തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയ ആർ.എസ്‌പിയുടെ ചരമ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. പരേതരായ ബേബി ജോണിന്റെയും ശ്രീകണ്ഠൻ നായരുടെയും മറ്റുള്ളവരുടെയും സൃഷ്ടിയായ ആർ.എസ്‌പി 19.05.2016 വ്യാഴാഴ്ച കയ്യിലിരുപ്പ് കൊണ്ടുണ്ടായ അപകടം കൊണ്ട് ചത്തുപോയ വിവരം വ്യസനസമേതം അറിയിക്കുന്നുവെന്നാണ് പരിഹാസ പോസ്റ്റ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വലതുപക്ഷത്ത് നിന്ന് മത്സരിച്ച ആർഎസ്‌പി എല്ലാ സീറ്റിലും തോറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റ്. സെക്രട്ടറി ആർ.എസ്‌പി സംസ്ഥാന കമ്മറ്റി എന്ന പേരിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സഞ്ചയനം ഈ മാസം 25ന് നടക്കുമെന്നും അറിയിപ്പുണ്ട്. മരണവിവരം യഥാസമയം അറിയിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക എന്നും പോസ്റ്റ് തയ്യാറാക്കിയവർ പരിഹാസരൂപേണ പറയുന്നു.

കൊല്ലം ലോക്‌സഭാ സീറ്റിന്റെ പേരിൽ ഇടത് മുന്നണി വിട്ട ആർ.എസ്‌പിയുടെ രാഷ്ട്രീയ തീരുമാനത്തെ പരിഹസിക്കുന്നതാണ് പോസ്റ്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മത്സരിച്ച ആർ.എസ്‌പി അഞ്ച് സീറ്റിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് തന്നെ ഇരവിപുരത്ത് പരാജയപ്പെട്ടു. മന്ത്രി ഷിബു ബേബി ജോണും പരാജയപ്പെട്ടു.

അതേസമയം ഔദ്യോഗിക ആർ.എസ്‌പിയിൽ നിന്ന് രാജിവച്ച് ഇടതു മുന്നണിയിൽ തിരിച്ചെത്തിയ കോവൂർ കുഞ്ഞുമോൻ വിജയിക്കുകയും ചെയ്തു.