തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി വിരുദ്ധാഭിപ്രായം പറഞ്ഞ മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെ ആർ എസ് പി നടപടിയെടുത്തേക്കും. എൽഡിഎഫ് മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണെന്ന ഷിബു ബേബി ജോണിന്റെ പ്രസ്താവനയാണ് ഇതിന് കാരണം. എൻകെ പ്രേമചന്ദ്രനെ പ്രകോപിപ്പിക്കാനാണ് ഷിബുവിന്റെ ശ്രമമെന്നാണ് ആർ എസ് പി ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. അതിനിടെ ആർ എസ് പിയിലെ വലിയൊരു വിഭാഗവുമായി ഇടതുപക്ഷത്തേക്ക് കൂറുമാറുകയാണ് ഷിബുവിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്. ഇതോടെ ആർ എസ് പി പിളർപ്പിലേക്ക് നീങ്ങുകയാണ്.

ഷിബുബേബി ജോൺ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. മദ്യനയം സ്വാഗതാർഹമാണ്. കഴിഞ്ഞ സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത് പഴയ മദ്യനയമായിരുന്നു. യുഡിഎഫ് മദ്യനയം പരാജയമായിരുന്നുവെന്നും വൈകാരികവും അപക്വവുമായ നയമായിരുന്നു കഴിഞ്ഞ സർക്കാരിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷിബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും ആർഎസ്‌പിക്ക് വേണ്ടി എൻകെ പ്രേമചന്ദ്രനും വ്യക്തമാക്കി. യുഡിഎഫിന്റെ പൊതു നിലപാടിനൊപ്പമാണ് പാർട്ടിയെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. മദ്യനയം ചർച്ചചെയ്യാനുള്ള യുഡിഎഫ് യോഗത്തിനും ഷിബുവെത്തിയില്ല. ഇതോടെയാണ് പിളർപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കുന്നത്.

കൊല്ലത്ത് പുതിയ ആർഎസ്‌പിയുടെ സാധ്യതയാണ് ഷിബു തേടുന്നത്. കോവൂർ കുഞ്ഞൂമോന്റെ ആർഎസ്‌പി ഇപ്പോൾ ഇടതു പക്ഷത്തുണ്ട്. കോവൂരുമായി സഹകരിച്ച് പുതിയ പാർട്ടിയാണ് ലക്ഷ്യം. ആർ എസ് പിയുടെ സംസ്ഥാന സെക്രട്ടറിയായ എഎ അസീസും പ്രേമചന്ദ്രനുമായി നല്ല ബന്ധത്തിലല്ല. ഈ സാഹചര്യത്തിൽ അസീസിനേയും ഒപ്പം കൂട്ടി പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താനാണ് നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിന് വേണ്ടി പ്രേമചന്ദ്രനാണ് ആർ എസ് പിയെ പിളർത്തിയതെന്ന ആരോപണം ശക്തമാണ്. അന്ന് യുഡിഎഫിനൊപ്പമായിരുന്നു ഷിബു ബേബി ജോണായിരുന്നു ഇതിന് കരുക്കൾ നീക്കിയത്.

ഷിബു മന്ത്രിയായും പ്രേമചന്ദ്രൻ നേതാവും തുടർന്നു. എന്നാൽ ചവറയിൽ ഷിബു തോറ്റതോടെ അധികാരമെല്ലാം പ്രേമചന്ദ്രനായി. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനിടെ കോവൂർ പുതിയ പാർട്ടിയുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ അസീസും തോറ്റു. മുന്നണി മാറ്റമായിരുന്നു ഇരവിപുരത്തെ തന്റെ തോൽവിക്ക് കാരണമെന്ന് അസീസും കരുതുന്നു. ഈ സാഹചര്യത്തിലാണ് ഷിബു ബേബി ജോൺ പുതിയ തന്ത്രങ്ങൾക്ക് രൂപം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം ഷിബുവിനുണ്ട്.

ഇത് മുതലാക്കി ഇടതുപക്ഷത്തേക്ക് മാറുകയാണ് ലക്ഷ്യം. ആർ എസ് പിയുടെ ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ട്. പ്രേമചന്ദ്രനുമായി ഏറെ നാളായി ദേശീയ സെക്രട്ടറി കൂടിയായ പ്രൊഫ ടിജെ ചന്ദ്രൻചൂഡന് വലിയ അടുപ്പമില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ചന്ദ്രചൂഡനെ അകറ്റുന്നത് പ്രേമചന്ദ്രനാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതും ആർ എസ് പി കേരളാ ഘടകത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി വലിയ അടുപ്പമാണ് പ്രേമചന്ദ്രനുള്ളത്. അതും ദേശീയ സെക്രട്ടറിയെ ചൊടിപ്പിക്കുന്നു. ഇടതു പക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആർ എസ് പിക്ക് ഇത് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ പിളർപ്പിലേക്ക് ആർഎസ്‌പി നീങ്ങുമെന്നാണ് സൂചന. അതിനിടെ ചന്ദ്രചൂഡനെ കോൺഗ്രസിലെത്തിക്കാനും നീക്കം സജീവമാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രേമചന്ദ്രനുമായി അടുത്ത ബന്ധമുണ്ട്. ദേശീയ തലത്തിൽ യുപിഎയുടെ കാര്യങ്ങൾ വിശദീകരിക്കുന്നത് പോലും പ്രേമചന്ദ്രനാണ്. ലോക്‌സഭയിൽ പ്രതിപക്ഷ മുന്നേറ്റത്തിന് കരുത്താകാനും പ്രേമചന്ദ്രനുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലേക്ക് പ്രേമചന്ദ്രനെ എത്തിക്കാൻ നീക്കം.