുറത്തിറക്കുന്നു എന്ന വാർത്ത പ്രസിദ്ധീകരിച്ചത് അതും കൃത്യമായി പറയാൻ നമ്മുടെ ദേശീയ മാദ്ധ്യമങ്ങൾക്ക് പോലും ആയില്ല അതും അടുത്ത വർഷം 2007 ഫെബ്രുവരി 17 നു പുറത്തിറങ്ങും എന്നുള്ള അനൗദ്യോഗിക വിശദീകരണത്തിൽ. അപ്പോഴേക്കും ഇന്ത്യയിലെ എല്ലാ റിസേർവ് ബാങ്ക് ശാഖകളിലും പുതിയ നോട്ടുകൾ എത്തി കഴിഞിരുന്നു. ഇത് വിശകലനം ചെയ്യുമ്പോഴാണ് എത്രമാത്രം ആസൂത്രണത്തോടെയും, സ്വകാര്യതതോടെയും നടപ്പിലാക്കിയ ഓപ്പറേഷൻ. കിറുകൃത്യമായി നടപ്പിലാക്കുന്നതിൽ മോദി സർക്കാർ നൂറു ശതമാനം വിജയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുന്നത്.

ഇത്തരമൊരു നീക്കം നടപ്പിൽ വരുത്തിയ തീയ്യതിയിൽ പോലും ഒരു പ്രത്യേകത നാം കാണണം. ലോകം ഭീകരാക്രമണത്തിന്റെ ഏറ്റവും വലിയ ആക്രമണം നേരിട്ടത്തിന്റെ വാർഷികത്തിൽ, അതിലും വലിയ തിരിച്ചടി ഭീകരതക്ക് നൽകുന്ന സന്ദേശം ചെറുതല്ല.

മറ്റൊന്ന് കൂടിയുണ്ട്, ഇത്തരമൊരു നീക്കം നടത്തുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് തെറ്റായ രീതിയിൽ ലോക മാദ്ധ്യമങ്ങൾ, ചിത്രീകരിച്ചാൽ ആഗോള വിപണിയിൽ ഉണ്ടാക്കുന്ന ചലനങ്ങളെ കാണാതിരിക്കാനും ആകില്ല. വേൾഡ് ബാങ്ക്, വേൾഡ് ഇക്കണോമിക് ഫോറം തുടങ്ങിയ സംഘടനകൾ ലോകത്തെ ഏറ്റവും വേഗത്തിലും വലുതുമായ സാമ്പത്തിക വളർച്ചാ നിരക്ക് കാണിക്കുന്ന രാജ്യമായി ഇന്ത്യ യെ പുകഴ്‌ത്തുമ്പോൾ, അതിനെതിരെയുള്ള നീക്കമായി ഒറ്റയടിക്കുള്ള ഈ നിരോധനത്തെ ചിത്രീകരിച്ചാൽ അത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന തിരിച്ചടിയുടെ ഭീഷണി കാണാതിരിക്കാനും ആകില്ല. അത് നേരിടാനുള്ള ഏറ്റവും വലിയ സാധ്യതയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ മോദി സർക്കാരിന് മുൻപിൽ വീണു കിട്ടിയത്. ഇന്ത്യ ഒഴികെ ഉള്ള ലോക രാഷ്ട്രങ്ങൾ മുഴുവൻ ഹിലാരിയോ ട്രെമ്പോ എന്ന് പറയുന്ന അവസരത്തിൽ മോദി സർക്കാർ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് എത്രമാത്രം ആസൂത്രണ മികവിൽ വാർത്തെടുത്തതാണെന്ന്. ഇപ്പോൾ ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു.

ആ സാഹചര്യം കൃത്യമായി മുതലെടുക്കുന്നതിൽ ഇന്ത്യക്കു കഴിഞ്ഞു. പ്രത്യേകിച്ചും ഹിലാരിയെ പരാജയപ്പെടുത്തി ഡൊണാൾഡ് ട്രെമ്പ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുക കൂടി ചെയ്തതോടെ. ആ ദൗത്യം പൂർത്തിയായി.  മോദിയുടെ പ്രഖ്യാപനം വന്ന ഉടൻ ഓഹരി വിപണികളിൽ അത് പ്രതിഫലിക്കും എന്ന് വിചാരിച്ചെങ്കിലും, ആദ്യ ഘട്ടങ്ങളിലെ തിരിച്ചടിക്ക് ശേഷം തിരിച്ചു വരവിന്റെ പാതയിൽ ആയത് ഈ തീരുമാനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഇന്ത്യയിൽ ഏകദേശം മൂന്നു ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്നായിരുന്നു മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപുള്ള കണക്ക്. കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം മുതലാക്കിയത് വെറും 65000 കോടി മാത്രവും . അതിനർത്ഥം ഇനിയും രണ്ടര ലക്ഷം കോടി കള്ളപ്പണം നമ്മുടെ നാട്ടിൽ കുമിഞ്ഞു കൂടി കിടക്കുന്നു. ഇതിന്റെ അത്ര തന്നെയോ ചിലപ്പോൾ അതിലും അധികം വരുന്ന കള്ളനോട്ടുകളും നമ്മുടെ രാജ്യസുരക്ഷക്കും, പുരോഗതിക്കും വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഇതും രണ്ടും പെട്ടെന്നുള്ള ഒറ്റ നീക്കത്തിലൂടെ മോദി സർക്കാർ ഇല്ലാതാക്കിയതാണ് ഇത്തരമൊരു തീരുമാനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഇപ്പോൾ തന്നെ ദേശീയ - അന്തർദേശീയ മാദ്ധ്യമങ്ങൾ പ്രകീർത്തിച്ചു കഴിഞ്ഞു. നമ്മുടെ അയൽ രാജ്യം കേന്ദ്രികരിച്ച ആഗോള ഭീകര പ്രവർത്തനങ്ങൾ ഇനി ശരിക്കും മുട്ടിടിക്കുന്ന അവസ്ഥയിൽ ആകും. ഒരു യുദ്ധം ഉണ്ടായാൽ പോലും നമുക്ക് അത് നൽകുന്ന കരുത്തും, ആത്മവിശ്വാസവും ഇരട്ടിയാക്കും.

സാമ്പത്തികമായി തകർന്നാൽ ഒരു ഭീകര വിധ്വംസക പ്രവർത്തനവും എവിടെയും വേരോടില്ല എന്ന് മാത്രമല്ല, ഭീകരർക്കിടയിൽ അതുണ്ടാക്കുന്ന അരാജകത്വവും, ചേരിതിരിവും പരസ്പരമുള്ള പോരാട്ടവും വലുതാക്കും. ഇതൊക്കെ തന്നെയല്ലേ ഏതൊരു രാജ്യവും അതിനെ നയിക്കുന്ന രാഷ്ട്ര തലവനും പ്രതീക്ഷിക്കുന്നത്.

അതുകൊണ്ടാണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്ന് പലരും കളി ആക്കുമ്പോഴും, ഇത്തരമൊരു തീരുമാനത്തിലൂടെ നമ്മുടെ രാജ്യം പുതിയ ഒരു തുടക്കം കുറിക്കുന്ന ദിവസമായിരിക്കും നവംബർ 9 എന്ന് പറയാൻ കാരണം. ഇനിയുള്ള നാളുകൾ നമുക്ക് വളരെ പ്രാധാന്യം ഉള്ളതായിരിക്കും. പുതിയ നോട്ടുകൾ എല്ലായിടത്തും എത്തുന്നത് വരെ സാധാരണ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് രാജ്യ പുരോഗതിയെ കരുതി നമുക്ക് ക്ഷമിക്കാം. പക്ഷെ ആഗോള ഭീകര സംഘടനകൾ ഒരു തിരിച്ചടി നൽകാൻ അവസരം കാത്തിരിക്കും. ശത്രു രാജ്യങ്ങൾ അവസാന അംഗത്തിന് തയ്യാറെടുത്തു എന്നും വരും. എന്നാലും നാം നമ്മുടെ സാമ്പത്തിക രംഗം പതിയ ദിശാബോധത്തിലും, ആസൂത്രണത്തിലും കെട്ടിപ്പടുക്കാനുള്ള അവസരമായി ഈ നീക്കത്തെ വിലയിരുത്തണം. ഉൾക്കൊള്ളണം
കള്ളപ്പണവും, വ്യാജ നോട്ടുകളും, പണപ്പെരുപ്പവും, അഴിമതിയും, ആക്രമണവും കുറഞ്ഞാൽ നാട് കൂടുതൽ സമാധാന അന്തരീക്ഷത്തിൽ ആകും, ജനങൾക്ക് സുരക്ഷാ ബോധം തോന്നും. അവർ കൂടുതൽ സാമൂഹിക ഇടപെടലുകൾ നടത്തും. രാജ്യ പുരോഗതിയിൽ പങ്കാളികളാകും. മൊത്തത്തിൽ നമ്മുടെ രാജ്യം കൂടുതൽ സാമ്പത്തിക സാമൂഹിക പുരോഗതി കൈ വരിക്കും. നമുക്ക് ആ നല്ല നാളുകൾക്കായി കാത്തിരിക്കാം.

* അമേരിക്കയിൽ 9 / 11 എന്ന് പറഞ്ഞാൽ സെപ്റ്റംബർ 9 ഉം ഇന്ത്യക്കാർക്ക് 9 / 11 എന്ന് പറഞ്ഞാൽ നവംബർ 11 ഉം ആണെന്ന് കൂടി ഓർക്കുക.