മനാമ: രിസാല സ്റ്റഡീസർക്കിൾ (ആർ.എസ്.സി) സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റ പ്രാഥമിക മത്സരങ്ങൾക്ക് യൂനിറ്റ് തലങ്ങളിൽ തുടക്കമായി .കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ ആറ് വിഭാഗങ്ങളായാണ് മത്സര പരിപാടികൾ നടക്കുന്നത്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ ,ജലഛായം , ദഫ്, ഖവാലി, കഥ ,കവിത പ്രബന്ധരചനകൾ, കവിതാപാരായണം ഭാഷാകേളി, വിവിധ ഭാഷകളിലെ ഗാനങ്ങൾ പ്രസംഗങ്ങൾ, വിവർത്തനം, കൊളാഷ്, സ്‌പോട്‌സ് മാഗസിൻ തുടങ്ങി 85 ഇനങ്ങളിലായി നടക്കുന്ന മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിന് വിശാലമായ അവസരമാണ് കലാപ്രേമികൾക്കായി സാഹിത്യോത്സവിൽ ഒരുക്കിയിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകൾ മാറ്റുരയ്ക്കുന്ന നാഷനൽ സാഹിത്യോത്സവ് ജനുവരി 11, 18 തിയ്യതികളിൽ ഇനി ടൗൺ ഇന്ത്യൻ സ്‌കൂളിൽ നടക്കും.

സാഹിത്യോത്സവ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകുന്നതിനായി കൺവെൻഷൻ ഇന്ന് രാത്രി 8 മണിക്ക് സഗയ കോൺഫ്രൻസ് ഹാളിൽ നടക്കും. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.