കൊച്ചി: വടക്കേയിന്ത്യയിൽ പൊതുവായി ആഘോഷിക്കപ്പെടാറുണ്ടെങ്കിലും കേരളത്തിൽ ആർഎസ്എസ്സിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് രക്ഷാബന്ധൻ. സാധാരണയായി അവരുടെ ശാഖകളിൽ വച്ചാണ് ഇത് നടത്തപ്പെടാറുള്ളത്. കൈയിൽ രാഖി ബന്ധിച്ച് മധുരം കൈമാറുന്ന ചെറിയ ചടങ്ങാണ് പതിവ്.

എന്നാൽ ഇക്കുറി കാര്യങ്ങൾ മാറുകയാണ്. പ്രചാരകനായ കുമ്മനവും മുഴുവൻ സംഘടനാ സംവിധാനവും 2019 തെരഞ്ഞെടുപ്പിനായി സജ്ജമാകുമ്പോൾ താഴേത്തട്ടിലേക്കിറങ്ങാൻ രക്ഷാബന്ധനും ഉപയോഗിക്കുകയാണ് ആർഎസ്എസ്. ഇക്കുറി ചെറുചടങ്ങുകൾക്ക് പകരം വലിയതോതിൽ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുപരിപാടിയായി വേണം രക്ഷാബന്ധൻ നടത്താനെന്ന നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് ആർഎസ്എസ് സംസ്ഥാന നേതൃത്വം നൽകിക്കഴിഞ്ഞു.

സാമൂഹികോത്സവമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സമൂഹത്തിലെ സർവസമ്മതരായ വ്യക്തികളെ പ്രത്യേകം പങ്കെടുപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്. പരിസ്ഥിതി, ബിസിനസ്, മതം, കലാ-സാംസ്‌കാരികം തുടങ്ങി വ്യത്യസ്തമേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖരെയാണ് ലക്ഷ്യമിടുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ അവിടവുമായി ബന്ധപ്പെട്ട ഇത്തരം ആളുകളെയാണ് ആർഎസ്എസ് നോട്ടമിടുന്നത്.

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെ കൂടുതലായി പങ്കെടുപ്പിക്കണമെന്ന പ്രത്യേക നിർദ്ദേശം തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണെന്ന് വ്യക്തം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് മുതിർന്ന നേതാക്കൾ വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ പരിപാടികൾ കൂടുതലായി നടത്തുന്നതിന് സംഘടന പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ആർഎസ്എസ് നേതൃത്വത്തിന് പുറമേ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ള ബിജെപി നേതാക്കളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കഴിഞ്ഞ മാസം കൊച്ചിയിൽ ചേർന്ന പ്രചാരക് ബൈഠക്കിലാണ് പുതിയ പ്രവർത്തന ശൈലി സ്വീകരിക്കാൻ ആർഎസ്എസ് നേതൃത്വം തീരുമാനമെടുത്തത്. ബിജെപിയുടെ സ്വീകാര്യത വർദ്ധിപ്പിക്കാനുതകുന്ന പദ്ധതികൾ ആവിഷ്‌കരിച്ച്് നടപ്പിലാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം പ്രചാരകന്മാരെ ഏൽപ്പിക്കുകയാണ് ആദ്യം ചെയ്തത്. പി്ന്നീട് ബിജെപി ഏറ്റെടുക്കുന്ന ജനകീയ വിഷയങ്ങൾക്ക് ആളും അർത്ഥവും നൽകാൻ നിർദ്ദേശവും നൽകി. ഇതിനെല്ലാം പിന്നാലെയാണ് രാഖി രാഷ്ട്രീയത്തിലൂടെ അടിത്തട്ടിലേക്കിറങ്ങാനുള്ള പുതിയ നീക്കം.

ഇതിലൂടെ ആർഎസ്എസ്സിനെക്കുറിച്ച് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ച ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ പുതിയ നീക്കത്തിലൂടെ മറികടക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ബീഫ് വിഷയത്തിലുൾപ്പെടെ നേരിടേണ്ടി വന്ന എതിർപ്പ് ഇതിലൂടെ മറികടക്കാനാകുമെന്നും സംഘപരിവാർ നേതൃത്വം വിലയിരുത്തുന്നു.