തിരുവനന്തപുരം: കേരളത്തിൽ സി.പി.എം-ബിജെപി രാഷ്ട്രീയ സംഘട്ടനങ്ങളിൽ നിരവധി പ്രവർത്തകരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷാണ് കൊല്ലപ്പെട്ടത്. ഇതോടെ അക്രമം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ടി ഇരു സംഘടനകളുടെയും നേതാക്കൾ പരസ്പ്പരം ചർച്ച ചെയ്യുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി അക്രമങ്ങൾ ഉണ്ടാകില്ലെന്ന ധാരണയിലാണ് സർവകക്ഷി സംഘം പിരിഞ്ഞു പോയത്. എന്നാൽ, നേതൃ തലത്തിൽ വെടിനിർത്തൽ വന്നെങ്കിലും നേതാക്കൾ തമ്മിൽ വാകപോര് തുടരുമ്പോൾ ആശങ്കയിലാകുന്നത് കേരളത്തിലെ സമാധാന പ്രേമികളായ ജനങ്ങളാണ്. ഏറ്റവും ഒടുവിൽ ആർഎസ്എസ് നേതാവിന്റെ ജിഹാദി പരാമർശത്തിന്റെ പേരിലാണ് പ്രമുഖ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടുന്നത്.

മോഹൻ ഭാഗവത് കേരളം ജിഹാദികളെ പിന്തുണക്കുന്നു എന്ന പരാമർശം നടത്തിയപ്പോൾ അതിനെ ശക്തമായ ഭാഷയിലാണ് പിണറായി വിജയൻ മറുപടി നൽകിയത്. ഈ പരാമർശം സംഘപരിവാറിനേറ്റ കനത്ത അടിയായി മാറുകയും ചെയ്തു. ഇതോടെ ആർഎസ്എസ് വീണ്ടും കേരള മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആർഎസ്എസ് നേതാവ് രാകേഷ് സിൻഹ പറഞ്ഞു. കേരളത്തിലെ സർക്കാർ ജിഹാദികളെ പിന്തുണയ്ക്കുകയും വളർത്തുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ രാജ്യസ്‌നേഹികളാണ്. എന്നാൽ, മോഹൻ ഭാഗവതിന്റെ ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും രാകേഷ് സിൻഹ പറഞ്ഞു.

കേരളവും ബംഗാളും ജിഹാദി ശക്തികൾക്ക് പിന്തുണ നൽകുന്ന രാജ്യമാണെന്ന് ആയിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്. എന്നാൽ, കേരളം ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ആയിരുന്നു ഇതിനോടുള്ള പിണറായി വിജയന്റെ പ്രതികരണം. നേരത്തെ പിണറായി വിജയന് എതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ പരാമർശങ്ങൾ അസംബന്ധങ്ങളാണെന്ന് പറഞ്ഞ ജാവദേക്കർ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് എതിരായ പ്രതിഷേധമാണ് ബിജെപി നടത്തുന്നതെന്നും വ്യക്തമാക്കി.

ആർ എസ് എസുകാർക്ക് എതിരെ സി പി എം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ്. പിണറായി വിജയൻ ഭരണത്തിലേറിയതിന് ശേഷം 14 കൊലപാതകങ്ങളാണ് കേരളത്തിൽ അരങ്ങേറിയത്.124 ബിജെപി പ്രവർത്തകരെയാണ് സി പി എം ഇതുവരെ കൊന്നത്. സി പി എം എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്‌സിസ്റ്റ് അല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ അക്രമങ്ങൾക്കെതിരെ പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന ബിജെപിയുടെ ജൻരക്ഷായാത്ര ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിലെ പര്യടനങ്ങളിൽ മൂന്നുദിവസം അമിത് ഷാ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും മാവോയിസ്റ്റ് പാർട്ടിയും ഒന്നാണെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പ്രസ്താവന അജ്ഞത മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണൻ പറഞ്ഞു. അമിത് ഷാ കേരളത്തിലെ എല്ലാ റോഡുകളിൽ കൂടി സഞ്ചരിക്കണം. എന്നാലെ കേരളമെന്തെന്ന് അമിത് ഷായ്ക്ക് അറിയാൻ കഴിയൂ. 1970ന് ശേഷം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവർ സിപിഎമ്മാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ ഒരു വർഗീയ ശക്തികളുടെയും ഇടപെടൽ അനുവദിക്കില്ല. മുസ്ലിം തീവ്രവാദികളെയും ആർഎസ്എസിനെയും ഒരേ പോലെ എതിർക്കുമെന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു.

അതിനിടെ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെതിരെ ആർഎസ്എസ് അജണ്ട വിലപ്പോകാത്തതിലെ നിരാശ മൂലമാണ് അവർ കേരളത്തെ ജിഹാദി കേന്ദ്രമായി വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നടപടിയെടുക്കാതെ പ്രസ്താവന മാത്രം ഇറക്കി ആർഎസ്എസിനെ നേരിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. നിയമം ലംഘിച്ച് പതാക ഉയർത്തിയ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെതിരെ നടപടിയെടുക്കാൻ പോലും പിണറായി സർക്കാരിനു കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ സംഘപരിവാറിനോടു കാണിക്കുന്ന മൃദുസമീപനമാണ് അവർക്ക് കൂടുതൽ ധൈര്യം പകരുന്നത്.

ആളുകളെ തമ്മിലടിപ്പിക്കാൻ വേണ്ടി വ്യാജ വിഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ കെ.പി. ശശികല എന്നിവർക്കെതിരെ എഫ്‌ഐആർ ഇട്ടതിനുശേഷം ചെറുവിരൽ പോലും സർക്കാർ അനക്കിയിട്ടില്ല. പറവൂരിൽ ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം പ്രവർത്തകരെ തല്ലിച്ചതച്ച സംഘപരിവാർ പ്രവർത്തകർക്കു പൊലീസ് സ്റ്റേഷനിൽ കസേരയിട്ട് നൽകുകയും തല്ലുകൊണ്ടവർക്കെതിരെ കേസ് എടുത്ത് ജയിലിൽ അടക്കുകയും ചെയ്തതിന്റെ ദോഷഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

പണം വാരിയെറിഞ്ഞും ചോരപ്പുഴ ഒഴുക്കിയും അസത്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചുമാണ് എല്ലാ വർഗീയവാദികളും എല്ലാകാലത്തും നേട്ടങ്ങൾ ഉണ്ടാക്കാറുള്ളത്. ഇവരുടെ അജണ്ടകൾ മനസിലാക്കാൻ ബുദ്ധിയുള്ള ജനങ്ങൾ ഇത്തരം ശക്തികളിൽനിന്നും അകന്നു നിൽക്കുക സ്വാഭാവികം. സംഘപരിവാറിൽനിന്നും ഇത്തരം ഒരു അകന്നു നിൽക്കലാണ് കേരളം പതിറ്റാണ്ടുകളായി സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തത് മുതൽ ബാബ്‌റി മസ്ജിദ് തല്ലിതകർത്തത് ഉൾപ്പെടെയുള്ള പാപത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമക്കുന്ന സംഘപരിവാറിനു കേരളമനസിൽ ഒരു ഇടം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതരമനസിനു പോറലേൽപ്പിക്കാൻ ആർഎസ്എസിനു കഴിയുന്നില്ല. ഈ നിരാശയിൽ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

മോഹൻ ഭഗവത് പതാക ഉയർത്തിയപ്പോൾ സംസ്ഥാന സർക്കാർ കണ്ണടക്കുകയും കലക്ടറെ സ്ഥലംമാറ്റുകയും ചെയ്തതോടെയാണു സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലേക്ക് ആർഎസ്എസ് മാറിയത്. സംഘപരിവാറിനെതിരെ പ്രസ്താവനകളും ഫെയസ്ബുക് പോസ്റ്റുകളും മുഖ്യമന്ത്രി കുറെ നടത്തുന്നുണ്ട്. ഇനി ഇതൊക്കെ മതിയാക്കി നടപടി ആരംഭിക്കാൻ തയാറാകണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടപടി ആരംഭിച്ചാൽ കൊള്ളരുതായ്മകൾ താനേ അവസാനിക്കും. ആർഎസ്എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളം ഒറ്റക്കെട്ടായി നിൽക്കും. ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി മതിയാക്കി പ്രവർത്തിക്കണമെന്ന് ചെന്നിത്തല ഓർമിപ്പിച്ചു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന കേരള രക്ഷായാത്രയിൽ ജിഹാദി, ഹാദിയ വിഷയങ്ങൾ സജീവമായി ഉന്നയിക്കാനാണ് ബിജെപി തീരുമാനും. ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയും ഇതിന് ബിജെപി ആയുധമാക്കും. കുമ്മനത്തിന്റെ യാത്രയിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും അണിചേരുന്നുണ്ട്. നാളെ പയ്യന്നൂരിൽ നിന്ന് പിലാത്തറ വരെ അമിത് ഷാ പങ്കെടുക്കും. തുടർന്ന് സമാപന പൊതുയോഗത്തിൽ അമിത് ഷാ പ്രസംഗിക്കും. നാലിന് കീച്ചേരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് കണ്ണൂർ നഗരത്തിൽ സമാപിക്കും.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി ഏറെക്കാലമായി ശ്രമിച്ചുവരികയാണ്. ഇപ്പോൾ കിട്ടിയ അവസരവും രാഷ്ട്രീയ കൊലപാതകങ്ങൾ ദേശീയ തലത്തിൽ ഉന്നയിക്കാൻ ഉപയോഗിക്കാനാണ് അമിത് ഷായുടെ തീരുമാനം. അതേസമയം അമിത്ഷായുടെ സന്ദർശനം നിലവിൽ കണ്ണൂരിലെ സമാധാന പരമായ അന്തരീക്ഷത്തെ താറുമാറാക്കുമോ എന്ന ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. അമിത് ഷായുടെ കണ്ണൂർ സന്ദർശനത്തോട് അനുബന്ധിച്ചു പൊലീസും കനത്ത ജാഗ്രത പുലർത്തുകയാണ്.