കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിനിർണയ ചർച്ചകൾക്ക് ഔദ്യോഗിക തുടക്കമിട്ട് സംസ്ഥാനത്തെ ബിജെപി സംഘടനാ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ ഇന്ന് ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തി ചർച്ച നടത്തും.

നാളെ തൃശൂരിൽ ബിജെപി സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നുണ്ട്. ഐക്യമുറപ്പാക്കി വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്ന സന്ദേശം ഒന്നര മാസം മുൻപത്തെ കൂടിക്കാഴ്ചയിൽ രാധാകൃഷ്ണന് ആർഎസ്എസ് സംസ്ഥാന നേതൃത്വം നൽകിയിരുന്നു. ഇക്കാര്യത്തിൽ എടുത്ത നടപടികളും പുരോഗതിയും അദ്ദേഹം ഇന്ന് ആർഎസ്എസ് നേതൃത്വത്തെ ധരിപ്പിക്കും. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

സംസ്ഥാന ഘടകത്തിൽ അനൈക്യമുണ്ടെങ്കിൽ അതു പരിഹരിച്ചേ മുന്നോട്ടു പോകൂ എന്നു രാധാകൃഷ്ണൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകും. ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി ഫെബ്രുവരി 6 മുതൽ 140 നിയോജക മണ്ഡലങ്ങളിലും രാധാകൃഷ്ണൻ പര്യടനം നടത്തും.