മനാമ: രിസാല സ്റ്റഡീസർക്കിൾ (ആർ.എസ്.സി) സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പത്താമത് സാഹിത്യോത്സവ് മത്സര പരിപാടികൾക്ക് മുന്നോടിയായുള്ള ഒഡീഷൻ ബഹ്‌റൈനിൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും. റിഫ, മുഹറഖ്, മനാമ എന്നീ സെൻട്രൽ കേന്ദ്രങ്ങളിലായി നടക്കുന്ന ഒഡീഷനിൽ 30 വയസ്സ് വരെയുള്ള ആർക്കും പങ്കെടുക്കാം.

എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം ,എന്നിങ്ങനെ ആവിഷ്‌കാരത്തിന്റെ ബഹുമുഖ തലങ്ങൾക്ക് സാഹിത്യോത്സവ് അവസരം നൽകുന്നു. ചരിത്രത്തിന്റെ ഉൾത്താളുകളിൽ നിന്നും വർത്തമാനത്തിന്റെ പൊള്ളുന്ന പരിസരത്തിൽ നിന്നുമുള്ള ചർച്ചകൾ കൊണ്ട് സാഹിത്യോത്സവ് സമ്പന്നമാവും.

നവംബർ 20 മുതൽ ജനുവരി 20 വരെയുള്ള രണ്ട് മാസക്കാലയളവിൽ യൂനിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ തലങ്ങളിലായി കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ ആറ് വിഭാഗങ്ങളായാണ് മത്സര പരിപാടികൾ നടക്കുന്നത്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ ,ജലഛായം , ദഫ്, ഖവാലി, കഥ ,കവിത പ്രബന്ധരചനകൾ, കവിതാപാരായണം ഭാഷാകേളി, വിവിധ ഭാഷകളിലെ ഗാനങ്ങൾ പ്രസംഗങ്ങൾ, വിവർത്തനം, കൊളാഷ്, സ്‌പോട്‌സ് മാഗസിൻ തുടങ്ങി 85 ഇനങ്ങളിലായി നടക്കുന്ന മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിന് വിശാലമായ അവസരമാണ് കലാപ്രേമികൾക്കായി സാഹിത്യോത്സവിൽ ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനിലെ കാലാ സാഹിത്യ രംഗത്തെ പ്രമുഖർ വിധികർത്താക്കളായെത്തുന്ന നാഷനൽ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾക്ക് ഗൾഫ്തല മത്സരത്തിലെക്ക് പ്രവേശനം ലഭിക്കും.ഒഡീഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആർ.എസ്.സി.യുനിറ്റ് കമ്മിറ്റി മുഖേന അപേക്ഷ നൽകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 36111638, 38850633, 39871794 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.