റിഫ: 'ആകാശം അകലെയല്ല' എന്ന സന്ദേശത്തിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് കോൺഫ്രൻസ് പ്രചരണാർത്ഥം ആർ, എസ്.സി. സനദ് സെക്ടർ വിദ്യാർത്ഥികൾക്കായി സ്‌നേഹസ്പർശം സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കൊപ്പം ഗൾഫിൽ കഴിയുന്ന കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യവുമായാണ് വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിക്കുന്നത്.

അടച്ചിട്ട ചുറ്റുപാടിൽ വളരുകയും ബഹു സാംസ്‌കാരികതയിൽ കടിഞ്ഞാണില്ലാത്ത ഉപകരണ സംസ്‌കാരത്തിലേക്ക് ഉണരുകയും ചെയ്യുന്ന പുതിയ തലമുറ സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ നിന്ന് ജീവിതം പഠിക്കുന്നില്ല. അവന് ആകാശവും ഭൂമിയും ബന്ധങ്ങളും വികാരങ്ങളും ഭാവനയും വൈഭവങ്ങളും തിരികെ നൽകേണ്ടതുണ്ട്. സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവുമുള്ള വിജയങ്ങളുടെ ആകാശം അകലെയല്ല എന്നതാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയം.

സനദ് സുന്നീ സെന്ററിൽ നടന്ന പരിപാടിക്ക് റഹീം സഖാഫി വരവൂർ , ഫൈസൽ ചെറുവണ്ണൂർ, നവാസ് പാവണ്ടൂർ, ജാഫർ ശരീഫ് , നിസാർ മാമീർ , ആരിഫ് എളമരം നേതൃത്വം നൽകി. മുനീർ സഖാഫി സ്വാഗതവും വാരിസ് സിത്ര നന്ദിയും പറഞ്ഞു .