മനാമ: പ്രവാസിലോകത്തെ കുട്ടികൾക്ക് സമ്പന്ന ബാല്യകാല ഓർമകൾ സമ്മാനിച്ച് ഉയർന്ന പൗരബോധവും മാനവികതയും വളർത്തി അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി രിസാല സ്റ്റഡീസർക്കിൾ (ആർ.എസ്.സി.)മനാമ സെൻട്രൽ തല വിദ്യാർത്ഥി സമ്മേളനം നാളെ വെള്ളി സൽമാനിയ സഗയ കോൺഫ്രൻസ് ഹാളിൽ നടക്കും.

'ആകാശം അകലെയല്ല ' എന്ന സന്ദേശവുമായി ഗൾഫിൽ 55 കേന്ദ്രങ്ങളിലായി നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും മൂന്ന് സെൻട്രൽ കേന്ദ്രങ്ങളിലായി സ്റ്റുഡൻസ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന് മുന്നോടിയായി സ്‌കൈ ടെച്ച്, സ്പർശം, എലൈറ്റ് എന്നിവ വിവിധ കേന്ദ്രങ്ങളിലായി ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. അനുബന്ധ പരിപാടികൾക്ക് സമാപനം കുറിച്ച് നടക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സംഗമം, സ്റ്റുഡൻസ് അസംബ്ലി ,സ് കൈ ടീം സമർപ്പണം, സ്റ്റുഡൻസ് സർക്കിൾ പ്രഖ്യാപനം, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവ നടക്കും.

സൽമാനിയ സഗയ കോൺഫ്രൻസ് ഹാളിൽ രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഐ.സി.എഫ്. മനാമ സെൻട്രൽ സിക്രട്ടറി ഷംസു പൂക്കയിൽ ഉദ്ഘാടനം ചെയ്യും. ബഷീർ മാസ്റ്റർ ക്ലാരി, അബ്ദുറഹീം സഖാഫി, വി.പി.കെ മുഹമ്മദ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

മീറ്റ് ദ ഗസ്റ്റ്
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സി.ബി.ഡയരക്ടർ ഷാനവാസ് മദനിയുടെ അദ്ധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥി അവകാശ രേഖ സമർപ്പണം, സ്റ്റുഡൻസ് സർക്കിൾ പ്രഖ്യാപനം യഥാക്രമം അബ്ദുള്ള രണ്ടത്താണി, അഷ്‌റഫ് ഇഞ്ചിക്കൽ എന്നിവർ നിർവ്വഹിക്കും.ആർ.എസ്.സി. ഗൾഫ് കൗൺസിൽ സമിതി അംഗം അൻവർ സലീം സഅദി മുഖ്യ പ്രഭാഷണം നടത്തും.റഫീക്ക് മാസ്റ്റർ നരിപ്പറ്റ, യൂസുഫ് അഹ്‌സനി ബുദയ്യ, നവാസ് പാവണ്ടൂർ , ഫൈസൽ . ചെറുവണ്ണൂർ എന്നിവർ സംബന്ധിക്കും.സാഹിത്യോത്സവ് കലാ പ്രതിഭകൾ അണിനിരക്കുന്ന ഖവാലി, ബുർദ ആസ്വാദനം എന്നീ കലാ പരിപാടികളും അരങ്ങേറും