കൊല്ലം: ഡിസിസി അദ്ധ്യക്ഷ പട്ടികയെ ചൊല്ലി കോൺഗ്രസിൽ അപസ്വരങ്ങൾ ഏറുമ്പോൾ വിമർശനവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും കോൺഗ്രസ് ഇതുവരെ പാഠം പഠിച്ചില്ലെന്ന് ഷിബു ബേബി ജോൺ തിരുവനന്തപുരത്ത് ആരോപിച്ചു.

'പാർട്ടിക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത്. പുതിയ തലമുറയ്ക്ക് തമ്മിൽ തല്ലുന്നവരെ ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം. തമ്മിൽ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോൺഗ്രസ് ചെയ്യുന്നത്. ആ തമ്മിൽ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓർമ്മപ്പെടുത്തലാണ് ഇത്' എന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

എഴുപത്തഞ്ചും എൺപതും വയസ്സുള്ളവരെയാണ് കോൺഗ്രസിൽ ഗ്രൂപ്പുകൾ റിസർച്ച് നടത്തി പാർട്ടിയെ നയിക്കാൻ കൊണ്ടുവരുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതല്ല. ഇത്തരം കാര്യങ്ങൾ കോൺഗ്രസിനെ ഓർമ്മിപ്പിക്കാൻ തന്നെപ്പോലുള്ളവർ നിർബന്ധിതരാക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുമ്പോൾ സിപിഐഎമ്മിനെ പുകഴ്‌ത്താനും ഷിബു ബേബിജോൺ തയ്യാറായി. പിണറായി വിജയൻ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാർട്ടിയാണ് സിപിഐഎം എന്ന് ഷിബു ബേബി ജോൺ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.