കൊല്ലം: വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആറുമാസം പാർട്ടിപ്രവർത്തനങ്ങളിൽനിന്ന് അവധി ആവശ്യപ്പെട്ട് ആർ.എസ്‌പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുന്മന്ത്രിയുമായ ഷിബു ബേബി ജോൺ എത്തുമ്പോൾ അതിന് പിന്നിൽ മുന്നണി മാറ്റ അജണ്ടയുണ്ടോ എന്ന് സംശയിച്ച് യൂഡിഎഫ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അസ്വസ്ഥതകൾ ഇതോടെ പുറത്തുവന്നു. സംസ്ഥാനനേതൃത്വത്തിന് നൽകിയ അവധി അപേക്ഷ ജൂൺ ഒന്നിനുചേരുന്ന സംസ്ഥാനകമ്മിറ്റി പരിഗണിക്കും. അവധി അനുവദിക്കാനാണ് സാധ്യത.

ഇടതുമുന്നണി വിട്ടശേഷം നിയമസഭയിൽ പ്രാതിനിധ്യം നേടാൻ ആർ.എസ്‌പി.ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണയും നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചുസീറ്റിലും പരാജയപ്പെട്ടു. ഇനി മാറി ചിന്തിക്കണമെന്ന ആവശ്യം ആർ എസ് പിയിൽ ശക്തമാണ്. എന്നാൽ താൻ അവധി എടുക്കുന്നത് ഇതിന് വേണ്ടിയല്ലെന്ന് ഷിബു ബേബി ജോൺ പറയുന്നു. എന്നാൽ സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് ഷിബു ആഗ്രഹിക്കുന്നുണ്ട്. എഎ അസീസ് സംസ്ഥാന സെക്രട്ടറിയായ ശേഷം ആർ എസ് പിക്ക് മുന്നേറാൻ കഴിയുന്നില്ലെന്നത് വസ്തുതയാണ്.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ പരാജയം മാത്രമല്ല കോൺഗ്രസിലെ തർക്കം തുടരുന്ന സാഹചര്യം കൂടി വിലയിരുത്തി ആർ.എസ്‌പി മുന്നണി വിടണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം അണികൾക്കുമുള്ളത്. എന്നാൽ പാർട്ടി സംഘടനാസംവിധാനത്തിന് കോട്ടംസംഭവിച്ചിട്ടില്ലെന്നും സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫിന് അനുകൂലമായുണ്ടായ അടിയൊഴുക്കുകളാണ് ആർ.എസ്‌പി. സ്ഥാനാർത്ഥികളുടെ പരാജയത്തിനും കാരണമെന്നുമാണ് പാർട്ടി വിലയിരുത്തൽ.

എംപി.യായ എൻ.കെ.പ്രേമചന്ദ്രന്റെ നിലപാടുകളാണ് ഇനി പ്രധാനം. ഷിബുവും പ്രേമചന്ദ്രനും ചേർന്ന് തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ആർ.എസ്‌പി.യെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്ത് ആർ.എസ്‌പി. ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ രംഗത്തു വന്നു. ഷിബു ബേബിജോണുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ കോവൂരിന് പോലും ഇടതുപക്ഷത്ത് ഇനിയും സ്ഥാനം കിട്ടിയിട്ടില്ലെന്ന പരിഹാസമാണ് ഷിബു ഈ പ്രതികരണത്തിന് എതിരെ ഉയർത്തിയത്.

അവധിയെടുക്കുന്നതുകൊണ്ട് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചെന്ന വ്യാഖ്യാനം തെറ്റാണെന്ന് ഷിബുബേബി ജോൺ പറഞ്ഞു. ചവറയിൽ രാഷ്ട്രീയത്തിനതീതമായി സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് കാര്യങ്ങൾ മാറിയതാണ് തന്റെ തോൽവിക്ക് കാരണം. കോൺഗ്രസിന്റെയും ആർ.എസ്‌പി.യുടെയും അനുഭാവികൾ മാറി വോട്ടുചെയ്തിട്ടുണ്ട്. അത് ഏതെങ്കിലും നേതാക്കളുടെ നിർദേശമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്‌പിക്ക് രാഷ്ട്രീയപൈതൃകം നഷ്ടമായെന്നും വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണെന്നും ഷിബു ബേബിജോൺ പറയുന്നു. എന്നാൽ, നിലവിൽ മുന്നണി മാറ്റത്തിന്റെ സാഹചര്യമില്ല. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മാധ്യമങ്ങളോട് ഷിബു ബേബിജോൺ പറഞ്ഞു.