ന്യൂഡൽഹി: സംവരണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളിപ്പറഞ്ഞ് ആർഎസ്എസ് നേതൃത്വം രംഗത്തെത്തെത്തി. രാജ്യത്തെ നിലവിലുള്ള പിന്നോക്ക സംവരണ രീതി പുനപ്പരിശോധിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. കേന്ദ്രസർക്കാർ സംവരണത്തിന് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഉത്തർപ്രദേശിലെ ഖോരക്പൂരിൽ ആർഎസ്എസ് പ്രവർത്തകരുടെ പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്താണ് മോഹൻ ഭാഗവത് ഇപ്പോൾ നിലപാട് സംഘടനയുടെ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്. ആർഎസ്എസ് സംവരണത്തിന് എതിരല്ലെന്നും എന്നാൽ, യഥാർത്ഥത്തിൽ അഹർഹരായവർക്കല്ല സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. അതുകൊണ്ടുതന്നെ സംവരണകാര്യം പുനഃപരിശോധിക്കണം. ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ജാതി വോട്ടുകൾ നിർണായകമായ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മോഹൻ ഭാഗവതിന്റെ പരാമർശം ബിജെപിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണവുമായി രംഗത്തുവന്നത്. ബിഹാറിൽ രാംവിലാസ് പാസ്വാന്റെയും ജിതിൻ റാം മാഞ്ചിയുടെയും നേതൃത്വത്തിലുള്ള പാർട്ടികളെ ഒപ്പം കൂട്ടി പിന്നാക്ക വിഭാഗത്തിന്റെ കൂടി പന്തുണ നേടിയെടുക്കാനുള്ള ശ്രമാണ് മോദിയും ബിജെപിയും നടത്തുന്നത്.

ദേശീയ തലത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ പരീക്ഷിച്ചുവന്ന 'ഒബിസി തന്ത്രം' ബിഹാറിൽ കൂടുതൽ ഫലപ്രദമാകും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മോഹൻ ഭാഗവത്തിന്റെ പ്രസ്താവനയും നേരന്ദ്രമോദിയുടെ വിശദീകണവും ബിജെപിയിലും ദേശീയ രാഷ്ട്രീയത്തിലും വലിയ സംവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നതിനിടയിലാണ് നിലപാട് ആവർത്തിച്ച് ഭാഗവത് രംഗത്തെത്തിയത്.

ദാദ്രി സംഭവത്തിൽ മൗനം വെടിഞ്ഞ പ്രധാനമന്ത്രിക്കെതിരെ ഇന്നും വിമതശബ്ദങ്ങൾ ഉയർന്നു. ദാദ്രി സംഭവത്തെ അപലപിച്ച മോദിയെ വിമർശിച്ചുകൊണ്ടാണ് ശിവസേന രംഗത്തെത്തിയത്. പശുവിറച്ചിയുടെ പേരിൽ മധ്യവയസ്‌കനെ അടിച്ചുകൊന്ന സംഭവം ദൗർഭാഗ്യകരമെന്ന പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ 2002ലെ ഗുജറാത്ത് കലാപം പരാമർശിച്ചാണ് ശിവസേനാ വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്.

'ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് അത്തരമൊരു പ്രസ്താവനയാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കിൽ അത് ദൗർഭാഗ്യകരമായിപ്പോയി. നരേന്ദ്ര മോദിയെ ലോകം അറിയുന്നത് ഗോധ്ര സംഭവത്തിലൂടെയാണ്. അതേകാരണം ആണ് ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കാനും കാരണം. അതേ നരേന്ദ്ര മോദി ഗുലാം അലിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് പറഞ്ഞാൽ അതും ദൗർഭാഗ്യകരമാണ്. എനിക്ക് തോന്നുന്നത് ആ അഭിപ്രായം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടേതാകും, നരേന്ദ്ര മോദിയുടേതാകില്ല'സഞ്ജയ് റാവുത്ത് പറഞ്ഞു.

അതിനിടെ കോൺഗ്രസും വിഷയത്തിൽ മോദിക്കെതിരെ രംഗത്തെത്തി. ദാദ്രി സംഭവത്തിലും മുംബൈയിൽ ഗുലാം അലിയെ പാടാൻ ശിവസേന അനുവദിക്കാത്തതിലും കേന്ദ്രസർക്കാരിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നത് ഉചിതമായ കാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇത്തരം സംഭവങ്ങളെ നിസാരവൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സച്ചിൻ കുറ്റപ്പെടുത്തി.

ബിജെപി സർക്കാർ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും അവരുടെ സഖ്യകക്ഷികളിൽ നിന്നു തന്നെയാണ്. അസഹിഷ്ണുത സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ലോകം ഇതു കാണുന്നുണ്ട്. ഇതാണ് തികച്ചും ദൗർഭാഗ്യകരം. ദിനംപ്രതി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. രാജ്യത്തിന്റെ പൈതൃക മൂല്യങ്ങളെ നശിപ്പിക്കുന്ന വിഭാഗീയ ശക്തികളെ കൂടുതൽ ശക്തരാക്കുവാൻ അനുവദിക്കരുതെന്നും സച്ചിൻ പറഞ്ഞു.