ബംഗളൂരു: ബാലശങ്കറിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഞ്ഞടിച്ച പി ഗോപാലൻകുട്ടി മാസ്റ്റർക്ക് ആർ എസ് എസിലെ ഉന്നത സ്ഥാനം നഷ്ടമായി. ആർ എസ് എസിന്റെ പ്രാന്തിയ ഭാരവാഹികളെ അടിമുടി മാറ്റി. ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ആർ എസ്എസ് കേരള പ്രാന്തകാര്യവാഹാ(സംസ്ഥാന സെക്രട്ടറി)യി പി. എൻ. ഈശ്വരനെ നിയോഗിച്ചു. ഗോപാലൻകുട്ടി മാസ്റ്റർക്ക് പകരമാണ് നിയമനം.

ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബാലശങ്കറിനെ പരസ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ഗോപാലൻ കുട്ടി മാസ്റ്റർ. ബാലശങ്കർ ആർ എസ് എസുകാരനല്ലെന്നും പറഞ്ഞിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. ഓർഗനൈസർ പത്രാധിപരായിരുന്ന ബാലശങ്കറിനെ ആർ എസ് എസുകാരൻ അല്ലെന്ന് പറഞ്ഞത് വിവദമായി. ഇതിന് പിന്നാലെയാണ് ആർ എസ് എസിലെ മാറ്റങ്ങൾ. നേരത്തെ നിലവിലെ ആർ എസ് എസിലെ ചില പ്രമുഖരുടെ അഴിമതികളെ കുറിച്ചുള്ള പരാതികൾ സർ സംഘചാലകിന് കിട്ടിയതായും സൂചനകളുണ്ടായിരുന്നു. ഇതും മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന് സൂചനയുണ്ട്.

കുറച്ചു കാലമായി ആർ എസ് എസിന്റെ സെക്രട്ടറി എന്ന നിലയിൽ കേരളത്തിലെ രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായ വ്യക്തിയാണ് ഗോപാൻകുട്ടി മാസ്റ്റർ. കണ്ണൂരിൽ അക്രമം നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യ ചർച്ച ചെയ്തുവെന്ന് ആരോപണം ഉയർന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലെ ചർച്ച പിന്നീട് സ്ഥിരീകരിക്കാൻ ആർ എസ് എസിലെ പ്രമുഖരും തയ്യാറായിരുന്നു. ഇങ്ങനെ ഒരു നേതാവിനെയാണ് മാറ്റുന്നത്. ഗോപാലൻകുട്ടി മാസ്റ്ററുടെ കൂടെ നിന്ന് പ്രവർത്തിച്ച നേതാവാണ് എം രാധാകൃഷ്ണൻ. അദ്ദേഹത്തേയും കേരളത്തിലെ ചുമതയിൽ നിന്നും മാറ്റുന്നു.

ബംഗളൂരുവിൽ നടന്ന ആർ. എസ്. എസ്. അഖിലഭാരതീയ പ്രതിനിധി സഭയിലാണ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രഖ്യാപനം. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേർന്ന ദക്ഷിണക്ഷേത്രീയ സഹകാര്യവാഹകായി നിയോഗിച്ചു. കെ. പി. രാധാകൃഷ്ണൻ (കൊയിലാണ്ടി), ടി. വി. പ്രസാദ്ബാബു (തിരുവനന്തപുരം) എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാർ.നിലവിൽ പ്രാന്തകാര്യവാഹായിരുന്ന പി. ഗോപാലൻകുട്ടി മാസ്റ്റർ പ്രാന്തകാര്യകാരി സദസ്യനായി പ്രവർത്തിക്കും.

ആർ എസ്എസ് പ്രാന്തകാര്യവാഹായി നിയമിതനായ പി. എൻ. ഈശ്വരൻ ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയാണ്, പത്ത് വർഷമായി പ്രാന്തസഹകാര്യവാഹ് ആണ്. വിദ്യാഭ്യാസവകുപ്പിൽനിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂർ ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചു. ബി. എസ്.എന്നിൽ നിന്ന് വിരമിച്ച സതീദേവിയാണ് ഭാര്യ. രാഹുൽ (കാനറാ ബാങ്ക്), രേവതി (ദന്തഡോക്ടർ) എന്നിവർ മക്കളാണ്.

കേരള പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണൻ കൊല്ലം പുത്തൂർ സ്വദേശിയാണ്. താലൂക്ക്, ജില്ല, വിഭാഗ്, പ്രാന്തതലങ്ങളിലായി 20 വർഷം പ്രചാരകനായിരുന്നു. പ്രാന്ത സഹസേവാപ്രമുഖ്, പ്രാന്ത കാര്യകാരി സദസ്യൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ ജന്മഭൂമി മാനേജിങ് ഡയറക്ടറാണ്. എറണാകുളത്ത് താമസിക്കുന്നു. ഭാര്യ അജിത. ഭവാനിയാണ് ഏക മകൾ.

പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേർന്ന ദക്ഷിണക്ഷേത്രീയ സഹകാര്യവാഹകായി നിയോഗിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല കേരളത്തിൽ നിന്നും മാറേണ്ടി വരും എന്നും സൂചനയുണ്ട്. ചെന്നൈയിലേക്ക് രാധാകൃഷ്ണനും പ്രവർത്തന മേഖല മാറ്റേണ്ടി വരും. കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ. പി. രാധാകൃഷ്ണൻ പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്നു. തിരു വണ്ണൂർ കോട്ടൺ മില്ലിൽനിന്ന് സ്വയം വിരമിച്ചശേഷം കേസരി വാരികയിൽ പ്രവർത്തിച്ചിട്ടുണ്ട്. കുരുക്ഷേത്ര പ്രകാശന്റെ ചീഫ് എഡിറ്ററായിരുന്നു. ഭാര്യ രാജി. സുമേധ, നിഞ്ജന എന്നിവർ മക്കളാണ്.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി. വി. പ്രസാദ്ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ആയിരുന്നു. ജന്മഭൂമി കോർപ്പറേറ്റ് സർക്കുലേഷൻ മാനേജരാണ്. 17 വർഷം സംഘപ്രചാരകനായിരുന്നു. കോഴിക്കോട്, എറണാകുളം വിഭാഗുകളുടെ പ്രചാരകനായിരുന്നു. ഭാര്യ മീര, മകൾ നിവേദിത.